അയര്‍ലണ്ടില്‍ ലൈംഗികാതിക്രമങ്ങള്‍ പെരുകുകയാണെന്ന പോലീസ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ മനസാക്ഷിയെ ഞെട്ടിച്ചു ചോരക്കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാര്‍ത്തയാണ് വന്നിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍ രണ്ടാഴ്ച പ്രായമുള്ള പെണ്‍കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു ഗുരുതരാവസ്ഥയിലാക്കി.
കുഞ്ഞ് ബെല്‍ഫാസ്റ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. റോയല്‍ ബെല്‍ഫാസ്റ്റ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. കുട്ടി അത്യാഹിത വിഭാഗത്തിലാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്. കുഞ്ഞിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും മാരകമായി മുറിവേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ 25-കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ അര്മാഹ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സെപ്റ്റംബര്‍ 29നാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. കൗണ്ടി ഡൗണിലെ അന്നാലോംഗ് പ്രദേശത്തെ കുഞ്ഞിനാണ് ദുരനുഭവം നേരിട്ടത്. സ്ത്രീ സുരക്ഷയുണ്ടെന്നു അഭിമാനിക്കുന്ന അയര്‍ലണ്ടില്‍ പോലും സ്ത്രീകളും കുട്ടികളും സുരക്ഷിതരല്ല എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ ചിത്രങ്ങളും, വീഡിയോകളുടെയും എണ്ണത്തില്‍ 44 ശതമാനം വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലീമെറിക് കൗണ്ടിയില്‍ നിന്നുമാത്രം 12 പേരാണ് കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് കഴിഞ്ഞ ദിവസം പിടിയിലായത്.