സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് എത്തുന്ന നഴ്‌സുമാരുടെ യോഗ്യതകൾ കർശനമായി പരിശോധിക്കുന്നതിനൊരുങ്ങി സർക്കാർ. മതിയായ യോഗ്യതയില്ലാ്ത്തവർക്കു പിൻനമ്പർ അനുവദിക്കാതിരിക്കുന്നത് അടക്കമുള്ള ശക്തമായ നടപടികളാണ് ഇപ്പോൾ സർക്കാർ വിഭാവനം ചെയ്തിരിക്കുന്നത്. യോഗ്യതയില്ലാത്ത നഴ്‌സുമാർ കടന്നു കൂടുന്നത് ഒഴിവാക്കുന്നതിനായാണ് ഇപ്പോൾ കർശന നടപടികൾ സർക്കാർ ശുപാർശ ചെയ്യുന്നത്.
പ്രധാനമായും ഇന്ത്യയിൽ നിന്നും അയർലണ്ടിലേക്ക് റിക്രൂട്ട് ചെയ്യുന്ന നഴ്‌സുമാരുടെ യോഗ്യതാ പരിശോധനകളാണ് ഇപ്പോൾ സർക്കാർ കർശനമായി പരിശോധനാ വിധേയമാക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ അയർലണ്ടിൽ എത്തിയ ഡസൻ കണക്കിന് നഴ്‌സുമാർക്ക് പിൻ നമ്പർ നിഷേധിക്കുന്നതടക്കമുള്ള നടപടികളിലേക്കാണ് ഇതിന്റെ ഭാഗമായി സർക്കാർ നീങ്ങുന്നത്. മതിയായ യോഗ്യതയില്ലാത്തവർക്കു ഇനി രാജ്യത്ത് നിലനിൽപ്പു തന്നെ ഭീഷണിയിലാകുന്ന സൂചനയാണ് ലഭിക്കുന്നത്.
ജോലിയിലുള്ള മികവോ പരിജ്ഞാനകുറവോ പ്രശ്‌നമാക്കുന്നതിനുപരി കൃത്യമായ സർട്ടിഫിക്കേറ്റുകളുടെ അഭാവവും ചിലരുടെയെങ്കിലും ജോലി സ്ഥിരമാക്കാതിരിക്കാൻ കാരണമാകും എന്നത് ഇന്ത്യൻ സമൂഹത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കുന്ന അവസ്ഥയിലേക്ക് സംഭവങ്ങളെ കൊണ്ടെത്തിച്ചിട്ടുണ്ട്.
വ്യാജ സർട്ടിഫിക്കേറ്റുകൾ കണ്ടെത്തിയാൽ ഡീ പോർട്ടേഷൻ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങാനാണ് നഴ്‌സിംഗ് ബോർഡിന്റെ തീരുമാനമത്രേ.നഴ്‌സിംഗിന്റെ മാത്രമല്ല ഐഇഎൽടിഎസ് സർട്ടിഫിക്കേറ്റുകളും നഴ്‌സിംഗ് ബോർഡിന്റെ പരിശോധനയിൽ ഉൾപ്പെടുന്നുണ്ട്.വ്യാജമായ മുൻപരിചയ സർട്ടിഫിക്കേറ്റുകൾ,റഫറൻസ് ലെറ്ററുകൾ എന്നിവയെല്ലാം പരിശോധിക്കുന്നതിനൊപ്പം പരിശീലനത്തിനായി അയയ്ക്കപ്പെടുന്ന ആശുപത്രികളിൽ ഇവരുടെ തൊഴിൽ പരിജ്ഞാനം കൃത്യമായി വിശകലനം ചെയ്യാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ഡബ്ലിനിലെ ഒരു പ്രമുഖ ഹോസ്പിറ്റലിൽ അഡാപ്‌റ്റേഷന് അയക്കപ്പെട്ട ഒരു ഇന്ത്യൻ നഴ്‌സിനെ അപേക്ഷയിൽ കാണിച്ചിരുന്ന പ്രകാരം മുൻ പരിചയമുള്ള അതേ ഡിപ്പാർട്ട്‌മെന്റിലേയ്ക്ക് ട്രെയിനിംഗിന് നിയോഗിച്ചിട്ടും നഴ്‌സിംഗിന്റെ പ്രാഥമിക പാഠങ്ങൾ പോലും അറിയില്ല എന്ന് കണ്ടെത്തിയതിനാലാണ് പിൻ നമ്പർ നിഷേധിച്ചത്.ഇതേ ഹോസ്പിറ്റലിൽ മാത്രം കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ ആറോളം പേരാണ് അഡാപ്‌റ്റേഷൻ വിജയകരമായി പൂർത്തിയാക്കാൻ കഴിയാതെ പോയത്.
