റോം: മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് ശക്തമായ ഭൂകമ്പത്തില്‍ ഇറ്റലിയില്‍ കനത്ത നാശനഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍.
ടെറര്‍ എന്ന പട്ടണം ഏറെക്കൂറെ പൂര്‍ണമായും തകര്‍ന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍ട്രല്‍ നോര്‍ത്തേണ്‍ ഇറ്റലിയിലെ ഈ നഗരത്തില്‍ ഇന്നലെ പ്രാദേശിക സമയം 7.10നാണ് ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. ഓഗസ്റ്റ് 24ന് 300 പേരുടെ ജീവനെടുത്ത ഭൂകമ്പമുണ്ടായി ഒരു മാസം തികയുന്നതിന് മുമ്പെയാണ് ഇറ്റലി വീണ്ടും ഭൂകമ്പത്തിനിരയായിരിക്കുന്നത്.
രാത്രിയിലെ പെരുമഴയ്ക്കിടെയുണ്ടായ ഭൂകമ്പം മൂലം രക്ഷാപ്രവര്‍ത്തനങ്ങള്‍ നരകതുല്യമായിത്തീരുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. റിച്ചര്‍ സ്‌കെയിലില്‍ 5.4 പോയിന്റ് വരെ രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. പിന്നീട് അധികം വൈകാതെ 6.0 പോയിന്റ് രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പവുമുണ്ടായിരുന്നു. റോമില്‍ നിന്നും 80 മൈല്‍ മാറിയുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ടെററിന് പുറമെ വിസോ, ഉസിത, കാസ്റ്റെല്‍ സാന്റാന്‍ജെലോ, സുല്‍ നെറ എന്നീ നഗരങ്ങളിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. രാത്രിയില്‍ മഴയ്ക്കിടെയുണ്ടായ കനത്ത ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യൂതിയുടെ അഭാവത്തില്‍ ഇരുട്ടിലുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അതീവ ദുഷ്‌കരമായിരുന്നു. ആദ്യ ഭൂകമ്പം കഴിഞ്ഞ് ഏതാണ്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടായിരുന്നു രണ്ടാമത് ഭൂകമ്പമുണ്ടായത്. കുലുക്കത്തെ തുടര്‍ന്ന് വിവിധ കെട്ടിടങ്ങള്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നടിഞ്ഞ നിലയിലാണ്. ദുരന്തത്തില്‍ ഭയന്ന് വിറച്ച നിരവധി പേര്‍ പ്രാണരക്ഷാര്‍ത്ഥം ഇരുട്ടില്‍ തെരുവുകളിലിറങ്ങി കരഞ്ഞ് കൊണ്ടോടുന്നത് കാണാമായിരുന്നുവെന്നാണ് ഉസിതയിലെ മേയറായ മാര്‍കോ റിനാള്‍ഡി വെളിപ്പെടുത്തുന്നത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.
ഇവിടുത്തെ അവസ്ഥകള്‍ നേരിട്ട് കണ്ടറിയുന്നതിനായി ഇറ്റാലിയന്‍ പ്രധാനമന്ത്രി മറ്റിയോ റെന്‍സി റോമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഭൂകമ്പത്തെ തുടര്‍ന്ന് കനത്ത മഴയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. പെസ്‌കാരയും അറ്റ്‌ലാന്റയും തമ്മില്‍ നടന്ന സീരീസ് എ മത്സരങ്ങള്‍ രണ്ടാമത്തെ ഭൂകമ്പമുണ്ടായതിനെ തുടര്‍ന്ന് കുറച്ച് നേരം നിര്‍ത്തി വച്ചിരുന്നു. രണ്ടാമത്തെ ഭൂമികുലുക്കം 10 സെക്കന്‍ഡുകള്‍ നീണ്ട് നിന്നിരുന്നു. രണ്ട് ഭൂകമ്പങ്ങളുടെയും പ്രഭവകേന്ദ്രം വാനെറിന താഴ് വരയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാര്‍സെറാത, പെറുജിയ എന്നീ നഗരങ്ങള്‍ക്കിടയിലുള്ള പര്‍വത പ്രദേശമാണിത്. ഉംബ്രിയ റീജിയന്റെ തലസ്ഥാനമാണിത്.ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതി നിലച്ചതിനാല്‍ എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ പോലും മാര്‍ഗമില്ലായിരുന്നുവെന്നാണ് കാസ്റ്റെല്‍ സാന്റാന്‍ജെലോയിലെ മേയറായ മൗറോ ഫാല്‍കുകി വെളിപ്പെടുത്തുന്നത്. ഇരുട്ടത്ത് എമര്‍ജന്‍സി സര്‍വീസുകാരെ കാത്തിരിക്കേണ്ടി വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.
തകര്‍ന്ന് വീണ കെട്ടിടങ്ങള്‍ക്കിടയില്‍ ആളുകള്‍ പരുക്കേറ്റോ മരിച്ചോ കിടക്കുന്നുണ്ടോയെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പരിശോധനയും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുന്നുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് റോമിന് വടക്ക് ഭാഗത്തുള്ള മോട്ടോര്‍വേയുടെ ഒരു ഭാഗം അടയ്‌ക്കേണ്ടി വന്നിട്ടുണ്ട്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രങ്ങളിലൊന്നായ കാസ്റ്റെല്‍ സാന്റന്‍ജെലോ സുള്‍ നെറ പരമ്പരാഗതമായി ഭൂകമ്പസാധ്യതയുള്ള മേഖലയാണെന്നാണ് ഇറ്റലിയിലെ നാഷണല്‍ വല്‍കാനോളജി സെന്റര്‍ വെളിപ്പെടുത്തുന്നത്. ഓഗസ്റ്റ് 24ന് ഇറ്റലിയില്‍ റിച്ചര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ഉണ്ടായിരുന്നത്. മലമ്പ്രദേശമായ അമാട്രൈസ്, നിരവധി ചെറിയ പട്ടണങ്ങള്‍ എന്നിവിടങ്ങളില്‍ ഇതിനെ തുടര്‍ന്ന് കനത്ത നാശമുണ്ടായിരുന്നു. 300 പേര്‍ മരിക്കുകയും ചെയ്തിരുന്നു