സ്വന്തം ലേഖകൻ
ഡബ്ലിൻ:നഴ്‌സിങ് മേഖലയിലെ പ്രശ്‌നങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്താൻ നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് ഓർഗനൈസേഷന്റെ (ഐഎൻഎംഒ) തീരുമാനം. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ സംഘടനയിലെ 90% അംഗങ്ങളും സമരം നടത്തണമെന്ന ആശയത്തെ പിന്തുണച്ചു. ഫെബ്രുവരിയിൽ ഒരു പൂർണ്ണ ദിവസം പണിമുടക്കി സമരം തുടങ്ങാനാണ് സംഘടനാംഗങ്ങൾ അനുമതി നൽകിയത്.
രാജ്യമൊട്ടാകെയുള്ള 62% അംഗങ്ങൾ ബാലറ്റ് വോട്ടെടുപ്പിൽ പങ്കെടുത്തിരുന്നു. സ്റ്റാഫിന്റെ എണ്ണക്കുറവ്, ജോലിഭാരം, റിക്രൂട്ട്‌മെന്റ് ഇല്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നഴ്‌സുമാർ നിത്യേന അനുഭവിക്കുന്നത്. പണിമുടക്കിനു പുറമെ ഓവർ ടൈം ഡ്യൂട്ടികളിൽ ഏർപ്പെടാതെയും നഴ്‌സുമാർ പ്രതിഷേധിക്കും. ഒരു വാർഡിൽ നിന്നും അടുത്തതിലേയ്ക്ക് പോകാൻ കൂട്ടാക്കാതെയും, ഒരു കമ്മ്യൂണിറ്റി കെയർ ഏരിയയിൽ നിന്നും അടുത്തതിലെത്തി ജോലി ചെയ്യാതെയും പ്രതിഷേധം നടത്തും. എങ്കിലും ജനുവരി വരെ സമരം ഉണ്ടാകില്ല എന്ന് ഐഎൻഎംഒ ഉറപ്പു നൽകി.
2008നെ അപേക്ഷിച്ച് നിലവിൽ 3,500ഓളം നഴ്‌സുമാർ കുറവാണ് എച്ച്എസ്ഇയിൽ. ജനുവരി 17ന് ഇതു സംബന്ധിച്ച് അധികൃതരുമായി ചർച്ച നടത്തുമെന്നാണ് ഐഎൻഎംഒ പറയുന്നത്. ചർച്ച നടത്താനായി ആരോഗ്യമന്ത്രി സിമോൺ ഹാരിസിനും എച്ച്എസ്ഇ ഡയറക്ടർ ജനറലിനും കത്തയയ്ക്കും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ സമരം തന്നെയാണ് തങ്ങളുടെ മുന്നിലുള്ള വഴിയെന്ന് ഐഎൻഎംഒ പ്രസിഡന്റ് മാർട്ടിന ഹാർകിൻ കെല്ലി പറഞ്ഞു.