
സ്വന്തം ലേഖകൻ
ഡബ്ലിൻ: ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിട്ടതിനു ശേഷമുള്ള പ്രതിസന്ധിയിൽ രാജ്യത്തേയ്ക്കുള്ള ഇറക്കുമതിയിൽ വ്ൻ വർധനവുണ്ടായതായി റിപ്പോർട്ടുകൾ. ബ്രെക്‌സിറ്റിനു ശേഷം സ്റ്റെർലിങ്ങിന് മൂല്യം കുറഞ്ഞതാണ് അയർലണ്ടിലേയ്ക്കുള്ള സെക്കൻഡ് ഹാൻഡ് കാറുകളുടെ ഇറക്കുമതി ഇരട്ടിയോളം വർദ്ധിപ്പിച്ചതെന്നാണ് സൂചനകൾ. 2015 നവംബറിനെ അപേക്ഷിച്ച് ഈ വർഷം നവംബറിൽ 93.8% വർദ്ധനവാണ് ഇറക്കുമതിയിൽ സംഭവിച്ചിരിക്കുന്നത്. സിഎസ്ഒ ആണ് കണക്കുകൾ പുറത്തുവിട്ടത്.
2016 നവംബറിൽ 7,571 സെക്കൻഡ് ഹാൻഡ് കാറുകൾക്കാണ് ഇവിടെ ഇറക്കുമതി ചെയ്യാൻ ലൈസൻസ് നൽകിയത്. 2015 നവംബറിൽ ഇത് 3,906 ആയിരുന്നു. ഇതിൽ 97% ഇറക്കുമതിയും യുകെയിൽ നിന്നാണ്. ബ്രെക്‌സിറ്റിനു ശേഷം യൂറോയ്‌ക്കെതിരെ സ്റ്റെർലിങ്ങിന് 20%ത്തോളം മൂല്യത്തകർച്ചയാണ് ഉണ്ടായത്. ബ്രെക്‌സിറ്റിന് മുമ്പ് £0.7649 ആയിരുന്ന സ്റ്റെർലിങ് £0.9119 ലേക്ക് കഴിഞ്ഞ മാസങ്ങളിൽ കൂപ്പുകുത്തി.
ഫോക്‌സ്വാഗൺ കമ്പനിയുടെ കാറുകളാണ് കഴിഞ്ഞ മാസം ഏറ്റവുമധികം ഇറക്കുമതി ചെയ്യപ്പെട്ടത്; 1,086 എണ്ണം. പുറകിൽ 987 എണ്ണവുമായി ഫോർഡും, 693 എണ്ണവുമായി ഓഡിയും.ഈ കാറുകളൊക്കെ ഐറിഷ് മാർക്കറ്റിൽ വീണ്ടും വിൽപ്പനയ്‌ക്കെത്തുമെന്നതിനാൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ വിലയിലും കുറവുണ്ടായേക്കും.