സ്വന്തം ലേഖകൻ
ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രിട്ടൺ പുറത്തായതിനു പിന്നാലെ രണ്ട് അയർലൻഡുകൾ തമ്മിലുള്ള ഐക്യത്തിനു വഴിയൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. നോർത്തേൺ അയർലൻഡും, അയർലൻഡും തമ്മിലുള്ള ഐക്യം യാഥാർഥ്യമാകുമെന്നു വ്യക്തമാക്കി ആദ്യം രംഗത്ത് എത്തിയത് ഐറിഷ് പ്രധാനമന്ത്രി എൻഡാ കെനി തന്നെയാണ്.
അയർലൻഡുകളുടെ ഐക്യം സംബന്ധിച്ചു ചർച്ചകൾ സജീമായതിനു പിന്നാലെ ഇതിനെ പിൻതുണച്ചാണ് ഇപ്പോൾ കെനി രംഗത്ത് എത്തിയിരിക്കുന്നത്. നോർത്തേൺ അയർലൻഡിലെ ആളുകളിൽ കൂടുതൽ പേരും ഇപ്പോൾ ബ്രക്‌സിറ്റിനെ എതിർക്കുകയാണ്. അതുകൊണ്ടു തന്നെ ഇപ്പോൾ അധികം ബുദ്ധിമുട്ടില്ലാതെ അയർലൻഡുകൾ തമ്മിലുള്ള ഐക്യം യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ സജീവമായി നടക്കുകയാണ്. ചർച്ചകളിൽ പ്രതീക്ഷ ഉയരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഫൈൻഗായേലിന്റെ ധനസമാഹാരണത്തിനായി ഡബ്ലിനിൽ ചേർന്ന ഒരു യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കോട്ട്‌ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജിയനുമായി കെനി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി ഈ വിഷയം ചർച്ച ചെയ്തിരുന്നു. അടുത്ത ആഴ്ച സ്റ്റർജിയൻ ചർച്ചകൾക്കായി ഡബ്ലിനിൽ എത്തും.