കേരളത്തില്‍ നിന്നും ഇംഗ്ളണ്ടിലേക്ക് ജോലി തേടി എത്തുമ്പോള്‍ എല്ലാ പ്രവാസികളെയും പോലെ ഡെന്നി രാജു എന്ന നഴ്സിന്‍റെയും ജീവിതത്തിലെ പ്രധാന ലക്‌ഷ്യം സാമ്പത്തികമായ അഭിവൃദ്ധി തന്നെയായിരുന്നു. എന്നാല്‍ ഇന്ന്‍ ഡെന്നിയുടെ ജീവിതത്തിന്‍റെ ലക്‌ഷ്യം തന്നെ മാറിയിരിക്കുന്നു. UK-യില്‍ എത്തി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഡെന്നിക്ക് ഇംഗ്ലണ്ടിലെ പ്രശസ്തമായ Central Manchester NHS Hospital-ല്‍ ജോലി ലഭിച്ചു. ഗവണ്‍മെന്‍റ് അധീനതയിലുള്ള ഈ Hospital-ലെ ഗൈനക്കോളജി വാര്‍ഡില്‍ Staff Nurse ആയിട്ടാണ് ഡെന്നിക്ക് ജോലി ലഭിച്ചത്.
ഡെന്നി ജോലിയില്‍ പ്രവേശിച്ചു; മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. ഈ സമയത്താണ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റെില്‍ നിന്നും ഒരു പുതിയ അറിയിപ്പ് ഉണ്ടാകുന്നത്. ഡെന്നി ജോലി ചെയ്യുന്ന വാര്‍ഡില്‍ ഉടന്‍തന്നെ അബോര്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെ് ആരംഭിക്കാന്‍ പോകുന്നു. ഈ വാര്‍ത്ത അല്പം ഞെട്ടലോടെയാണ് ഡെന്നിയുടെ കാതില്‍ പതിഞ്ഞത്. കാരണം അബോര്‍ഷന്‍ ഡിപ്പാര്‍ട്ട്മെന്‍റെ് ആരംഭിച്ചാല്‍ ധാരാളം ഗര്‍ഭസ്ഥശിശുക്കളെ കൊല്ലുന്ന പ്രവര്‍ത്തിക്ക് കൂട്ടു നില്‍ക്കേണ്ടിവരും. Pregnancy Termination-നു വേണ്ടി അഡ്മിറ്റ് ചെയ്യുന്ന patient -നു ആവശ്യമായ കാര്യങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് ഓരോ നേഴ്സിന്‍റെയും കടമയാണ്. അത് duty യുടെ ഭാഗമാണ്. അബോര്‍ഷന്‍ ചെയ്യുന്നതോ അതിനു കൂട്ടു നില്‍ക്കുന്നതോ മാരകമായ പാപമാണെന്നും അത് ദൈവകല്‍പനയ്ക്ക് എതിരാണെന്നും ഡെന്നിക്ക് നല്ല ബോദ്ധ്യമുണ്ടായിരുന്നു.
ഇന്ത്യയിലെ ഒരു കത്തോലിക്കാ Nursing College-ല്‍ പഠിച്ചതുകൊണ്ട് അബോര്‍ഷനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാടുകള്‍ ഡെന്നിക്ക് നന്നായി അറിയാമായിരുന്നു. ഹോസ്പിറ്റല്‍ മാനേജ്മെന്‍റെിന്‍റെ പുതിയ തീരുമാനം ഡെന്നിയേയും ഭര്‍ത്താവ് രാജുവിനെയും ദുഃഖത്തിലാഴ്ത്തി. എങ്കിലും അവര്‍ തളര്‍ന്നില്ല. അവര്‍ രണ്ടുപേരും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിച്ചു. തന്‍റെ വാര്‍ഡിലെ അബോര്‍ഷന് support ചെയ്യുന്ന യാതൊരുവിധ പ്രവര്‍ത്തനത്തിലും സഹകരിക്കുകയില്ലെന്നും, അതിന് അധികാരികള്‍ അനുവദിക്കാതെ വന്നാല്‍ ജോലി ഉപേക്ഷിക്കാനും അവര്‍ തീരുമാനമെടുത്തു.
