അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: വാട്ടർ ചാർജ് പ്രതിസന്ധിയിൽ തട്ടി അയർലൻഡിലെ സർക്കാർ രൂപീകരണം വഴിമുട്ടുന്നു. എന്നാൽ, പ്രതിസന്ധി പരിഹരിക്കാൻ വാട്ടർ ചാർജിൽ വിട്ടു വീഴ്ചയ്ക്കു തയ്യാറാണെന്ന നിലപാടിൽ ഫൈൻ ഗായേൽ എത്തിയിട്ടുണ്ട്.
വാട്ടർ ചാർജ് എന്ന ഒരൊറ്റ പ്രധാന വിഷയത്തിൽ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അയർലണ്ടിലെ മന്ത്രിസഭാ രൂപീകരണചർച്ചകൾ അനന്തമായി നീളുന്നത്. ഏതു വിധേനെയും സർക്കാർ ഉണ്ടാക്കാനുള്ള സാധ്യതകൾ തേടുന്ന ഫൈൻ ഗായേൽ പാർട്ടി വാട്ടർ ചാർജ് വിഷയത്തിൽ ഉദാര സമീപനം ഉണ്ടാക്കാമെന്ന സൂചനകൾ നല്കുന്നുണ്ട്. നിലവിലുള്ള വാട്ടർ ചാർജിൽ ഏതാനം വിഭാഗങ്ങൾക്ക് ഇളവ് നല്കാം എന്നതാണ് ഇന്നലെ അവർ മുമ്പോട്ടു വെച്ച ധാരണ.പെൻഷൻകാർ,താഴ്ന്ന വരുമാനക്കാർ എന്നിവര്ക്ക് വാട്ടർ ചാർജിൽ ഇളവു നല്കുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി ലിയോ വരെദ്കർ തന്നെ വെളിപ്പെടുത്തി.ഐറിഷ് വാട്ടറിന്റെ ഘടനയിൽ വരുത്തേണ്ട മുഴുവൻ മാറ്റങ്ങളും പാർട്ടിയുടെ ഉന്നതതല സമിതികളിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കാൻ ശ്രമിക്കും എന്നാണ് ഫൈൻ ഗായേൽ നേതാക്കളുടെ വാഗ്ദാനം.എന്നാൽ പൂർണ്ണമായും ഐറിഷ് വാട്ടറിനെ ഉപേക്ഷിക്കുവാനുള്ള നീക്കത്തോട് ഫൈൻ ഗായേലിനു് താത്പര്യമില്ല. ആശയപരമായി എതിർ ചേരിയിലാണെങ്കിലും ഫിന്നാ ഫെയിലുമായി ചേർന്ന് മുന്നണി ഉണ്ടാക്കുക എന്നത് മാത്രമാണ് സുസ്ഥിരമായ ഒരു സർക്കാർ ഉണ്ടാക്കുന്നതിന് ഫൈൻ ഗായേലിനു മാർഗം എന്ന ധാരണയിലാണ് വിട്ടുവീഴ്ച്ച്ചകൾക്ക് അവർ തയാറാവുന്നത്. ഫിന്നാ ഫെയിൽ പിന്തുണച്ചില്ലെങ്കിൽ വീണ്ടും ഒരു തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം പോകേണ്ടി വരുമെന്നാണ് ഇടത്തരം നേതാക്കൾ സൂചിപ്പിക്കുന്നത്. അതേ സമയം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഉള്ള പിന്തുണയിൽ കഴിഞ്ഞ ദിവസങ്ങളിൽ മൈക്കിൾ മാർട്ടിൻ നേടിയ പിന്തുണ ഫൈൻ ഗായേലിനെ അമ്പരപ്പിക്കുന്നുണ്ട്.ഇനി ഒരു തിരഞ്ഞെടുപ്പ് നടത്തിയാൽ ഫൈൻ ഗായേലിന്റെ നില കൂടുതൽ പരിതാപകരമാവുമെന്നു കരുതുന്നവരുടെ എണ്ണം കൂടുകയാണ്. അതുകൊണ്ട് തന്നെ ഫിയനാഫാളിനെ തൃപ്തിപ്പെടുത്തി അധികാരത്തിൽ തുടരാനുള്ള അടവ് നയങ്ങളുമായി എന്ഡ കെന്നിയും പാർട്ടിയും മുമ്പോട്ടു പോകുകയാണ്.