സ്വന്തം ലേഖകൻ
കോട്ടയം: കേരളത്തിൽഏറ്റവും അധികം മൂലധന നിക്ഷേപം എത്തിക്കുന്ന പ്രവാസികളെ അവഗണിക്കുന്ന ബഡ്ജറ്റാണ് ധനകാര്യമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചതെന്ന് ഒഐസിസി ഗ്ലോബൽ ഓർഗനൈസിഗ് ജനറൽ സെക്രട്ടറി ശങ്കർപിള്ള കുമ്പളത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിദേശരാജ്യങ്ങളിലെ മാന്ദ്യം പ്രവാസികൾക്കിടയിൽ ഉയർത്തുന്ന ആശങ്ക ഏറെയാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചുവരുന്നവരുടെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുകയാണ്. ഇവരുടെ പുനരധിവാസം ആവശ്യമെന്ന് ബജറ്റിൽ പ്രസംഗത്തിൽ ധനകാര്യമന്ത്രി പറയുന്നുണ്ടെങ്കിലും ആശ്വാസകരമായ യാതൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. പ്രവാസികൾക്ക് പുതിയസംരംഭങ്ങൾ തുടങ്ങുന്നതിന് സഹായങ്ങൾ നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകേണ്ട അടിയന്തര സാഹചര്യമാണ് നിലവിലുള്ളത്. ഇത്തരം പദ്ധതികളൊന്നും ബജറ്റിൽ പറഞ്ഞിട്ടില്ല. കേരളത്തിന്റെ പൊതുഖജനാവിനെ താങ്ങി നിർത്തുന്നതിൽ വിദേശികളുടെ പങ്ക് വലുതാണ്. എന്നാൽ ഇവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ യാതൊരു പരിരക്ഷയും നൽകുന്നത് സർക്കാർ പരിഗണിക്കുന്നില്ല. കേരളത്തിൽ പൊതുനിക്ഷേപം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന ധനകാര്യമന്ത്രി പ്രവാസികളെ മറന്നു കൊണ്ടുള്ള ബജറ്റ് അവതരണം പ്രവാസികളോടുള്ള കനത്ത അവഗണനയാണ്. കഴിഞ്ഞ യുഡിഎഫ് ബജറ്റിൽ പ്രവാസികളുടെ ആവശ്യങ്ങൾക്ക് പരിഗണന നൽകിയിരുന്നു.
ഓമനിൽ വെച്ച് ദാരുണമായി കൊലചെയ്യപ്പെട്ട മണർക്കാട് സ്വദേശി ജോൺ ഫിലിപ്പിന്റെയും കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ ഒഐസിസി നൽകും. ഒഐസിസി ഗ്ലോബൽ ഓർഗനൈസിഗ് ജനറൽ സെക്രട്ടറി ശങ്കർപിള്ള കുമ്പളത്ത്, ഒമാൻ നാളണൽ കമ്മറ്റി ഉപാധ്യക്ഷരായ സജി ഔസേപ്പ്, എസ്. പി. നായർ എന്നിവരടങ്ങുന്ന സംഘം ജോൺഫിലിപ്പിന്റെ വീട് സന്ദർശിച്ചു. പ്രവാസികളുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നൽകാൻ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകുന്നില്ലന്നും അദേഹം കുറ്റപ്പെടുത്തി.
വാർത്താ സമ്മേളനത്തിൽ മറ്റ് ഭാരവാഹികളായ എസ്.പി നായർ, നദീർ,സജി എന്നിവരും പങ്കെടുത്തു.