ദൈവം ദാനമായി നല്‍കിയ ജോലിയെ ദൈവകരങ്ങളില്‍ സമര്‍പ്പിച്ചുകൊണ്ട് ഡെന്നി വാര്‍ഡ് മാനേജരോട് ഈ കാര്യം തുറന്നു പറഞ്ഞു. താന്‍ ഒരു കത്തോലിക്കാ വിശ്വാസിയാണെന്നും അബോര്‍ഷന്‍ ദൈവത്തിന്‍റെ കല്‍പനയ്ക്ക് എതിരാണെന്നും അതുകൊണ്ട് അബോര്‍ഷനു വേണ്ടി കടന്നു വരുന്ന patients-ന്‍റെ care plan-ല്‍ നിന്നും തന്നെ ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിച്ചു. വാര്‍ഡ് മാനേജര്‍ അവിടുത്തെ Head Nurse മായി കൂടിയാലോചിച്ച ശേഷം ഡെന്നിയോട് ഒരു statement എഴുതികൊടുക്കാന്‍ ആവശ്യപ്പെട്ടു. Conscientious objection മൂലം Abortion case-ല്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെന്നി കൊടുത്ത statement അവര്‍ സ്വീകരിക്കുകയും ഡെന്നിയെ അബോര്‍ഷന്‍ കേസുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
അബോര്‍ഷന്‍ സംബന്ധമായ ശുശ്രൂഷകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടുവെങ്കിലും തന്‍റെ സ്വന്തം വാര്‍ഡില്‍ നടക്കുന്ന ഈ വലിയ ക്രൂരത- നിഷ്ക്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല ചെയ്യുന്ന മാരകപാപം ഡെന്നിയുടെ മനസ്സില്‍ ഒരു വലിയ വേദനയായിത്തന്നെ അവശേഷിച്ചു. ഡെന്നിയും ഭര്‍ത്താവ് രാജുവും കുടുംബ പ്രാര്‍ത്ഥനയില്‍ ഈ മേഖല സമര്‍പ്പിച്ച് നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഡെന്നി ദൈവത്തോട് ആലോചന ചോദിച്ചു: “ഈശോയെ ഞാന്‍ എന്ത് ചെയ്യണം?” ദൈവം ഉത്തരം നല്‍കി – “അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക. അങ്ങനെ ഡെന്നി ക്രൈസ്തവന്‍റെ ഏറ്റവും വലിയ ആയുധമായ ജപമാല കൈയ്യിലെടുത്തു പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.
സാധാരണയായി അബോര്‍ഷനു വേണ്ടി ആദ്യത്തെ dose ക്ലിനിക്കില്‍ നിന്നും എടുത്തിട്ട് മൂന്നാമത്തെ ദിവസമാണ് രണ്ടാമത്തെ ഡോസിനു വേണ്ടി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുന്നത്. അതുകൊണ്ട് അഡ്മിറ്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പുതന്നെ അവരുടെ പേരുവിവരം ഇവരുടെ വാര്‍ഡില്‍ ലഭിക്കും. ഇങ്ങനെ അബോര്‍ഷനു തീരുമാനമെടുക്കുന്ന സ്ത്രീകളുടെ പേരുവിവരങ്ങള്‍ ദൈവത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ച് കര്‍ത്താവിന്‍റെ വലിയ കരുണ അവരുടെമേലും ഗര്‍ഭസ്ഥ ശിശുക്കളുടെമേലും ഉണ്ടാകുന്നതിനു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. ഓരോ ദിവസത്തെയും വിശുദ്ധ കുർബ്ബാനകള്‍ ഈ പിഞ്ചു പൈതങ്ങള്‍ക്കു വേണ്ടി കാഴ്ചവച്ചു.
അക്കാലത്ത് Manchester-ല്‍ സജ്ജീവമായിരുന്ന St. Mary’s Prayer Group-ല്‍ മധ്യസ്ഥ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് ഈ മേഖലയില്‍ ദൈവത്തിന്‍റെ പ്രത്യേക ഇടപെടല്‍ ഉണ്ടാകുവാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി. കൂടാതെ ഇംഗ്ലണ്ടില്‍ ക്രൈസ്തവ വിശ്വാസത്തിന്‍റെ ഒരു പുത്തന്‍ കൊടുങ്കാറ്റിനു തുടക്കമിട്ട സെഹിയോന്‍ UK ശുശ്രൂഷകളില്‍ മുടങ്ങാതെ പങ്കെടുത്ത് ഈ ഇളം പൈതങ്ങളുടെ ജീവനു വേണ്ടി ദൈവത്തോട് കേണപേക്ഷിച്ചു.
