ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സംഘടനയായ ഇന്‍ഡോ- അമേരിക്കന്‍ പ്രസ്‌ക്ലബ്ന്റെ (ഐഎപിസി) ഡയറക്ടര്‍ ബോര്‍ഡ് വിപുലീകരിച്ചു. ചെയര്‍മാനും വൈസ് ചെയര്‍പേഴ്‌സണും ഉള്‍പ്പടെ 16 ഡയറക്ടര്‍മാരാണ് ഐഎപിസിക്കുള്ളത്.
ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂന്നു വര്‍ഷം മുമ്പ് രൂപീകരിച്ച ഐഎപിസിയിപ്പോള്‍ ശക്തമായ വളര്‍ച്ചയുടെ പാതയിലാണ്. രൂപീകൃതമായി ചുരുങ്ങിയ കാലം കൊണ്ടുതന്നെ അമേരിക്കയിലും കാനഡയിലുമായി നിരവധി ഐഎപിസി ചാപ്റ്ററുകളാണ് പ്രവർത്തിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭ മാധ്യമപ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും നടത്തുന്ന ഇന്റര്‍നാഷ്ണല്‍ മീഡിയ കോണ്‍ഫ്രന്‍സിനുള്ള ഒരുക്കത്തിലാണിപ്പോള്‍ ഐഎപിസി. ഇത്തവണത്തെ കോണ്‍ഫ്രന്‍സ് കാനഡയിലെ ടൊറന്റോയില്‍ ഒക്ടോബറില്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാധ്യമ സംരംഭകനുമായ ജിന്‍സ്‌മോന്‍ പി. സക്കറിയയാണ് ഐഎപിസിയുടെ ചെയര്‍മാന്‍. ജയ്ഹിന്ദ് ടിവിയുടെ അമേരിക്കയിലെ ഡയറക്ടറായ ജിന്‍സ്‌മോന്‍ പി. സക്കറിയ ദൃശ്യമാധ്യമരംഗത്ത് പുതുമകള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. ജയ്ഹിന്ദ് ടിവിക്കുവേണ്ടി ജിന്‍സ്‌മോന്‍ അമേരിക്കയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും ആദ്യമായി റിയാലിറ്റി ഷോ നടത്തിയത് ചരിത്രസംഭവമായി. നൂറുകണക്കിന് മലയാളികള്‍ പങ്കെടുത്ത റിയാലിറ്റി ഷോ ഇരുന്നൂറ്റിയമ്പതോളം എപ്പിസോഡു കളിലാണ് സംപ്രേക്ഷണം ചെയ്തത്. നിരവധി ഗായകര്‍ക്ക് ഈ പരിപാടിയിലൂടെ തങ്ങളുടെ കഴിവുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജയ്ഹിന്ദ് ടിവിക്കു വേണ്ടി വിശദമായി റിപ്പോര്‍ട്ട് ചെയ്യുകയും പ്രത്യേക പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു. യുഎസ് ഡയറി എന്ന പ്രതിവാര പരിപാടിയിലൂടെ അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ അധികാരികള്‍ക്കു മുന്നില്‍ എത്തിച്ചു. ദൃശ്യ മാധ്യമ രംഗത്തിനൊപ്പം അച്ചടി മാധ്യമരംഗത്തും വ്യത്യസ്തത നിറഞ്ഞ സമീപനം സ്വീകരിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാര്‍ത്തയുടെ ചെയര്‍മാനാണ്. അമേരിക്കയിലെ പ്രമുഖ മലയാളം മാഗസിനായ അക്ഷരം മാസികയുടെ ചീഫ് എഡിറ്ററായ അദ്ദേഹം ഇംഗ്ലീഷ് മാസികയായ ഏഷ്യന്‍ ഇറയുടെ പ്രസിഡന്റും സിഇഒയുമാണ് . അമേരിക്കയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ ദി സൗത്ത് ഏഷ്യന്‍ ടൈംസ്‌ന്റെ മാനേജ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ജിന്‍സ്‌മോന്‍ പതിനാലുവര്‍ഷം മുമ്പ് ദീപിക ദിനപത്രത്തിന്റെ യൂറോപ്പ് എഡിഷന്റെ ചാര്‍ജ് ഏറ്റെടുത്തുകൊണ്ടാണ് പത്രപ്രവര്‍ത്തന രംഗത്ത് തുടക്കം കുറിക്കുന്നത്. പ്രവാസ പത്രപ്രവര്‍ത്തന രംഗത്ത് നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളയാളാണ് ജിന്‍സ്‌മോന്‍ സക്കറിയ. