സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയത്തിന്റെ പേരിൽ നടക്കുന്ന വൻ കൊള്ളയ്ക്കു അരുതിവരുത്താൻ സർക്കാർ ഇടപെടുന്നു. കുത്തനെ ഉയരുന്ന മോട്ടോർ ഇൻഷ്വറൻ് പ്രീമിയത്തിനു നിയന്ത്രണം കൊണ്ടു വരുന്നതിനുള്ള നടപടികളുമായി ഡോർ കമ്മിറ്റിയാണ് ഇപ്പോൾ രംഗത്ത് എത്തിയിട്ടുള്ളത്. രാജ്യത്തെ വാഹനങ്ങൾക്കു വിദേശ ഇൻഷ്വറൻസ് കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നാണ് കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. സർക്കാർ പിൻതുണയോടെ കാർ ഇൻഷ്വറൻസ് എന്ന പേരിൽ പദ്ധതി നടപ്പാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
ചില ഇൻഷ്വറൻസ് പ്രീമിയത്തിൽ വന്ന തുകകളുടെ കാര്യത്തിൽ യാതൊരു ന്യായീകരണവും നൽകാൻ പല കമ്പനികൾക്കും സാധിച്ചിട്ടില്ലെന്നും കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. മികച്ച ഡ്രൈവിങ് റെക്കോർഡുള്ള ആളുകൾക്കു പോലും ഇത്തരത്തിൽ അമിതമായ തുക ഇൻഷ്വറൻസ് പ്രീമിയം ഇനത്തിൽ നൽകേണ്ടി വരുന്നുണ്ട്. ജോൺ മക്ഗിന്നസ് ചെയർമാനായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാജ്യത്തെ ഇൻഷ്വറൻസ് കമ്പനികളുടെ ഇടപാടുകൾ സംബന്ധിച്ചുള്ള പഠനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ രാജ്യത്തെ വാഹനങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം ക്രമാതീതമായി വർധിച്ചിരുന്നു. ഇത്തരത്തിൽ അമിത വർധനവ് ഉണ്ടായത് സാധാരണക്കാരുടെ ജീവിതച്ചിലവ് വർധിപ്പിക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ പഠനം നടത്താനായി നിശ്ചയിച്ചത്.