ഡബ്ലിൻ: ആരോഗ്യപരിപാലന, നഴ്‌സിംഗ് ഹോം മേഖലകളിലെ തൊഴിൽ നൈപുണ്യവും തൊഴിൽ ക്ഷാമവും പരിഹരിക്കുന്നതിനായി അയർലൻഡ് സർക്കാർ ആരോഗ്യ പരിപാലന മേഖലയ്ക്കുള്ള വർക്ക് പെർമിറ്റ് സംവിധാനത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നു. ആരോഗ്യ മേഖലയിലെ നിർണ്ണായക ചുവടുവയ്പ്പയി കാണുന്ന പുതിയ മാറ്റത്തിന് കീഴിൽ നഴ്‌സിംഗ് ഹോമുകള് മറ്റ് ആരോഗ്യ മഖലയിലെ തൊഴിലുടമകൾക്ക് ആവശ്യാനുസരണം വിദേശികളെ നിയമിക്കാൻ അനുവാദം നൽകും. ഇത് ഇന്ത്യക്കാർക്ക് അടക്കം ഗുണം ചെയ്യും.
ഇന്ത്യ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽനിന്ന് അയർലണ്ടിൽ ജോലി ചെയ്യുന്നതിന് സാമൂഹിക പ്രവർത്തകർക്കും ആരോഗ്യ പരിചരണ സഹായികൾക്കും നേരിട്ട് അപേക്ഷിക്കാൻ അനുവദിക്കുന്ന നിയമഭേദഗതിക്ക് ഐറിഷ് തൊഴില് വകുപ്പ് ഇന്നലെ അംഗീകാരം നൽകി.
ഇതോടുകൂടി അർഹരായ ഇന്ത്യക്കാർക്ക് അയർലണ്ടിലെ നഴ് സിംഗ് ഹോമുകളും ആശുപത്രികളും ഉൾപ്പെടെ ആരോഗ്യ സാമൂഹിക ക്ഷേമ മേഖലകളിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കും. ഐറിഷ് ആരോഗ്യ പരിപാലന മേഖലയിലെ നിർണ്ണായക ചുവടുവയ്പ്പായിട്ടാണ് ഇതിനെ കാണുന്നത്. എച്ച്എസ്ഇ റിക്രൂട്ട് മെന്റ് സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പുതിയ മാറ്റങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സഹമന്ത്രി ഡാമിയൻ പറഞ്ഞു.
ആരോഗ്യ പരിചരണ സഹായികൾക്ക് രണ്ട് വർഷത്തെ തൊഴിലിന് ശേഷം ചുരുങ്ങിയത് ക്യുക്യുഐ ലെവൽ അഞ്ച് യോഗ്യത ആവശ്യമാണെന്ന് മന്ത്രി ഡാമിയന് പറഞ്ഞു. തൊഴിലുടമകളുടെയും തൊഴിലന്വേഷകരുടെയും സൗകര്യത്തിനായി നിയമിക്കപ്പെടുന്ന ആരോഗ്യ പരിചരണ സഹായികള് ക്ക് കുറഞ്ഞ ചെലവിൽ ക്യുക്യുഐ ലെവല് 5 പരിശീലനം ഗവൺമെന്റ് നല് കുമെന്നും മന്ത്രി പറഞ്ഞു.
നിലവിൽ, അയർലണ്ടിൽ താമസിക്കാൻ യോഗ്യതയുള്ള ഇന്ത്യയിൽ നിന്ന് നഴ്‌സിംഗ് ബിരുദമോ ഡിപ്ലോമയോ ഉള്ളവർക്ക് (ജീവിതപങ്കാളി വിസയിലോ സ്റ്റുഡന്റ് വിസയിലോ വരുന്നവർ ഉൾപ്പെടെ) ഹെൽത്ത് കെയർ അസിസ്റ്റന്റ് ജോലിയിലേക്ക് നേരിട്ട് പ്രവേശനം ഉണ്ട്.
പല സ്ഥാപനങ്ങളും ഇപ്പോൾ ഓൺലൈനിൽ ഈ കോഴ്‌സ് വാഗ്ദാനം ചെയ്യുന്നു, ഇത് പരമാവധി ഒരു വർഷം നീണ്ടുനിൽക്കും. ആദ്യ അറിയിപ്പിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തിനുള്ള പ്രത്യേക മാനദണ്ഡങ്ങൾ തൊഴിൽ വകുപ്പ് ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ അത് സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായേക്കാം.
പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യപ്പെടുന്ന ജീവനക്കാർക്ക് കുറഞ്ഞത് 27,000 യൂറോ മിനിമം വേതനം നൽകണമെന്ന് ഗവൺമെന്റ് നിർദേശം നൽകിയിട്ടുണ്ട്.