അതേ സമയം ഐ ഇ എൽ ടി എസ് പരീക്ഷാ സർട്ടിഫിക്കേറ്റുകൾ വ്യാജമായി സമർപ്പിച്ച് ട്രെയിനിംഗ് പൂർത്തിയാക്കിയതായി സംശയിക്കുന്നവരുടെ പേരിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒരു ലക്ഷം മുതൽ ഏഴു ലക്ഷം രൂപ വരെ നൽകി മൌരീഷ്യസ്,ശ്രീലങ്ക,മലേഷ്യ എന്നിവിടങ്ങളിലും ഇന്ത്യയിലെ തന്നെ ചില നഗരങ്ങളിലും രജിസ്റ്റർ ചെയ്യിച്ച് പരീക്ഷയെഴുതിയവർ ഇക്കൂട്ടത്തിൽ ഉണ്ടെന്നാണ് ലഭ്യമായ വിവരം.
മറ്റു ഏഷ്യൻ രാജ്യങ്ങളിൽ പോയി പരീക്ഷയെഴുതി ജയിക്കുന്ന മലയാളികളുടെ എണ്ണത്തിലുണ്ടായിട്ടുള്ള വർദ്ധനവ് ഐ ഇ എൽ ടി എസ് പരീക്ഷയിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന സംശയം ബലപ്പെടുത്തുന്നതാണെന്നും മുമ്പേ ആരോപണമുണ്ടായിരുന്നു.
യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി കൂടുതൽ പണം വാങ്ങി അതിനൊപ്പം ഐ ഇ എൽ ടി എസ് പാസാക്കാനുള്ള സഹായം ചെയ്യുന്ന ചില റിക്രൂട്ട്‌മെന്റ് ഏജൻസികളും ചില വിദേശമലയാളികളുടെ നേതൃത്വത്തിൽ തന്നെ പ്രവർത്തിക്കുന്നതായി ഐറിഷ് മലയാളി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഇപ്പോഴും അയർലണ്ടിലെ റിക്രൂട്ട്‌മെന്റ് ഏജൻസികൾ നാട്ടിൽ നിന്നും പണം വാങ്ങിയും അല്ലാതയും നഴ്‌സുമാരെ ഇങ്ങോട്ടേക്ക് കൊണ്ട് വരുന്നുണ്ട്.ഇവരിൽ ചിലരെങ്കിലും അറിഞ്ഞോ അറിയാതെയോ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം.സാങ്കേതികമായി ഏജൻസികൾ രക്ഷപ്പെടുമെങ്കിലും അന്തിമമായി നഷ്ടം സംഭവിക്കുക ലക്ഷങ്ങൾ മുടക്കി ഇവിടെ എത്തുന്ന ഉദ്യോഗാർഥികൾക്കാവും.
എക്‌സ്പീരിയൻസ് സർട്ടിഫിക്കേറ്റുകൾ അടക്കമുള്ള വ്യാജ രേഖകൾ ചമച്ച് അയർലണ്ടിൽ എത്തുന്നവർ കുടുക്കിലായേക്കും എന്നതിലുപരി ഇന്ത്യയിൽ നിന്നുള്ള ഭാവി റിക്രൂട്ട്‌മെന്റുകൾ പോലും ഇത്തരം സംഭവങ്ങൾ വഴി ഇല്ലാതാക്കാൻ കാരണമായേക്കുമെന്ന ആശങ്കയിലാണ്.