അയര്‍ലണ്ടില്‍ കനത്ത മഞ്ഞുവീഴ്ച്ചയോടൊപ്പം കാലാവസ്ഥ വീണ്ടും പ്രക്ഷുബ്ധമാവുകയാണ്. ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന മുന്നറിയിപ്പ് നല്കിയിരിക്കുകയാണ് മെറ്റ് ഐറാന്‍ കേന്ദ്രങ്ങള്‍. കനത്ത മഴ പ്രതീക്ഷിക്കപ്പെടുന്നതിനാല്‍ മൂന്ന് കൗണ്ടികളില്‍ യെല്ലോ വാണിങ്ങും നല്‍കിയിട്ടുണ്ട്. വെക്സ് ഫോര്‍ഡ്, കോര്‍ക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ യെല്ലോ റെയിന്‍ വാര്‍ണിങ് ഇന്ന് വൈകിട്ട് മൂന്ന് മണി മുതല്‍ നിലവില്‍ വന്നു. നാളെ ഉച്ചവരെ മുന്നറിയിപ്പുകള്‍ തുടരും. ഉയര്‍ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലും 30 മില്ലീ മീറ്റര്‍ വരെ അളവില്‍ മഴ പ്രതീക്ഷിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടിനും ഇത് വഴിതെളിച്ചേക്കാം.
വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നതോടെ ഗതാഗത സ്തംഭനത്തിന് സാധ്യതയുള്ളതായി റോഡ് സുരക്ഷാ അതോറിറ്റി അറിയിച്ചു. വേഗത കുറച്ചുകൊണ്ട് വാഹനങ്ങള്‍ ഓടിക്കാന്‍ പൊതു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. വലിയ മരങ്ങള്‍ക്ക് താഴെ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് ഒഴിവാക്കാനും സുരക്ഷാ മുന്നറിയിപ്പ് ഉണ്ട്. അതിനിടെ വ്യാഴാഴ്ച രാജ്യത്ത് അറ്റ്‌ലാന്റിക്കില്‍ നിന്നുമെത്തുന്ന ശൈത്യകാറ്റ് ശക്തമായി വീശാനുള്ള സാധ്യതയും കാലാവസ്ഥ നിരീക്ഷകര്‍ നല്‍കിയിട്ടുണ്ട്. പകല്‍ താപനില നാല് മുതല്‍ ഏഴ് ഡിഗ്രി സെല്‍ഷ്യസ് വരെയാണെങ്കിലും രാത്രിയില്‍ മൈനസ് രണ്ട് ഡ്രിഗ്രി സെല്‍ഷ്യസ് വരെയാണ് നിലവില്‍ അയര്‍ലന്റിലെ തണുപ്പ്. മൂടല്‍ മഞ്ഞ് ഉള്ളതിനാല്‍ ഹെല്‍ത്ത്- ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ആര്‍ട്ടിക്കില്‍ നിന്നുമുള്ള ശൈത്യപ്രവാഹത്തെ തുടര്‍ന്ന് അയര്‍ലണ്ട് അടക്കമുള്ള മിക്ക യൂറോപ്യന്‍ രാജ്യങ്ങളും കടുത്ത തണുപ്പിന്റെ പിടിയിലായിരിക്കുകയാണ്. അടുത്ത ഏതാനും ദിവസങ്ങളില്‍ മിക്കവാറും എല്ലാ കൗണ്ടികളിലും വ്യാപകമായ മഞ്ഞും ഹിമപാതവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഈ ആഴ്ചയുടെ അവസാനത്തോടെ ഊഷ്മാവ് ശരാശരിക്കും താഴെപ്പോകുന്ന അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.