അയര്‍ലണ്ടിലെ ജനതയുടെ ഇത്തവണത്തെ ക്രിസ്മസ് ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടും. എം 50 ല്‍ ഈ ആഴ്ച ബ്ലോക്കില്‍ കുടുങ്ങുമെന്നാണ് മുന്നറിയിപ്പ്. പലഭാഗത്തും ഒരു മണിക്കൂര്‍ വരെ ബ്ലോക്ക് ഉണ്ടാവും. റോഡ് പണികളും റെയില്‍ ലൈന്‍ വര്‍ക്കുകളും തിരക്കും എല്ലാം കൂടിയാകുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകും. അമിതവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ ഇടിച്ചുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ എം 7 പോലുള്ള മേഖലകളില്‍ ഗാര്‍ഡയുടെ സ്പീഡ് ചെക്ക് വാനുകളും ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള എല്ലാവിധ തയ്യാറെടുപ്പുകളും അയര്‍ലണ്ടില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
വാഹന യാത്രക്കാരുടെ എണ്ണം പതിന്‍മടങ് വര്‍ധിച്ചിട്ടുണ്ട്. റോഡ്, റെയില്‍ എയര്‍സര്‍വീസ് തുടങ്ങി എല്ലാ തരത്തിലുള്ള ഗതാഗത സംവിധാനങ്ങളിലും ക്രിസ്മസ് തിരക്ക് കാണാം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനിയാഴ്ച ഉച്ചയ്ക്ക് ശേഷവും ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുണ്ടാകുമെന്നാണ് എഎ റോഡ് വാച്ചിന്റെ മുന്നറിയിപ്പ്. യാത്രക്കാരുടെ എണ്ണത്തില്‍ ഇത്തവണ റിക്കോര്‍ഡുകള്‍ ഭേദിക്കുമെന്നാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ കണക്കുകൂട്ടുന്നത്.
ക്രിസ്മസ് സീസണില്‍ പത്ത് ലക്ഷത്തിലേറെ യാത്രക്കാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ കടന്നുപോകുന്നുണ്ടെന്നാണ് കണക്ക് സൂചിപ്പിക്കുന്നത്. പലയിടങ്ങളിലുള്ള കുടുംബങ്ങള്‍ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങളോടനുബന്ധിച്ചു ഒത്തു ചേരുന്നതും, ഈ സമയത്തു നടത്തപ്പെടുന്ന വിവാഹങ്ങളും മറ്റു പാര്‍ട്ടികളും ആണ് യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ പ്രധാന കാരണം. കൂടാതെ പല യൂറോപ്യന്‍ രാജ്യങ്ങളിലും വിദ്യാഭ്യാസത്തിനായി കടന്നു പോയിരിക്കുന്ന വിദ്യാര്‍ത്ഥികളും സ്വന്തം നാട്ടില്‍ എത്തുന്നത് ഈ മാസങ്ങളിലാണ്. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി ഡബ്ലിന്‍ എയര്‍പോര്‍ട്ട് വിവിധ ദീപാലങ്കാരങ്ങളാല്‍ മനോഹരമാക്കിയിരിക്കുകയാണ്.
ഇത് കൂടാതെ അയര്‍ലണ്ടില്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കു ചേരാന്‍ എത്തുന്ന വിദേശികളുടെ എണ്ണവും കൂടുതലാണെന്നു എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുന്നു.