ഐഎസ് പെണ്‍കുട്ടിക്ക് അടുത്തിടെയുണ്ടായ കുഞ്ഞിനെയെങ്കിലും ബ്രിട്ടനിലേക്കു കൊണ്ടുവരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ കുടുംബം സര്‍ക്കാരിനു മുന്നില്‍. ഷമീമ ബീഗത്തിന്റെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഷമീമയെ കുഞ്ഞിനൊപ്പം ബ്രിട്ടനിലേക്കു കടക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്നു ഷമീമയുടെ അഭിഭാഷകന്‍ അവര്‍ ഇപ്പോള്‍ കഴിയുന്ന വടക്കന്‍ സിറിയയിലെ അഭയാര്‍ഥി ക്യാംപിലെത്തി അമ്മയെയും നവജാതശിശുവിനെയും കാണാനുള്ള നീക്കത്തിലാണ്.
ഷമീമയുടെ പൗരത്വം റദ്ദാക്കിയ നടപടി നീണ്ട നിയമയുദ്ധങ്ങള്‍ക്കു വഴിവയ്ക്കുമെന്നതിനാല്‍ ജെറാ എന്നു പേരിട്ട കുഞ്ഞിനെയെങ്കിലും ബ്രിട്ടനില്‍ എത്തിക്കാനുള്ള ഒരുക്കമാണ് കുടുംബം നടത്തുന്നത്. ഷമീമയുടെ പൗരത്വം റദ്ദാക്കിയെങ്കിലും അവര്‍ക്കു പൗരത്വം ഉള്ള സമയത്തു കുഞ്ഞ് ജനിച്ചതിനാല്‍ ജെറാ ബ്രിട്ടിഷ് പൗരനാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവേദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും സര്‍ക്കാരിന് അന്തിമതീരുമാനമെടുക്കാന്‍ അധികാരമുണ്ട്.
തനിക്കൊപ്പമല്ലാതെ കുഞ്ഞിനെ ബ്രിട്ടനിലേക്ക് അയയ്ക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷമീമ പറഞ്ഞിരുന്നു. സിറിയയില്‍ ആഹാരം പോലും കിട്ടാതെ കുഞ്ഞിനൊപ്പം വലയുകയാണെന്നും അവര്‍ പറയുന്നു. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി.