സ്വന്തം ലേഖകൻ
ഡബ്ലിൻ:പക്ഷിപ്പനി അയർലണ്ടിലും എത്തിയതായി സ്ഥിരീകരിച്ചു.വെക്സ്ഫോർഡ് കൗണ്ടിയിലെ വെക്സ്ഫോർഡ് ടൗണിൽ കണ്ടെത്തിയ വൈൽഡ് താറാവിൽ ഏവിയൻ ഇൻഫളവൻസ സബ് ടൈപ്പായ എച്ച്5എൻ8 വൈറസ് കണ്ടെത്തിയതായി കാർഷിക വകുപ്പും, ഫുഡ് ആൻഡ് മറൈൻ ഡിപ്പാർട്ട്മെന്റുമാണ് പരിശോധനകൾക്ക് ശേഷം സ്ഥിരീകരിച്ചു.ജീവനുണ്ടെങ്കിലും പറക്കാൻ പറ്റാതെ കഴിയുന്ന താറാവിനെ അധികൃതർ കണ്ടെത്തിയത് ഡിസംബർ 28നായിരുന്നു.
മാംസത്തിനായി വളർത്തുന്ന പക്ഷികളിലും കാട്ടുപക്ഷികളിലും ശ്വാസകോശം, ദഹനേന്ദ്രിയം, നെർവസ് സിസിസ്റ്റം എന്നിവയെ ബാധിക്കുന്ന മാരക രോഗമാണ് ഏവിയൻ ഇൻഫഌൻസ. ടൈപ്പ് എ ഇൻഫൽവൻസ വൈറസാണ് രോഗത്തിന് കാരണം. ഏവിയൻ ഇൻഫൽവൻസ പക്ഷിപ്പനി എന്നും അറിയപ്പെടുന്നു.
അതേസമയം ഇൻഫളവൻസ വൈറസ് മനുഷ്യരിൽ രോഗമുണ്ടാക്കുന്നതാണെന്ന് ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും, അതിനാൽ വലിയ ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ബ്രിട്ടനിൽ രണ്ടാഴ്ച മുമ്പ് കാട്ടുപക്ഷികളിൽ ഈ വൈറസ് കണ്ടെത്തിയിരുന്നു.യൂറോപ്പിന്റെ മറ്റ് പല ഭാഗങ്ങളിലും പക്ഷികൾക്ക് രോഗം ബാധിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തങ്ങളുടെ പൗൽട്രികളിലെ പക്ഷികൾക്ക് രോഗം ബാധിച്ചതായി സംശയമുണ്ടെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ കർഷകർക്ക് നൽകിയ അറിയിപ്പിൽ അറിയിച്ചു.