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിനിടെയാണ് പ്രവാസലോകത്തെത്തുന്നത്. ഇതിനിടെ ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. അമേരിക്കയിലും യൂറോപ്പിലുമായി നിരവധി സംഘടനകളില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിട്ടുള്ള ജിന്‍സ്‌മോന്‍ സക്കറിയ യൂറോപ്പിലെ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. ഇന്‍ഡോ അമേരിക്കന്‍ ലോയേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി, ഇന്‍ഡോ അമേരിക്കന്‍ മലയാളി ചെംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി, കാത്തലിക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് തുടങ്ങി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റായ വിനീത നായരാണ് ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വിനീത പഠനകാലത്തുതന്നെ മാധ്യമരംഗത്തു സജീവസാന്നിധ്യമായിരുന്നു. ദൂരദര്‍ശന്‍, ഏഷ്യനെറ്റ്, സൂര്യ ടിവി, ഓള്‍ ഇന്‍ഡ്യ റേഡിയോ തുടങ്ങി വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ നിരവധി ശ്രദ്ധേയമായ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള വിനീത രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളിലെ പ്രമുഖരുമായി അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്. 1999 ല്‍ കായംകുളം തെര്‍മല്‍ പവര്‍ പ്ലാന്റ് മുൻ ഇന്ത്യന്‍ പ്രധാനമന്ത്രി എ.ബി. വാജ്‌പെയ് ഉദ്ഘാടനം ചെയ്ത ചടങ്ങിന്റെ ഔദ്യോഗിക ഹോസ്റ്റായിരുന്നു അന്ന് വിദ്യാർഥിനിയായിരുന്ന വിനീത. വിവിധ മാധ്യമ മേഖലകളില്‍ എഴുത്തുകാരി, എഡിറ്റര്‍, കോപ്പിറൈറ്റര്‍, അവതാരക, റിപ്പോര്‍ട്ടര്‍, ഇന്റര്‍വ്യൂവര്‍, ടോക് ഷോ ഹോസ്റ്റ്, പ്രോഡ്യൂസര്‍, പബ്ലിക്ക് റിലേഷന്‍സ് ഓഫീസര്‍ എന്നീ നിലകളിലും ‘വിനി’ എന്നറിയപ്പെടുന്ന വിനീത നായര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂജേഴ്‌സി കേന്ദ്രമാക്കിയുള്ള മലയാളം ഐപിടിവി നെറ്റ്‌വര്‍ക്കിൽ സംപ്രേക്ഷണം ചെയ്തിരുന്ന ‘മലയാളം ടെലിവിഷന്‍ ന്യൂസ് വിത്ത് വിനീത നായര്‍’ എന്ന പരിപാടി വൻ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അച്ചടി, ദൃശ്യമാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ പബ്ലിക്ക് സ്പീക്കിംഗ് സ്‌കില്‍ വര്‍ധിപ്പിക്കുന്നതിനുള്ള കോച്ചിംഗും വിനി നായർ നല്‍കിവരുന്നു.
എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പോള്‍ ഡി പനയ്ക്കലാണ് ഡയറക്ടര്‍ ബോര്‍ഡ് സെക്രട്ടറി. മലയാള മനോരമ സണ്‍ഡേ സപ്ലിമെന്റ്, വനിത, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ദീപിക, കേരള ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധീകരിച്ച ‘എന്റെ ലോകം’ എന്ന പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. ‘മലയാളം യൂറോപ്പില്‍’ എന്ന പേരില്‍ ഇദ്ദേഹം രചിച്ച പുസ്തകം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചു. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു വേണ്ടി സാമൂഹ്യ പ്രസക്തിയുള്ള ലേഖനങ്ങളും വാര്‍ത്തകളും ഇദ്ദേഹം എഴുതുന്നുണ്ട്.
മറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങൾ:
സുനില്‍ ജോസഫ് കൂഴമ്പാല – മലയാളത്തിലെ ആദ്യ ദിനപത്രമായ ദീപിക പ്രസിദ്ധീകരിക്കുന്ന രാഷ്ട്രദീപിക കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാരുന്നു. ദീപിക പത്രം പ്രതിസന്ധി കാലഘട്ടത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് അദ്ദേഹം കമ്പനിയുടെ എംഡിയായി ചുമതലയേല്‍ക്കുന്നത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവുകൊണ്ട് കമ്പനിയുടെ പ്രതിസന്ധികളെല്ലാം ചുരുങ്ങിയകാലം കൊണ്ടുതന്നെ മറികടക്കാന്‍ സാധിച്ചു. കുട്ടികള്‍ക്കു വേണ്ടി പ്രസിദ്ധീകരിച്ചിരുന്ന’ ‘ചില്‍ഡ്രന്‍സ് വേള്‍ഡ്’ മാസികയുടെ പബ്ലീഷറായിരുന്നു. അമേരിക്കയില്‍ അറിയപ്പെടുന്ന ബിസിനസുകാരനായ ഇദ്ദേഹം മാധ്യമസംരംഭങ്ങളുടെ മാര്‍ഗദര്‍ശി കൂടിയാണ്.
ഷൊമിക്ക് ചൗധരി – ഇന്ത്യന്‍ അമേരിക്കന്‍ മാധ്യമരംഗവുമായി രണ്ടു പതിറ്റാണ്ടോളം അടുത്തു പരിചയമുള്ള ഷൊമിക്ക് ചൗധരി. ആറു വര്‍ഷത്തോളം പാരിഖ് വേള്‍ഡ് വൈഡ് മീഡിയയുടെ സിഒഒ ആയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ആഡ്‌ഫോഴ്‌സ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റാണ്. ബിരുദാനന്തര ബിരുദം ഇന്ത്യയില്‍ നിന്നും മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ് ഹാര്‍വാര്‍ഡില്‍ നിന്നും എക്‌സിക്യൂട്ടീവ് ലീഡര്‍ഷിപ്പ് കോര്‍നല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് നേടിയിട്ടുള്ളത്. ഇന്റര്‍നാഷ്ണല്‍ എന്‍ജിഒയുടെ യുഎന്‍ പ്രതിനിധിയും യുഎന്നിന്റെ റിസോഴ്‌സ് പേഴ്‌സണുമാണ്.
ജോസ് തയ്യില്‍ – അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണങ്ങളില്‍ ഇന്നു നിലവിലുള്ള ഏക പ്രസിദ്ധീകരണമായ കൈരളി പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ജോസ് തയ്യില്‍. 1977 ലാണ് അദ്ദേഹം നോര്‍ത്ത് അമേരിക്കയില്‍ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 1981 ലാണ് ജോസ് തയ്യില്‍ മുഖ്യപത്രാധിപരും പ്രസാധകനുമായി കൈരളി പത്രം ആരംഭിക്കുന്നത്. പ്രവാസ ലോകത്ത് 39 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള മുതിര്‍ന്ന ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് ജോസ് തയ്യില്‍.
ഫാ. ജോണ്‍സന്‍ പുഞ്ചകോണം- നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായ ഫാ. ജോണ്‍സന്‍ പുഞ്ചകോണം അച്ചടി, ഓണ്‍ലൈന്‍, ദൃശ്യമാധ്യമങ്ങളില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ളയാളാണ്. എഴുത്തും ഗ്രാഫിക്‌സും ഉപയോഗിച്ച് പത്രങ്ങളിലും മാസികകളിലും വിവിധ വിഷയങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്നതില്‍ ഇദ്ദേഹം ഏറെ ശ്രദ്ധേയനാണ്. ഓര്‍ത്തഡോക്‌സ് ടിവിയുടെ സിഇഒയും ഓപ്പറേഷന്‍സ് മാനേജറുമായി പ്രവര്‍ത്തിക്കുന്ന ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം ജോയി ടിവി നെറ്റ് വര്‍ക്കിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ കൂടിയാണ്.
