പി.പി ചെറിയാൻ
ഡബ്ലിൻ: വേൾഡ് മലയാളീ കൌൺസിൽ അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ ‘Social Responsibiltiy Award’ന് ഈ വർഷം മേരി മക്കോർമക്ക് അർഹയായി. മേരി മക്കോർമക്കിന്റെ നേതൃത്വത്തിലുള്ള അസ്സീസി ചാരിറ്റബിൾ ഫൌണ്ടേഷൻ വഴി കേരളത്തിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളാണ് ഈ അവാർഡിന് അവരെ അർഹയാക്കിയത്.
2005ൽ കേരളം സന്ദർശിച്ചതിനു ശേഷമാണ് മേരി മക്കോർമക്കും കാതറീൻ ഡൺലേവിയും ചേർന്ന് അയർലണ്ടിൽ അസ്സീസി ചാരിറ്റബിൾ ഫൌണ്ടേഷൻ സ്ഥാപിച്ചത്. അസ്സീസി ചാരിറ്റബിൾ ഫൌണ്ടേഷൻ കേരളത്തിൽ കേരളാ അയർലൻഡ് ഫൌണ്ടേഷനെന്ന പേരിലാണ് വീടുകളും, സ്‌കൂളും, അനാഥാലയവും ഒക്കെ നിർമ്മിച്ചു കേരളത്തിൽ പ്രവർത്തനങ്ങൾ നടത്തിയത്.
എറണാകുളം ജില്ലയിലെ കുമ്പളങ്ങിയിൽ 2006ൽ ആരംഭിച്ച കുട്ടികളുടെ അനാഥമന്ദിരമാണ് അസ്സീസി ചാരിറ്റിയുടെ ആദ്യ സംരംഭം. ചോറ്റാനിക്കര, കാരി , എരമല്ലൂർ,ചെല്ലാനം എന്നിവിടങ്ങളിലായി 2015 ഓടെ 60 വീടുകളുടെ നിർമ്മാണവും 30 വീടുകളുടെ അറ്റകുറ്റ പണികളും തീർക്കാൻ മേരിയുടെ പ്രവത്തനങ്ങൾക്കായി. കാരിയിൽ തന്നെ ലിറ്റിൽ ഫ്‌ലവർ ഇംഗ്ലീഷ് മീഡിയം സ്‌കൂളും 2009 ഓടെ ആരംഭിച്ചു.
കൊച്ചിയിലെ റോട്ടറി ക്ലബുമായി ചേർന്ന് കുടിവെള്ളത്തിനുള്ള സംവിധാനവും യുവതികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനുള്ള സംരംഭങ്ങളും ചാരിറ്റിയുടെ പേരിൽ നടത്തപ്പെട്ടു.
കേരളത്തിലെ വിദ്യാസമ്പന്നരായ അനവധി പേർക്ക്, പ്രത്യേകിച്ച് നഴ്‌സിംഗ് രംഗത്ത് , തൊഴിൽദാതാവായും മേരി മക്കോർമക്കിന്റെ സേവനം ഉപയോഗപ്പെട്ടിട്ടുണ്ട്.
ഡിസംബർ 29 ന് നടക്കുന്ന ഡബ്‌ള്യ.എം.സി അയർലൻഡ് പ്രൊവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ ബഹു. മന്ത്രി പാട്രിക് ഡോണോഹൂ മേരി മക്കോർമക്കിന് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി അവാർഡ്‌സമ്മാനിക്കും. തദവസരത്തിൽ അയർലണ്ടിലെ വിവിധ സംഘടനാ പ്രതിനിധികളും മേരി മക്കോർമക്കിനെ ആദരിക്കും.
അയർലണ്ടിലെ എല്ലാ മലയാളികളെയും ഈ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.