മനുഷ്യന്‍റെ നിലവിളിക്ക് ഉത്തരം നല്‍കുന്ന ദൈവം ഇവിടെയും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത്ഭുതമെന്നു പറയട്ടെ. Hospital-ല്‍ Abortion ന് വേണ്ടി Book ചെയ്ത പല Appointment കളും cancel ചെയ്യുവാന്‍ തുടങ്ങി. ഇതിനര്‍ത്ഥം അബോര്‍ഷന്‍ ചെയ്യാന്‍ തീരുമാനമെടുത്തവര്‍ ആ തീരുമാനം ഉപേക്ഷിച്ചു എന്നു തന്നെയാണ്. അങ്ങനെ ഓരോ appointment കളും cancel ആകുമ്പോള്‍ ഡെന്നിയുടെ Ward Managerഉം മറ്റു നേഴ്സുമാരും പറയും: “ദൈവം പ്രാര്‍ത്ഥന കേട്ടിരിക്കുന്നു”. ഇങ്ങനെ പറയുന്നവരില്‍ പലരും ദൈവ വിശ്വാസികളായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍ അവരും ഈ അത്ഭുതം കണ്ട് ഇപ്പോള്‍ ‘മനുഷ്യന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്ന ഒരു ദൈവമുണ്ട്’ എന്ന് വിശ്വസിക്കുന്നു. അവരും ഇന്ന് ആകാശത്തിനു കീഴെ മനുഷ്യരുടെയിടയിൽ നമുക്കു രക്ഷക്കുവേണ്ടി നല്കപ്പെട്ടിരിക്കുന്ന യേശു എന്ന ഏക നാമത്തിൽ വിശ്വസിക്കുന്നു.
അങ്ങനെ മരിച്ചു മണ്ണടിയേണ്ട അനേകം കുരുന്നുകള്‍ ഇന്ന് ഈ ഭൂമിയില്‍ ജീവിക്കുന്നു. സ്വന്തം മക്കളെ കൊല ചെയ്ത് അതിന്‍റെ പാപഭാരവും പേറി ജീവിക്കേണ്ടിയിരുന്ന ധാരാളം അമ്മമാര്‍ ഇന്ന് ഈ ഭൂമിയില്‍ പാപഭാരമില്ലാതെ ദൈവത്തിന്‍റെയും മനസാക്ഷിയുടെയും ശിക്ഷാവിധിയില്‍ നിന്നും മുക്തരായി ജീവിക്കുന്നു. അതെ പ്രിയപ്പെട്ടവരേ നമ്മെപ്പോലെ ജീവിതമാര്‍ഗ്ഗം തേടി മറുനാട്ടിലെത്തിയ ഒരു നേഴ്സും അവരുടെ ജീവിത പങ്കാളിയും പ്രാര്‍ത്ഥനയിലൂടെ അനേകം കുഞ്ഞുങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജന്മം നല്‍കുന്നു.
ഇന്ന്‍ കേരളത്തില്‍ നിന്നും ജോലി തേടി ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്; അവരില്‍ത്തന്നെ ഭൂരിഭാഗവും നഴ്സുമാര്‍ ആണ്. എന്തുകൊണ്ട്? ക്രിസ്ത്യാനികളായ ഓരോ നഴ്സുമാരെയും കുറിച്ച് ദൈവത്തിന് വളരെ വ്യക്തമായ ഒരു പദ്ധതിയുണ്ട്. ദൈവരാജ്യത്തിനു വേണ്ടിയുള്ള ഒരു പദ്ധതി. നമ്മുടെ സാമ്പത്തികമായ അഭിവൃദ്ധി ദൈവം ആഗ്രഹിക്കുന്നതു തന്നെയാണ്. എന്നാല്‍ അതിനെല്ലാമപ്പുറം ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന ഒരു വലിയ ദൗത്യം ഓരോ പ്രവാസികളായ നേഴ്സുമാരിലുമുണ്ട്. അതുകൊണ്ടാണ് മറ്റു തൊഴില്‍ മേഖലകളെ മാറ്റി നിറുത്തി മറ്റു മതവിശ്വാസികളെ മാറ്റി നിറുത്തി ക്രൈസ്തവരായ നേഴ്സുമാരെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലേക്ക് ദൈവം എത്തിച്ചിരിക്കുന്നത്. നമുക്ക് പാരമ്പര്യമായി ലഭിച്ച വിശ്വാസം എന്ന മഹത്തായ ദാനം പണത്തോടും ആഡംബര ജീവിതത്തോടുമുള്ള അമിതമായ ആകര്‍ഷണം മൂലം നഷ്ടപ്പെടുത്താതിരിക്കാം. ലോകത്തിന്‍റെ പ്രകാശമായ ക്രിസ്തുവിനെ നാം ജോലി ചെയ്യുന്ന നഴ്സിംഗ് മേഖലകളിലൂടെ ഓരോ വ്യക്തികളിലേക്കും എത്തിക്കാം.
രോഗികളോടുള്ള പരിചരണത്തിലൂടെ, ക്ഷമയോടെയുള്ള പെരുമാറ്റത്തിലൂടെ, അഗതികളോടും പാവപ്പെട്ടവരോടുമുള്ള സഹാനുഭൂതിയിലൂടെ, ഡെന്നി എന്ന സഹോദരി ചെയ്തതു പോലെ മറ്റാരും പ്രാര്‍ത്ഥിക്കുവാനില്ലാത്തവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് നമുക്കും യഥാര്‍ത്ഥ ക്രിസ്തു ശിഷ്യരായി മാറാം. “മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട്, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ” (മത്തായി 5:16).