ആഷ്‌ലി ജെ.മാങ്ങഴ- പ്രവാസി മലയാളി മാധ്യമപ്രവര്‍ത്തകരില്‍ പ്രമുഖരില്‍ ഒരാളായ ആഷ്‌ലി ജെ.മാങ്ങഴ അമേരിക്കയിലും കാനഡയിലുമായി നാല് എഡിഷനുകളുള്ള ജയ്ഹിന്ദ് വാര്‍ത്തയുടെ ചീഫ് എഡിറ്ററാണ്. ജയ്ഹിന്ദ്‌വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായി പ്രവര്‍ത്തനം തുടങ്ങിയ ആഷ്‌ലി തന്റെ പ്രവര്‍ത്തന മികവു കൊണ്ടാണ് ചീഫ് എഡിറ്റര്‍ പദവിയിലെത്തിയത്. കാനഡയിലെയും അമേരിക്കയിലെയും പ്രവാസികളെ സംബന്ധിക്കുന്ന നിരവധി പ്രശ്‌നങ്ങളാണ് അദ്ദേഹം, തന്റെ ലേഖനങ്ങളിലൂടെ ജനശ്രദ്ധയില്‍ എത്തിച്ചത്. ഒന്നര പതിറ്റാണ്ടിന്റെ പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള ആഷ്‌ലി ഫ്‌ളോറിഡയില്‍ നിന്നു പ്രസിദ്ധീകരിച്ച ‘മലയാളി മനസ്’ എന്ന പത്രത്തിന്റെ ചീഫ് റിപ്പോര്‍ട്ടറായിട്ടായി പ്രവര്‍ത്തിച്ചു. അമേരിക്കയിലെ പ്രമുഖ മലയാളം മാസികയായ അക്ഷരത്തിന്റെ മാനേജിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ വിഷയങ്ങളില്‍ ആഷ്‌ലിയുടേതായി നിരവധി ലേഖനങ്ങളാണ് ഇതിനോടകം തന്നെ അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. റേഡിയോ അവതാരകനായും പ്രവര്‍ത്തിക്കുന്നു.
ഷാജി രാമപുരം- ഒരു ദശാബ്ദമായി അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കുവേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനാണ് ഷാജി രാമപുരം. നോര്‍ത്ത് അമേരിക്കയിലെയും യൂറോപ്പിലെയും മാര്‍ത്തോമ രൂപതയുടെ മീഡിയ കമ്മറ്റി അംഗമായി പ്രവര്‍ത്തിക്കുന്നു. ഒപ്പം, ഡിഎഫ് ഡബ്ല്യു പ്രൊവിന്‍സിലെ വേള്‍ഡ്മലയാളി കൗണ്‍സില്‍ പ്രസിഡന്റ്, ഡബ്ല്യുഎംസി അമേരിക്കന്‍ റീജ്യന്‍ വൈസ്പ്രസിഡന്റ് എന്നീപദവികള്‍ വഹിക്കുന്ന ഇദ്ദേഹം കേരളത്തിലും അമേരിക്കയിലുമായി നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോസ് വി. ജോര്‍ജ് – ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ വൈസ് ചെയര്‍മാനായ ജോസ് വി. ജോര്‍ജ് എഴുത്തുകാരനും കോളമിസ്റ്റുമാണ്. സാമൂഹ്യ പ്രസക്തിയുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങൾ കാനഡയിലെ മലയാളികളുടെ ജീവിത സാഹചര്യങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സ്‌കൂള്‍,കോളേജ്തലം മുതല്‍ കലാ, സാംസ്‌കാരിക രംഗങ്ങളിൽ സജീവ സാന്നധ്യമായ അദ്ദേഹം അറിയപ്പെടുന്ന നിരൂപകന്‍ കൂടിയാണ്.
രാജു ചിറമണ്ണില്‍ – നോര്‍ത്ത് അമേരിക്കയിലെ അറിയപ്പെടുന്ന ചെറുകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമാണ് രാജു ചിറമ്മണ്ണില്‍. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന്റെ എഴുത്തിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. വാര്‍ത്താ എഴുത്തിലും ചെറുകഥാ രചനയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹത്തിന് നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ചെറുകഥാ രചനയ്ക്ക് 2001 ലെ കേരളദര്‍ശനം അവാര്‍ഡ്, 2011ലെ പ്രവാസി ഫെഡറേഷന്‍ ഇന്റര്‍നാഷ്ണല്‍ അവാര്‍ഡ്, 2012 ലെ ഫോമ നാഷ്ണല്‍ അവാര്‍ഡ്, 2014 ലെ ഫൊക്കാന നാഷ്ണല്‍ അവാര്‍ഡ്, 2015 ലെ ജയ്ഹിന്ദ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന്റെ എഴുത്തു മികവിനു ലഭിച്ച അംഗീകാരങ്ങളാണ്.
