ദൈവമേ ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ?  ഗോത്ര വിഭാഗം കൊലപ്പെടുത്തിയ ജോണിന്റെ അവസാനത്തെ ഡയറിക്കുറിപ്പ്

ആന്‍ഡമാനിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ ഗോത്രവര്‍ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ട 26 കാരനായ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗന്റെ ഡയറി കുറിപ്പുകള്‍ കണ്ടുകിട്ടി. ഈ മാസം 17 നാണ് ജോണ്‍ കൊല്ലപ്പെട്ടത്. 16 നു ദ്വീപിലെത്തിയ ജോണിനെ സെന്റിനല്‍ ഗോത്രവര്‍ഗക്കാര്‍ ആക്രമിച്ചിരുന്നു. തിരികെയെത്തിയ ജോണിന്റെ ഡയറിയില്‍ അതിന്റെ ഭയം നിറഞ്ഞ വിവരണമുണ്ട്.

‘ഞാന്‍ ഭയന്നുപോയി. അവിടെനിന്നു സൂര്യാസ്തമയം കണ്ടു. മനോഹരം. എനിക്കു കരച്ചില്‍വന്നു. ഞാന്‍ കാണുന്ന അവസാനത്തെ അസ്തമയമാണോ അതെന്നു തോന്നി’. അയാള്‍ പല തവണ ദ്വീപിലേക്കു പോയിട്ടുണ്ടെന്നാണ് സൂചന. പക്ഷേ അവരുമായി അടുക്കാനുള്ള ശ്രമം പാളിയിരുന്നു. 14 ന് ദ്വീപിലേക്കു പോയെങ്കിലും അന്ന് കരയ്ക്കിറങ്ങാനായില്ല. പിന്നെ 16 നാണു പോയത്. അന്നു ചെറുവള്ളത്തില്‍ തീരത്തിറങ്ങിയ ജോണിനെ അവര്‍ അമ്പും വില്ലുമായി ആക്രമിച്ചു. ഒരു കൗമാരക്കാരന്റെ അമ്പ് ജോണിന്റെ വാട്ടര്‍പ്രൂഫ് ബൈബിളില്‍ തുളച്ചുകയറി. വേട്ടക്കാരായ സെന്റിനല്‍ ഗോത്രവുമായി ബന്ധം സ്ഥാപിക്കാനായിരുന്നു ജോണിന്റെ ശ്രമം. തനിക്കു നേരേ അമ്പുകള്‍ വന്നിട്ടും ജോണ്‍ നടന്നുവെന്ന് കടലില്‍ ബോട്ടിലിരുന്നു സംഭവത്തിനു ദൃക്‌സാക്ഷികളായ മല്‍സ്യത്തൊഴിലാളികള്‍ പിന്നീടു പൊലീസിനോടു പറഞ്ഞിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്നു മടങ്ങിയ ജോണ്‍ പിറ്റേന്നു വീണ്ടും ദ്വീപിലേക്കു പോകുകയായിരുന്നു. അടുത്ത ദിവസം ജോണിന്റേതെന്നു തോന്നിക്കുന്ന ഒരു ശരീരം ഗോത്രവര്‍ഗക്കാര്‍ കെട്ടിവലിക്കുന്നുണ്ടായിരുന്നെന്നും അത് മണലില്‍ പകുതി പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും മല്‍സ്യത്തൊഴിലാളികള്‍ പൊലീസിനോടു പറഞ്ഞിരുന്നു. ‘ദൈവമേ, ഒരാള്‍ പോലും നിന്റെ പേരു കേള്‍ക്കാത്ത, അതിനു സാധ്യത പോലുമില്ലാത്ത ഈ ദ്വീപ് സാത്താന്റെ അവസാനത്തെ ശക്തികേന്ദ്രമാണോ’ ഡയറിയിലെ ജോണിന്റെ കുറിപ്പ് തുടരുന്നു. മതപരിവര്‍ത്തനം ലക്ഷ്യമിട്ടാണ് ജോണ്‍ ദ്വീപിലേക്കു പോയതെന്ന് അയാള്‍ അവസാന നാളുകളില്‍ ബന്ധപ്പെട്ടിരുന്ന ഒരു സുവിശേഷപ്രവര്‍ത്തകന്‍ പൊലീസിനോടു പറഞ്ഞിരുന്നു.

തന്റെ ദൗത്യത്തെപ്പറ്റിയും അതിനോടുള്ള അഭിനിവേശത്തെപ്പറ്റിയും ജോണ്‍ ചൗ ഡയറിക്കുറിപ്പുകളില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, ജോണിനെ കൊലപ്പെടുത്തിയ ഗോത്രവര്‍ഗക്കാര്‍ക്കു മാപ്പു നല്‍കുന്നെന്ന് കുടുംബം അറിയിച്ചു. തീരസംരക്ഷണ സേനയുടെയും മറ്റും കണ്ണുവെട്ടിച്ചാണ് അലന്‍ ദ്വീപില്‍ പ്രവേശിച്ചതെന്നാണ് കരുതപ്പെടുന്നത്. ദ്വീപിലെ താമസക്കാരായ സെന്റിനല്‍ ഗോത്രവിഭാഗം വംശനാശ ഭീഷണി നേരിടുന്നവരായതിനാല്‍ അവരുടെ സ്വകാര്യതയും സുരക്ഷയും പരിഗണിച്ച് ദ്വീപിനു മൂന്നു കിലോമീറ്റര്‍ ചുറ്റളവ് മുന്‍പു നിരോധിതമേഖലയായിരുന്നു.

അടുത്തകാലത്താണ് ഇതില്‍ ഇളവു വരുത്തിയത്. ഇപ്പോള്‍ സെന്റിനല്‍ അടക്കമുള്ള ദ്വീപുകളില്‍ വിദേശികള്‍ക്ക് മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവേശിക്കാം. പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ സെന്റിനലി ഗോത്രത്തില്‍ 40 പേരുണ്ടെന്നാണ് 2011ലെ സെന്‍സസ് അനുസരിച്ചുള്ള വിവരം. ഏഷ്യയിലെ തന്നെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് ഇവര്‍ കരുതപ്പെടുന്നത്. ദ്വീപിലേക്ക് ആരെങ്കിലും പ്രവേശിച്ചാല്‍ അവര്‍ അമ്പും വില്ലുമായി ആക്രമിക്കും. 2004 ലെ സുനാമി സമയത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ദ്വീപിനു മുകളില്‍ കൂടി പറന്ന ഹെലികോപ്റ്ററിനു നേരേയും ഇവര്‍ അമ്പെയ്തിരുന്നു.

Top