സ്വന്തം ലേഖകൻ
ഡബ്ലിൻ:സർക്കാരിന്റെ പുതിയ ഭവനനയം വീട്ടുടമകളെ മാത്രം സുഖിപ്പിക്കുന്നതാണെന്നും, ഫലത്തിൽ വാടകക്കാർക്ക് യാതൊരു സഹായവും സർക്കാർ ചെയ്യില്ലെന്നും സാമ്പത്തിക വിദഗദ്ധർ 2015ൽ അന്നത്തെ പരിസ്ഥിതിവകുപ്പ് മന്ത്രിയായിരുന്ന അലൻ കെല്ലി വാടകയുടെ നിയന്ത്രണം കൊണ്ടുവരാനായി ഒരു പ്രൊപ്പോസൽ കൊണ്ടുവന്നിരുന്നു.എന്നാൽ അന്ന് ഫിനഗേൽ അതിനെ നഖശിഖാന്തം എതിർത്തു. തുടർന്നുള്ള ചർച്ചയിൽ ഈ പദ്ധതി ശരിയായ രീതിയിൽ നടപ്പായതുമില്ല.ഇപ്പോഴത്തെ വൻ വാടകപ്രതിസന്ധിയിലേയ്ക്ക് രാജ്യത്തെ എത്തിച്ചത് കഴിഞ്ഞ വർഷം നടപ്പാക്കാതെ പോയ നയമാണ്.
ഇതേ വിധിയാണ് ഇപ്പോഴത്തെ ഹൗസിങ് മിനിസ്റ്റർ സിമോൺ കൊവേനിയുടെ പദ്ധതിയെയും കാത്തിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദർ പറയുന്നത്. ഇപ്പോഴത്തെ പദ്ധതിയും മന്ത്രിയുടെ സഹപ്രവർത്തകരാലും പാർട്ടിക്കാരാലും തന്നെ ആദ്യം എതിർക്കപ്പെട്ടു.
റെന്റ് പ്രഷർ സോണുകളായി നിശ്ചയിച്ച ഡബ്ലിനിലും കോർക്കിലും വർഷം 4% മാത്രം വാടക വർദ്ധനവ് എന്ന നയമാണ് കൊവേനി മുന്നോട്ടുവച്ചിട്ടുള്ളത്.എന്നാൽ ഇത് 2% ആക്കണമെന്നായിരുന്നു ഫിയാനാഫാൾ ആദ്യം ആവശ്യപ്പെട്ടത്. 2% മാത്രം വർദ്ധിപ്പിച്ചാൽ വാടകവീടുകൾ വിട്ടുനൽകുന്നതിൽ നിന്നും വീട്ടുടമകളെ പിന്നോട്ടിപ്പിക്കുമെന്ന് കരുതി പിന്നീട് അവർ സർക്കാർ പ്രഖ്യാപിച്ച 4% വർദ്ധനവിനെ അംഗീകരിക്കുകയും ചെയ്തു.
അതേസമയം എന്തുകൊണ്ട് ഭവന മന്ത്രിയായ കൊവേനി ‘4%’ എന്ന സംഖ്യ തെരഞ്ഞെടുത്തു എന്നത് ഒരു ചോദ്യമാണ്. ഇക്കാര്യത്തെപ്പറ്റി ചോദിച്ചപ്പോൾ ഐറിഷ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് റിട്ടേണുമായി തുല്യതയുള്ളതിനിലാണ് ഇത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.അതായത് നിക്ഷേപപദ്ധതികളിൽ നിന്നും ലഭിക്കുന്ന അതേ ലാഭവിഹിതം വീടുണ്ടാക്കിയിടുന്നവർക്കും ലഭിക്കണമെന്ന് തന്നെ.
2014ലെ കണക്കെടുക്കുമ്പോൾ ഡബ്ലിനിൽ ഉണ്ടായ വാടകവർദ്ധനവ് 15% ആണ്. 2015ൽ 12%വും 2016 സെപ്റ്റംബറാകുമ്പോഴേയ്ക്കും ഇത് 11.7%ഴും ആയി.അതായത് വാടക കൂടുന്ന നിരക്ക് കുറയുന്നു എന്നർത്ഥം. ഇനി വാടകയിലൂടെ ലഭിക്കുന്ന ലാഭത്തെ പറ്റി നോക്കാം. ഡബ്ലിനിൽ ഒറ്റ ബെഡ്‌റൂം മാത്രമുള്ള വീടുകളിൽ നിന്ന് ലഭിക്കുന്ന വാർഷിക ലാഭം 8.7% ആണ്. മൂന്ന് ബെഡ്‌റൂം ആകുമ്പോൾ 6.1%വും. ഡബ്ലിൻ 7ലേയ്ക്ക് എത്തുമ്പോൾ ലാഭം യഥാക്രമം 7.9%വും 5.7%വും ആണ്. പ്രോപ്പർട്ടി വെബ്‌സൈറ്റുകളുടേതാണ് ഈ കണക്ക്.
അതിനാൽത്തന്നെ ആരെങ്കിലും ഏഴ് വർഷമെങ്കിലും വീട് വാടകയ്ക്ക് കൊടുക്കുകയാണെങ്കിൽ മുതലിൽ ഗണ്യമായ ഭാഗം തിരികെ കിട്ടും എന്നുറപ്പ്! ഇത്രയും ലാഭം ഓരോ വീടിന്റെയും നിക്ഷേപമുടക്കുമുതലിൽ നിന്നും കൈവശപ്പെടുത്തുമ്പോഴാണ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ 4 ശതമാനം ലാഭവുമായി ഭവനമന്ത്രി വാടക വർധനവിനെ ന്യായീകരിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ദനായ റിച്ചാർഡ് കുറാൻ പറയുന്നു.