ജോര്‍ജ് കൊട്ടാരത്തില്‍ – പതിറ്റാണ്ടുകളായി അമേരിക്കയില്‍ മാധ്യമപ്രവര്‍ത്തനം നടത്തുന്ന ജോര്‍ജ് കൊട്ടാരത്തില്‍ നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മലയാളപത്രമായ ജയ്ഹിന്ദ് വാര്‍ത്തയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും അക്ഷരം മാസികയുടെ റിസര്‍ച്ച് എഡിറ്ററുമാണ്. ദൃശ്യമാധ്യമരംഗത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുണ്ട് . എറണാകുളം രാജഗിരി കോളജില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ പിജി ഡിപ്ലോമ നേടിയിട്ടുള്ള ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് അച്ചടി, ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിവിധ വിഷയങ്ങളില്‍ പഠനം നടത്തി വിശദമായ പഠന റിപ്പോര്‍ട്ടുകളും ജോര്‍ജ് കൊട്ടാരത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബാബു യേശുദാസ് – ജയ്ഹിന്ദ് വാര്‍ത്ത ടെക്‌സാസ് എഡിഷന്റെ റീജണല്‍ ഡയറക്ടറായ ബാബു യേശുദാസ് എട്ടുവര്‍ഷമായി അമേരിക്കയിലെ മാധ്യമരംഗത്തെ സജീവ സാന്നിധ്യമാണ്. അമേരിക്കന്‍ മലയാളികളുടെ നിരവധി പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ടെക്‌സാസ് കേന്ദ്രീകരിച്ചാണ് ബാബു യേശുദാസ് പ്രവര്‍ത്തിക്കുന്നത്. ടെക്‌സാസിലെ മലയാളികളുടെ ഓരോ സ്പന്ദനവും തന്റെ തൂലികയിലൂടെ ലോകത്തെ അറിയിക്കുന്ന ഇദ്ദേഹം അച്ചടി, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ കോളമിസ്റ്റുകൂടിയാണ്. ജയ്ഹിന്ദ് ടിവി അമേരിക്കയില്‍ ആരംഭിച്ചപ്പോള്‍ അതിന്റെ ഭാഗമായിരുന്ന ബാബു ദൃശ്യമാധ്യമരംഗത്തും വര്‍ഷങ്ങളുടെ പ്രവര്‍ത്തനപരിചയമുള്ളയാളാണ്.
ഓ. കെ. ത്യാഗരാജന്‍ – അച്ചടി, ദൃശ്യമാധ്യമപ്രവര്‍ത്തകനായ ഓ.കെ. ത്യാഗരാജന്‍ കാനഡ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ പ്രോഗ്രാമായ കനേഡിയന്‍ കണക്ഷന്റെ സംവിധായകനും എഴുത്തുകാരനുമാണ് ഇദ്ദേഹം. ജയ്ഹിന്ദ് വാര്‍ത്ത കാനഡയുടെ റീജണല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റേതായി നിരവധി ലേഖനങ്ങളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. തിരുവനന്തപുരം പ്രസ്‌ക്ലബ് വിദ്യാര്‍ഥിയായിരുന്ന ത്യാഗരാജന്‍ ദൂരദര്‍ശനുവേണ്ടി എട്ടു ഡോക്യുമെന്റികള്‍ എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. 2010 ല്‍ ഇദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എ.സി. ജോര്‍ജ്- മലയാളി പ്രസ്‌കൗണ്‍സില്‍ പ്രസിഡന്റായ എ.സി. ജോര്‍ജ് മുപ്പത്തിയഞ്ചുവര്‍ഷമായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ്. അമേരിക്കയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന മലയാള മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളാണ് ഇദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുള്ളത്. അറിയപ്പെടുന്ന കോളമിസ്റ്റുകൂടിയാണ് എ.സി. ജോര്‍ജ് ആദ്യകാല മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിദ്ധീകരണമായ കേരളദര്‍ശനത്തിന്റെ മുഖ്യപത്രാധിപരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യകാത്തലിക് അസോസിയേഷന്റെ മുഖപത്രമായ കാത്തലിക് വോയിസിന്റെ ചീഫ് എഡിറ്ററായി ഏഴുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. നിരവധി സാമൂഹ്യ, സാംസ്‌കാരിക സംഘടനകളുടെ അമരക്കാരനായും എ.സി. ജോര്‍ജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
ജോജി കവനാൽ – ജയ്ഹിന്ദ് വാര്‍ത്തയുടെ റീജണൽ ഡയറക്ടര്‍ ആയ ജോജി കവനാൽ അമേരിക്കയിലെ പ്രവാസ ലോകത്ത് സാമൂഹ്യ സാംസ്കാരിക സംഘടന മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.