സ്വന്തം ലേഖകൻ
ഡബ്ലിൻ: മോട്ടോർ ഇൻഷുറൻസ്, വീട്ടുവാടക തുടങ്ങിയവ കുതിച്ചുയർന്നതോടെ രാജ്യത്ത് ജീവിതച്ചെലവ് താങ്ങാൻ കഴിയാതെ സാധാരണക്കാർ കഷ്ടപ്പെടുന്നതായി പഠനങ്ങൾ.ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരെയാണ് ഈ വിലവർദ്ധന വലിയ തോതിൽ ബാധിക്കുന്നത്. പൊതുവെ വിലവർദ്ധന ശമിച്ചിരിക്കുമ്പോളാണ് ഇൻഷുറൻസ്, വാടക മേഖലകളിലെ വർദ്ധനവ്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (സി.എസ്.ഒ) കണക്കു പ്രകാരം കഴിഞ്ഞ 12 മാസത്തിനിടെ മോട്ടോർ ഇൻഷുറൻസിൽ 32.6% വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.അതായത് കഴിഞ്ഞ വർഷം 500 യൂറോയ്ക്ക ഇൻഷുറൻസ് ലഭിക്കുമായിരുന്നെങ്കിൽ ഇന്ന് 663 യൂറോ മുടക്കണം എന്നർത്ഥം. മുമ്പ് വളരെ കുറഞ്ഞ ചെലവിൽ ഇൻഷുറൻസ് ലഭിച്ചിരുന്നതും, പുതുതായി നിലവിൽ വന്ന നിയമങ്ങളും, മേഖലയിൽ നിക്ഷേപം കുറഞ്ഞതും, ഇൻഷുറൻസ് കേസുകളിൽ വലിയ തുകകൾ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നതുമാണ് ഈ മേഖലയിലെ ചെലവ് ഉയരാൻ കാരണം.
വീട്ടുവാടകയിൽ 9.5 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായാണ് സി.എസ്.ഒ കണക്കാക്കുന്നത്.വീടുകളുടെ ലഭ്യതക്കുറവും, വീട്ടുവാടക വർദ്ധിപ്പിക്കുന്നത് അടുത്ത രണ്ടു വർഷത്തേയ്ക്ക് മരവിപ്പിക്കാനുള്ള സർക്കാർ നീക്കവുമാണ് ഈ വർദ്ധനവിനു പിന്നിൽ.
ഇവയ്ക്കു പുറമെ ഉരുളക്കിഴങ്ങിന് 14.1%, അരി 2.4%, പാസ്ത 2.8% എന്നിങ്ങനെയും ഒരു വർഷത്തിനിടെ വിലവർദ്ധിച്ചതായി സി എസ് ഓയുടെ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസച്ചെലവുകളും വർദ്ധിച്ചിട്ടുണ്ട്. പെട്രോൾ, ഡീസൽ വില കുറഞ്ഞതു കാരണം യാത്രാചെലവുകളിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട് എങ്കിലും പൊതുഗതാഗത ചിലവുകൾ കൂടി. ഇലക്ട്രിസിറ്റി, ഗ്യാസ് എന്നിവയക്കു പക്ഷെ വില കുറഞ്ഞിട്ടുണ്ട്.