ഐറിഷ് ടീമുകളെ നിഷ്പ്രയാസം തറപറ്റിച്ച് മലയാളി ചുണക്കുട്ടന്മാര്‍ 2018 കോര്‍ക്ക് ട്വന്റി-ട്വന്റി കപ്പ് സ്വന്തമാക്കി. ജൂലൈ 25-ന് മിഡില്‍ ടൌണ്‍ ഹോം ടൌണ്‍ ഗ്രൗണ്ടില്‍ അതിഗംഭീരമായ പ്രകടനം കാഴ്ചവെച്ച കോര്‍ക്ക് തണ്ടേഴ്‌സ് ഹാര്‍ലികിന്‍ മാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയാണ് ടൂര്‍ണമെന്റില്‍ ജേതാക്കളായത്. കോര്‍ക്ക് തണ്ടേഴ്‌സിന്റെ ജിസ്സണ്‍ (36 റണ്‍സ്), അരുണ്‍ (22 റണ്‍സ്), ജിം പാറ്റ്സണ്‍ (23-നോട്ട് ഔട്ട്) എന്നിവര്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തി. മുന്‍പ് നടന്ന പരമ്പരകളില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചാണ് ഇവര്‍ ഫൈനലില്‍ പ്രവേശിച്ചത്. കോര്‍ക്ക് തണ്ടേഴ്‌സിന്റെ രോഹിത് (40 റണ്‍സ്) ടോപ് സ്‌കോറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. കോര്‍ക്ക് കൗണ്ടി ലയണ്‍സ്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്, ഹാര്‍ലികിന്‍സ് തുടങ്ങിയ ശക്തരായ 9 ടീമുകളെ പരാജയപ്പെടുത്തിയ കോര്‍ക്ക് തണ്ടേഴ്‌സ് തുടര്‍ച്ചയായ മത്സരത്തിലൂടെ വിജയം കൈവരിക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹാര്‍ലികിന്‍ മാസ്റ്റേഴ്‌സ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടമാക്കി 147 റണ്‍സ് നേടിയെങ്കിലും മറുപടി ബാറ്റിങ്ങിനിറങ്ങിയ മലയാളി ടീം കോര്‍ക്ക് തണ്ടേഴ്‌സ് 17 ഓവറില്‍ 6 വിക്കറ്റ് നിലനിര്‍ത്തിക്കൊണ്ട് ലക്ഷ്യം നേടുകയായിരുന്നു.