അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: രാജ്യത്തെ തിരഞ്ഞെടുപ്പു മൂന്നു ആഴ്ച മാത്രം ബാക്കിയിരിക്കെ രാജ്യത്തെ 30 ശതമാനം വോട്ടർമാരും ആർക്കു വോട്ട് ചെയ്യണമെന്നു നിശ്ചയിച്ചിട്ടില്ലെന്നു റിപ്പോർട്ടുകൾ. ഏതു പാർട്ടിക്കോ, മുന്നണിക്കോ വോട്ടു ചെയ്യണമെന്ന കാര്യത്തിൽ 30 ശതമാനത്തിലധികം ആളുകളും ഇനിയും അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ലെന്നാണ് ഡബ്ബിനിലെ ട്രിനിറ്റി കോളജിലെ പൊളിറ്റിക്‌സ് വിഭാഗം പ്രൊഫസർ മൈക്കിൾ മാർഷ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയെ വ്യക്തമായി പിൻതുണയ്ക്കാത്ത ആളുകളാണ് ഇപ്പോൾ വോട്ട് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിച്ചേരാതെ ഇരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ഓരോ പാർട്ടികളുടെയും രണ്ടോ മൂന്നോ ശതമാനം വോട്ടിന്റെ കാര്യത്തിൽ മാത്രമേ ഇപ്പോൾ കൃത്യമായ തീരുമാനമുണ്ടായിക്കാണുകയുള്ളൂ. ബാക്കിയുള്ള വോട്ടുകൾ ഇനി ക്യാംപെയിനുകളുടെയും ശക്തമായ പ്രചാരണ പരിപാടികളുടെയും അടിസ്ഥാനത്തിലാവും അന്തിമമായ തീരുമാനം വോട്ടിന്റെ കാര്യത്തിൽ ഉണ്ടാകുകയെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
മുൻപു നടന്ന തിരഞ്ഞെടുപ്പുകളിലെ ക്യാംപെയിനിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാൻ അന്തിമതീരുമാനം എടുത്തത് അഞ്ചു ശതമാനം വോട്ടർമാർ മാത്രമായിരുന്നെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇതേ അടിസ്ഥാനത്തിൽ തന്നെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്റെ ക്യാംപെയിൻ ഏതു രീതിയിൽ പാർട്ടികളുടെ വോട്ടിനെ സ്വാധീനിക്കും എന്ന പഠനം നടത്തിയിരിക്കുന്നതും. അയർലൻഡിലെ പരമ്പരാഗത വോട്ടർമാരിൽ ഏറെപ്പേരും സെന്റർ റൈറ്റ് ചിന്താഗതിക്കാരാണ്. ഇത് രാജ്യത്ത് തിരഞ്ഞെടുപ്പിൽ നേരിടുന്ന ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളുടെയും ചിന്താഗതിയോടു ചേർന്നു നിൽക്കുന്ന രാഷ്ട്രീയ രീതിയാണ് താനും. ഫിന്നാ ഫെയിൽ പോലും ഈ ചിന്താഗതിയിൽ നിന്നു അൽപം മാറി ചിന്തിക്കുന്ന പാർട്ടിയാണ്. ഇവർ അൽപം സെൻട്രൽ ലെഫ്റ്റ് ചിന്താഗതിയാണ് വച്ചു പുലർത്തുന്നത്.