ഐആർഇഎസ് എന്ന ഏജൻസി താലയിൽ കഴിഞ്ഞ വർഷം വാങ്ങിയ 442 വീടുകൾ അടങ്ങുന്ന ഗ്രൂപ്പിന്റെ ഒരു വർഷത്തെ ആകെ ലാഭം 7.2 ശതമാനമാണ്.ഇതിൽ ഇനിയും വാടകയ്ക്ക് കൊടുക്കാത്ത 15% വീടുകൾ കൂടിയുണ്ട്.ഇനിയും വാടകയ്ക്ക് കൊടുക്കുമ്പോൾ കഴിഞ്ഞ വർഷത്തേക്കാൾ വാടക കൂട്ടിയാകും കമ്പനി ആവശ്യക്കാർക്ക് നൽകുക.അതും കൂടെ ചേർത്താൽ ഏതാണ്ട് 8.4 ശതമാനം ലാഭമാകും ഏജൻസിയ്ക്ക് ലഭിക്കുക.ഇത്തരത്തിൽ മിക്ക ഹൌസ് ഓണർമാർക്കും മുടക്കു മുതലിന് ഇപ്പോൾ തന്നെ സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിനേക്കാൾ ലാഭം ലഭിച്ചു കൊണ്ടിരിക്കവെയാണ് ഇനിയും വർഷം തോറും 4 ശതമാനം വാടക കൂട്ടാനുള്ള സർക്കാർ പദ്ധതി വരുന്നത്.
അതേസമയം ഫിയനാഫാളിന്റെ നിർദ്ദേശപ്രകാരം 2% വരെ വർദ്ധിപ്പിക്കാനുള്ള അനുമതി നൽകുകയും, ടാക്‌സ് ഇല്ലാതെ ഉടമകളെ വീട് വിൽക്കാൻ അനുവദിക്കുകയും വേണമെന്ന രീതിയിൽ പദ്ധതി മാറ്റണമെന്നായിരുന്നു എന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.അയർലണ്ടിൽ ഒരാൾ വീട് വിൽക്കുകയാണെങ്കിൽ നിയമമനുസരിച്ച് വാങ്ങിയ വിലയേക്കാൾ പിന്നീട് വിൽക്കുന്ന തുക കൂടുതലാണെങ്കിൽ 10ശതമാനം കാപിറ്റൽ ഗെയിൻ ടാക്‌സ് നൽകണം.
ഫലത്തിൽ 4% വർദ്ധന നിയന്ത്രണം ഉടമകൾക്ക് എതിരല്ല. 12% വരെ മൂന്ന് വർഷം കൊണ്ട് വാടക വർദ്ധിപ്പിക്കാം എന്നത് അത്ര കുറഞ്ഞ തുകയുമല്ല. എങ്കിലും സർക്കാരിനെതിരെ സമരമാർഗമുയർത്തി,പൊരുതാൻ ഇറങ്ങുകയാണവർ.വാടകയ്ക്ക് താമസിക്കുന്നവരുടെ മേൽ കൂടുതൽ ചിലവിനങ്ങൾ ചുമത്താൻ ഒരുങ്ങുകയാണ് ഇവർ.കാർ സ്‌പേസിന് വാടക,സെക്യൂരിറ്റി നിക്ഷേപത്തിന്റെ തുക കൂട്ടൽ എന്നിവയടക്കമുള്ള നിരവധി വഴികളാണ് ഐറിഷ് പ്രോപ്പർട്ടി ഓണേഴ്‌സ് അസോസിയേഷൻ ഇതിനായി കണ്ടെത്തിയിരിക്കുന്നത്.അംഗീകരിക്കപ്പെടാൻ സാധ്യതയില്ലെങ്കിലും അനുവാദത്തിനായി സർക്കാരിന്റെ മുമ്പിൽ ഇവർ അപേക്ഷ നൽകി കഴിഞ്ഞു.
ഇവിടെയാണ് സർക്കാരും വീട്ടുടമകളും തത്വത്തിൽ വാടകക്കാരെ പിഴിഞ്ഞെടുക്കുന്നത്.പാവപ്പെട്ടവരായ തദ്ദേശീയരും കുടിയേറ്റക്കാരുമാണ് വികലമായ സർക്കാർ നയം മൂലം ക്ലേശമനുഭവിക്കേണ്ടി വരിക.ഇപ്പോൾ തന്നെ കൂടിയ വാടക കൊടുക്കുന്നവരായ ഇക്കൂട്ടർക്ക് മൂന്നു വർഷം കൊണ്ട് കൂടാൻ പോകുന്നത് 12 ശതമാനം വാടകയാണ്.
വാടകക്കാരുടെ ഭാഗത്ത് നിന്നും കാര്യമായ എതിർശബ്ദമൊന്നും ഉയരുന്നില്ലെന്നതും ശ്രദ്ധേയമാണ്.അത്ര ദുർബലരാണവർ.ഒരൊറ്റ സംഘടനാ പോലും വാടകക്കാർക്കായി നിലകൊള്ളുന്നില്ല.ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ അവർക്കില്ല.ഡബ്ലിനിലെ ആകെയുള്ള ജനസംഖ്യയുടെ 24,5 ശതമാനം പേരും(328,700 പേർ)വാടക വീടുകളിലാണ് താമസിക്കുന്നത്.ഇതിൽ അധികവും ആഫ്രിക്ക,ഇന്ത്യ,ഫിലിപ്പെൻസ്,മറ്റു സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവയിൽ നിന്നും വന്നവരാണ്.