അയര്‍ലണ്ടില്‍ വിവാഹമോചനം നേടുന്നതിനുള്ള സമയ പരിധി രണ്ട് വര്‍ഷമായി കുറയ്ക്കാന്‍ ഹിതപരിശോധന

വിവാഹ മോചനത്തിന് വേണ്ടിയുള്ള കാത്തിരുപ്പ് 4 വര്‍ഷത്തില്‍ നിന്നും രണ്ട് വര്‍ഷം ആക്കി ചുരുക്കാനുള്ള ഗവണ്മെന്റിന്റെ തീരുമാനത്തില്‍ അടുത്ത വര്‍ഷം മേയില്‍ ഹിതപരിശോധന അരങ്ങേറും. ഈ അവസരത്തില്‍ നിലവിലെ വിവാഹമോചനത്തിനുള്ള കാലാവധിയില്‍ മാറ്റം വരുത്തണമോ എന്ന് പൊതുജനങ്ങള്‍ക്ക് അഭിപ്രായ വോട്ടെടുപ്പ് രേഖപ്പെടുത്താവുന്നതാണ്.

ഇത് സംബന്ധിച്ച് നിയമമന്ത്രി ചാര്‍ളി ഫ്‌ളനഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ക്യാബിനറ്റ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹിതപരിശോധന നടത്താന്‍ തീരുമാനമായത്. യൂറോപ്യന്‍ പ്രാദേശിക തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന അതേദിവസമാണ് വിവാഹമോചന നിയമമാറ്റവുമായി ബന്ധപ്പെട്ട ഹിതപരിശോധനയും നടത്തുക. കഴിഞ്ഞ വര്‍ഷം ഫൈന്‍ ഗെയ്ല്‍ അംഗം ജോസഫ മധിഗനയുടെ അഭിപ്രായത്തെ തുടര്‍ന്ന് വിവാഹ മോചനം നേടേണ്ടവരുടെ സമയ കാലയളവ് കുറക്കാനുള്ള തീരുമാനം മന്ത്രിസഭ അംഗീകരിച്ചിരുന്നു. എന്നാല്‍ പൊതുജന താത്പര്യം ആരാഞ്ഞ ശേഷമായിരിക്കും വിവാഹ മോചന കാത്തിരിപ്പിന് ഭരണഘടനാ സാധ്യത ലഭിക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹ മോചനത്തിന് ആഗ്രഹിക്കുന്ന ദമ്പതിമാര്‍ 4 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിക്കണമെന്ന നിയമമാണ് ഇപ്പോള്‍ നടപ്പിലുള്ളത്. എന്നാല്‍ പുതിയ വിവാഹ മോചന നിയമം വരുന്നതോടെ 2 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിവാഹമോചനം നേടാം. അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് നേരിട്ട ജനഹിത പരിശോധനയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നത്. ഇതു സംബന്ധിച്ച് 1995 നവംബര്‍ 24 നടന്ന ജനഹിത പരിശോധന നേരിയ ഭൂരിപക്ഷത്തിലാണ് വിജയം കണ്ടത്. 50.28 ശതമാനം അനുകൂലിച്ചപ്പോള്‍ എതിര്‍ത്തത് 49.72 പേരാണ്.

യെസ് വോട്ട് ചെയ്താല്‍ വിവാഹബന്ധം തകരുന്നവരുടെ എണ്ണം കൂടാന്‍ കാരണമാകുമെന്നും തുടര്‍ന്ന് ആയിരക്കണക്കിനു കുട്ടികള്‍ അച്ഛനില്ലാത്തവരാകുമെന്നുമുള്ള ആശങ്ക പല വോട്ടര്‍മാരെയും വോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്തിരിയാന്‍ കാരണമായി.അച്ഛന്‍മാര്‍ക്ക് വീണ്ടും വിവാഹം കഴിക്കാമെന്ന അനുമതിയും ഉണ്ടായിരുന്നു. 2009 മുതല്‍ വിവാഹ മോചന കേസുകള്‍ കുറവായിരുന്ന അയര്‍ലണ്ടില്‍ 2015 ഓടെ ഇത്തരം കേസുകള്‍ വര്‍ദ്ധിക്കുകയാണുണ്ടായത്.

2009-ല്‍ 3000 പേര്‍ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയപ്പോള്‍ 2015-ല്‍ 4500 പേരാണ് അപേക്ഷകരായിട്ടുള്ളത്. വിവാഹമോചനം ലഭിക്കാന്‍ നാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പ് കുറച്ചുകൊണ്ട് വരണമെന്നുള്ള പരാതികളും ഇതോടെ ഉയര്‍ന്നു. വിവാഹമോചനവുമായി ബന്ധപ്പെട്ട പുതിയ നിയമത്തെ അനുകൂലിക്കുന്നതായി പ്രധാനമന്ത്രി ലിയോ വരേദ്കറും തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ട്. പരസ്പരം ഒരുമിച്ചു ജീവിക്കാന്‍ താത്പര്യമില്ലാത്തവര്‍ വിവാഹ മോചനത്തിന് വേണ്ടി വര്‍ഷങ്ങളുടെ കാത്തിരുപ്പ് നടത്തേണ്ടതില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രി സഭയുടെ അംഗീകാരം ലഭിച്ച് ജനങ്ങളുടെ താത്പര്യമായിരിക്കും ഈ വിഷയത്തില്‍ അന്തിമ തീരുമാനം നിര്‍ണ്ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

Top