ഡബ്ലിന്‍: ഇന്ത്യയില്‍ നിന്നടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സര്‍ക്കാരിന്റെ പുതിയ നിയമം. പഠനത്തിനായി അയര്‍ലന്റിലെത്തി പഠനം കഴിഞ്ഞും അയര്‍ലണ്ടില്‍ തന്നെ താമസിക്കാമെന്ന സര്‍ക്കാരിന്റെ പുതിയ നിയമം ഉടന്‍ പ്രാബല്യത്തില്‍ വരും. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയ്ക്ക് പുറത്തു നിന്ന് അയര്‍ലന്റിലെത്തിയ 5000 പേര്‍ക്ക് പ്രയോജനപ്പെടുന്ന സ്‌കീമിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.
2011 ല്‍ സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന ഇമിഗ്രെഷന്‍ സ്‌കീമിന്റെ തുടര്‍ച്ചാണ് ഇതെന്നും പറയാം. 2005 ജനുവരിയ്ക്കും 2010 ഡിസംബറിനും മദ്ധ്യേ അയര്‍ലന്റിലെത്തുകയും പഠനത്തിന് ശേഷം ജോലിയില്‍ തുടരുകയും ചെയ്തവര്‍ക്കാണ് ഈ സ്‌കീമിന്റെ പ്രയോജനം ലഭിക്കുക. പഠനശേഷവും ഇവിടെ തുടരാനുള്ള വിദ്യര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷമാണ് സര്‍ക്കാര്‍ പുതിയ സ്‌കീമുമായി മുന്നോട്ടുവന്നത്. യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവയ്ക്ക് പുറത്തുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് വര്‍ഷം വരെ മാത്രം അയര്‍ലണ്ടില്‍ തുടരാനുള്ള പോളിസി 2011 ല്‍ ഐറിഷ് ഗവണ്മെന്റ് അവതരിപ്പിച്ചിരുന്നു.
ഇതിനെ ചോദ്യം ചെയ്ത കോടതിയിലെത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ കേസുകളില്‍ കോടതി വിധി പ്രസ്താവിച്ചിരുന്നു. പഠനത്തിനായി അയര്‍ലണ്ടിലെത്തിയ ഇവര്‍ പഠനത്തിന് ശേഷം അയര്‍ലണ്ടില്‍ ജോലിയില്‍ തുടരാനും സാധാരണ രീതിയിലുള്ള സോഷ്യല്‍ വെല്‍ഫെയര്‍ പേയ്മെന്റുകള്‍ ലഭിക്കാനുമാണ് കോടതിയെ സമീപിച്ചത്. ഒരു കേസില്‍ അയര്‍ലണ്ടില്‍ സ്ഥിരമാക്കിയ സ്ത്രീയുടെ രണ്ട് മക്കളുടെ അപേക്ഷയും, മറ്റൊന്നില്‍ ഐറിഷ് പൗരത്വമിലാത്ത പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയും അയര്‍ലണ്ടില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുകയും ചെയ്ത കേസുകളായിരുന്നു.
ഈ രണ്ട് കേസിലും കോടതി ഇവരെ അയര്‍ലണ്ടില്‍ താമസിക്കാനും ജോലിയില്‍ തുടരാനും അനുവദിച്ചു. ആര്‍ട്ടിക്കിള്‍ എട്ട് പ്രകാരമുള്ള ഇവരുടെ അവകാശങ്ങളും കോടതി അംഗീകരിച്ചു. ഇതിന്‍ പ്രകാരമാണ് ഐറിഷ് ഗവണ്മെന്റ് പുതിയ ഇമിഗ്രെഷന്‍ സ്‌കീമിന് അനുമതി നല്‍കിയത്. ഐറിഷ് നാഷണല്‍ ഇമിഗ്രേഷന്‍ സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം യൂറോപ്യന്‍ എക്കണോമിക് ഏരിയയ്ക്ക് പുറത്തുള്ള ഏകദേശം 3,500 മുതല്‍ 5,500 പേര്‍ക്ക് പുതിയ സ്‌കീമില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ടെന്ന് വിലയിരുത്തുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും,കോഴ്‌സുകളും അയര്‍ലണ്ടിനെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരമാക്കുന്നു.
താമസസൗകര്യങ്ങളുടെ അഭാവവും,ജോലി കണ്ടെത്താനുള്ള വൈഷമ്യവും പരിഹരിച്ച് കൂടുതല്‍ വിദ്യാര്‍ഥികളെ എത്തിക്കാനുള്ള നയങ്ങളുടെ ഭാഗമാണ് പുതിയ നയഭേദഗതി. ബ്രിട്ടന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ അയര്‍ലന്‍ഡിലേക്കുള്ള പഠിതാക്കളുടെ എണ്ണം കൂടിയിരുന്നു. ലോകോത്തരമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോഴ്സുകളും അയര്‍ലന്‍ഡിനെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രിയങ്കരമാക്കുന്നത്.