ഡബ്ലിൻ: രാജ്യത്ത് ആശുപത്രിയിലും തീവ്രപരിചരണവിഭാഗത്തിലും കൊവിഡ് രോഗികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതുയർത്തുന്ന ആശങ്കകളെക്കുറിച്ച് ചർച്ച ചെയ്യാൻ മന്ത്രിമാരുടെ യോഗം ചേരുമെന്നു റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ ആശുപത്രികളിൽ സാവധാനമെങ്കിലും, കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായും, തീവ്രപരിചരണ വിഭാഗത്തിൽ അടക്കം ചികിത്സ തേടുന്നതായും എച്ച്എസ്ഇയുടെ തലവൻ പോൾ റീഡ് വ്യക്തമാക്കിയത്. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് സംബന്ധിച്ചു വ്യക്തമാക്കിയതാണെങ്കിലും, ഇത്രത്തോളം വേഗം ഇതിനു കൈവരുമെന്നു തീരെ പ്രതീക്ഷിച്ചിരുന്നില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു.
രാജ്യത്തെ ആശുപത്രികളിൽ 177 രോഗികളാണ് തിങ്കളാഴ്ചയുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം 14 പേരുടെ കണക്ക് ഒറ്റ ദിവസം കൊണ്ടു വർദ്ധിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ മാത്രം 27 പേരാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. രോഗികളുടെ എണ്ണം ഓരോ ദിവസവും ക്രമാതീതമായി വർദ്ധിക്കുന്നത് രാജ്യത്ത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഒരു മാസം മുമ്പ് രാജ്യത്ത് 42 കൊവിഡ് രോഗികളാണ് ആശുപത്രികളിൽ ആകെ ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, ഓരോ ദിവസവും കൊവിഡ് കേസുകളും രോഗികളുടെ എണ്ണവും വർദ്ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
ബാങ്ക് അവധി വാരാന്ത്യയിൽ നടത്തിയ പരിശോധനയിൽ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന 78 ശതമാനം ആളുകൾക്കും വാക്‌സിനേഷൻ ലഭിച്ചിട്ടില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് 12 മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കു കുത്തിവയ്പ്പു നൽകുന്നതിനുള്ള ആലോചനാ യോഗം ചേരുന്നതിനും തീരുമാനം ആയിട്ടുണ്ട്. അത് അടുത്ത ദിവസം തന്നെ ചേർന്നേക്കും എന്നാണ് സൂചന.