അയര്‍ലണ്ടില്‍ ഇന്ന് പകല്‍ മണിക്കൂറില്‍ 65 മുതല്‍ 80 കി.മി വേഗതയുള്ള ഡയാന കൊടുങ്കാറ്റ് ആഞ്ഞടിക്കും. കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് മെറ്റ് ഐറാന്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അറ്റ്‌ലാന്റിക്കില്‍ നിന്നും എത്തുന്ന കാറ്റ് മണിക്കൂറില്‍ 110 മുതല്‍ 130 മൈല്‍ വേഗതയുള്ള കൊടുങ്കാറ്റായി മാറുമെന്നാണ് കരുതുന്നത്. ഡയാനയുടെ സംഹാരതാണ്ഡവം കൂടിയാവുമ്പോള്‍ കാലാവസ്ഥ പ്രക്ഷുബ്ധമായേക്കാമെന്ന കടുത്ത കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് നല്‍കിയിരിക്കുന്നത്. രാജ്യത്തെ അതീവ ജാഗ്രത പാലിക്കേണ്ട ആറ് കൗണ്ടികളില്‍ ഓറഞ്ച് വാണിങ്ങുകളും മറ്റിടങ്ങളില്‍ യെല്ലോ വാണിങ്ങും നല്‍കിക്കഴിഞ്ഞു. ഇന്ന് പകല്‍ ആറ് മണി മുതല്‍ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലും രാവിലെ ഒന്‍പത് മണി മുതല്‍ ക്ലയര്‍, വെക്‌സ്ഫോര്‍ഡ്, ഗാല്‍വേ എന്നീ കൗണ്ടികളിലും ഓറഞ്ച് വാണിങ്ങുകള്‍ നിലവില്‍ വരും.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ഇന്ന് പകല്‍ മുഴുവന്‍ യെല്ലോ വാണിങ്ങുകളും മെറ്റ് ഐറാന്‍ പുറപ്പെടുവിച്ചു. അറ്റ്‌ലാന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും, കടല്‍ക്ഷോപവും ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും.
ഇന്ന് പകലും നാളെ പുലര്‍ച്ചയുമാണ് കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കരുതലെടുക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. പേമാരിയില്‍ റോഡ് ഗതാഗതം താറുമാറാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
കനത്ത മഴ, വെള്ളപൊക്കം, മരങ്ങള്‍ ഒടിഞ്ഞുവീഴുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതി തടസ്സം, തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. 110 കിലോ മീറ്റര്‍ വേഗതയിലെത്തുന്ന ഡയാന കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന ഭീതിയുമുണ്ട്. അയര്‍ലണ്ടില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ, ശക്തമായ മഞ്ഞുപെയ്ത്തിനും ഇടയാക്കുമെനാണ് കരുതുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് ഏറെ നാശം വിതച്ച് കടന്ന് പോയ ഹെലന്‍, അലി, ബ്രൂണ, ക്യല്ലും കൊടുങ്കാറ്റുകള്‍ക്ക് ശേഷമാണ് കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ഡയാന കൊടുങ്കാറ്റ് അയര്‍ലന്റിലേക്ക് എത്തുന്നത്. പോര്‍ട്ടുഗീസ് കാലാവസ്ഥ നിരീക്ഷകരാണ് ഈ കുടുങ്കാറ്റിന് ഡയാന എന്ന പേര് നല്‍കിയത്.