സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ അയാർത്ഥികളുടെ എണ്ണത്തിൽ വൻ വർധനവ്. 2008നെ അപേക്ഷിച്ച് 126% ആണ് രാജ്യത്തേയ്ക്കുള്ള അഭയാർത്ഥികൾ വർദ്ധിച്ചത്. ഇതോടെ വിവിധ വഴികളിലൂടെയായി ഇവരെ സഹായിക്കുക വഴി സ്വകാര്യ കമ്പനികൾക്ക് 53.67 മില്ല്യൺ യൂറോയാണ് വരുമാനമായി ലഭിക്കുന്നത്.അഭയാർഥികൾക്ക് സഹായമൊരുക്കാനായി സൗകര്യമൊരുക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്നത് സ്വകാര്യ കമ്പനികളെയാണ്.
പാക്കിസ്ഥാനിൽ നിന്നുമാണ് ഏറ്റവും കൂടുതൽ അയാർത്ഥികളെത്തുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും 56%, ഏഷ്യൻ രാജ്യങ്ങളിൽ നിന്നും 36% എന്നിങ്ങനെയും അഭയാർത്ഥികളെത്തുന്നു. അഭയാർത്ഥികൾക്ക് താമസസൗകര്യമൊരുക്കുന്നതിനായി 46.67 മില്ല്യൺ യൂറോയാണ് സർക്കാർ 28 സ്വകാര്യ കമ്പനികൾക്കായി നൽകിയിട്ടുള്ളത്.ബാക്കി തുക സർക്കാർ ഏജൻസികൾ വഴിതന്നെയാണ് ചിലവാക്കപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുമായുള്ള കരാർ അനുസരിച്ചും ഫണ്ടിംഗ് പ്രയോജനപ്പെടുത്തിയും നിയമാനുസൃതം വരുന്ന അഭയാർഥികളെ കൂടാതെ അനധികൃതമായി എത്തുന്ന അഭയാർഥികളെയും കാലാകാലങ്ങളിൽ അയർലണ്ടിൽ സ്വീകരിക്കുന്നുണ്ട്. കാർലോ,മീത്ത്,ലോംഗ്‌ഫോർഡ് ,ലീമെറിക്ക്,വാട്ടർഫോർഡ്,ഗോൾവേ,കിൽഡയർ എന്നി കൗണ്ടികളിലാണ് പ്രധാനക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ബ്രിട്ടൺ വഴിയാണ് കൂടുതൽ അഭയാർഥികളും അയർലണ്ടിൽ എത്തുന്നത്.സർക്കാർ കണക്കിൽ അഭയാർഥിയായി പെടുത്തണമെങ്കിൽ നീണ്ട കാലം എടുക്കുമെങ്കിലും ഇവർ എത്തപ്പെടുമ്പോൾ മുതൽ അംഗീകാരം ലഭിക്കുന്നത് വരെയോ,ഡീപോർട്ട് ചെയ്യുന്നത് വരെയോ ഉള്ള കാലം മുഴുവൻ സർക്കാർ ചിലവാണ് ഇവർക്ക് നൽകേണ്ടത്.താമസവും ഭക്ഷണവും മാത്രമല്ല ഭാഷാസഹായികളുടെ(ഇന്റർപ്രട്ടർ)സഹായവും ഇവർക്കായി ഒരുക്കിയിട്ടുണ്ട്.