അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: അയർലൻഡ് തിരഞ്ഞെടുപ്പിലെ അഭിപ്രായ സർവേ ഫലങ്ങൾ പുറത്തു വന്നതോടെ ഫൈൻ ഗായലും ലേബറിനും തിരിച്ചടിയെന്നു റിപ്പോർട്ടുകൾ. ആദ്യ ഘട്ട സർവേ ഫലങ്ങൾ പുറത്തു വന്നപ്പോൾ രണ്ടു രാഷ്ട്രീയ പാർട്ടികളും ഏറെ പിന്നിലാണെന്നാണ് റിപ്പോർട്ടുകൾ. ജനറൽ ഇലക്ഷൻ ക്യാംപെയിനിന്റെ ഭാഗമായുള്ള അഭിപ്രായ സർവേകളാണ് ലബർ പാർട്ടിയുടെയും, ഫൈൻ ഗായലിന്റെയും തിരിച്ചടികൾ പ്രഖ്യാപിക്കുന്നത്.
റെഡ് സി ട്രാക്കിങ് പോളാണ് കഴിഞ്ഞ ദിവസം ഇവർ നടത്തിയ അഭിപ്രായ സർവേ ഫലങ്ങൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ഇവരുടെ അഭിപ്രായ സർവേ പ്രകാരം പ്രധാനമന്ത്രി എൻഡാ കെനിയുടെ പാർട്ടിയുടെ പിൻതുണ മൂന്നു പോയിന്റ് ഇടിഞ്ഞു 28 ശതമാനമായും, ജോ ആൻ ബർട്ടന്റെ പാർട്ടിയുടെ പിൻതുണ രണ്ടു പോയിന്റ് ഇടിഞ്ഞു എട്ടു ശതമാനമായും കുറയുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഫെബ്രുവരി 26 നു നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്കു രണ്ടാഴ്ച മാത്രം ശേഷിക്കെയാണ് ഇപ്പോൾ ഇതു സംബന്ധിച്ചുള്ള വിവരങ്ങൾ സർവേ നടത്തിയ അധികൃതർ പുറത്തു വിട്ടിരിക്കുന്നത്. സിൻ ഫെയിനിനാണ് ഇപ്പോൾ പുറത്തുവന്ന സർവേ ഫലങ്ങൾ ഏറെ സന്തോഷിപ്പിക്കുന്നത്. ഇവരുടെ പിന്തുണ 3 പോയിന്റ് വർധിച്ച് 20 ശതമാനത്തിൽ എത്തിയിട്ടുണ്ട്. ഇതോടെ രാജ്യത്തെ രാഷ്ട്രീയ പാർട്ടിയിൽ പിന്തുണയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ പാർട്ടിയായി സിന്നാ ഫെയിൻ മാറിയിട്ടുണ്ട്.
ഫിന്നാ ഫെയിൽ ഇപ്പോൾ തങ്ങളുടെ നില അൽപം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു പോയിന്റെ വർധിച്ച് 18 പോയിന്റാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാർഥികളായ എല്ലാവരും ചേർന്ന് ഒരു പോയിന്റ് വർധിപ്പിച്ചു 26 ശതമാനമാക്കി തങ്ങളുടെ പോയിന്റെ ഉയർത്തിയിട്ടുണ്ട്. പാർട്ടി നേതാക്കളുടെ ആദ്യ ഘട്ട ഡിബേറ്റ് പൂർത്തിയായ ശേഷം, രണ്ടാം നിര നേതാക്കളുടെ ഡിബേറ്റിലേയ്ക്കു കടക്കാനിരിക്കെയാണ് ഇപ്പോൾ ആദ്യഘട്ട സർവേ ഫലങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
രാജ്യത്ത് ഇപ്പോൾ തിരഞ്ഞെടുപ്പു പ്രചാരണം ശക്തമായി തന്നെ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ജസ്റ്റിസ് ആൻഡ് കമ്മ്യൂണിറ്റി പോളിസിയിൽ തങ്ങളുടെ നിലപാടുകൾ ലേബർ പാർട്ടി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ തിരഞ്ഞെടുപ്പു പ്രചരണം സജീവമാകുന്നതെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്ത് മയക്കുമരുന്നു വ്യാപനം തടയുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നതാണ് ഇപ്പോൾ ലേബർ പാർട്ടി നൽകുന്ന മറ്റൊരു പ്രധാനപ്പെട്ട വാഗ്ദാനം. ഇതിനൊപ്പം ലഹരിക്കു അടിമപ്പെട്ട ആളുകൾക്കു കൂടുതൽ ചികിത്സാ വാഗ്ദാങ്ങളും ഇവർ നൽകുന്നുമുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.