ഐറിഷ് ലൈഫ് സയന്‍സ് കമ്പനിയായ ജീനോമിക്സ് മെഡിസിന്‍ ഡബ്ലിനിലെ തങ്ങളുടെ സ്ഥാപനത്തിലേക്ക് അടുത്ത അഞ്ച് വര്‍ഷത്തേക്ക് അറുനൂറോളം വിദഗ്ധ തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. 350 മില്യണ്‍ ചിലവഴിച്ച് അയര്‍ലണ്ട് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴില്‍ കമ്പനി വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ജീനോമിക്സ് മെഡിസിന്‍ അയര്‍ലണ്ട് ഇപ്പോള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അയര്‍ലണ്ടിലെ പത്ത് പേരില്‍ ഒരാള്‍ വീതം ഭാഗമാകുന്ന വിപുലമായ ജീനോമിക്‌സ് ഗവേഷണ പദ്ധതിയാണ് കമ്പനിയുടെ ലക്ഷ്യം. അയര്‍ലണ്ടിലെ ജനങ്ങളില്‍ രോഗകാരണമായ ഏതെങ്കിലും ജനിതക ഘടകങ്ങള്‍ ശരീരത്തിലുണ്ടെങ്കില്‍ മുന്‍കൂട്ടി മനസ്സിലാക്കി തക്കതായ ചികിത്സ ലഭ്യമാക്കാന്‍ ഇതിലൂടെ കഴിയും.
അങ്ങനെയൊരു നല്ല ലോകത്തിലേക്കു വഴിതുറക്കുകയാണ് ജീനോമിക്‌സ് ഗവേഷണത്തിന്റെ ലക്ഷ്യം. ജനിതകവിവരങ്ങളെല്ലാം ഒളിഞ്ഞിരിക്കുന്ന ഡിഎന്‍എയിലെ വിവിധ ക്രമീകരണങ്ങളുടെ കൃത്യത, പ്രവര്‍ത്തനം, ഘടന എന്നിവ സംബന്ധിച്ച് ഏറ്റവും കൃത്യമായ വിവരങ്ങള്‍ മനസ്സിലാക്കാനാണു ജീനോമിക്‌സ് ലക്ഷ്യമിടുന്നത്. കോശങ്ങളിലെ എല്ലാ ജീനുകളെപ്പറ്റിയും അവയെ നിയന്ത്രിക്കുന്ന ഘടകങ്ങളെപ്പറ്റിയും ഉള്ള വിശദപഠനം. ലോകത്ത് ഏറ്റവും കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്ന സങ്കീര്‍ണ മേഖലയാണ് ജീനോമിക്‌സ്. ബയോഇന്‍ഫര്‍മാറ്റിക്‌സ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണു ജീനോമിക്‌സിലെ ഗവേഷണങ്ങളിലേറെയും. നൂതനമായ കംപ്യൂട്ടിങ് വിദ്യകള്‍ ഇതിനു വേണ്ടിവരും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ മാത്രമാണു ജീനോമിക്‌സ് ശക്തമായ പഠനശാഖയായി മാറിയത്. അതിന്റെ സാധ്യതകളത്രയും ഉപയോഗപ്പെടാന്‍ പോകുന്നതേയുള്ളൂ. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയില്‍ വിജയം കൈവരിച്ച ഗവേഷണ സ്ഥാപനമാണ് ജീനോമിക്സ് മെഡിസിനെന്ന് പ്രധാനമന്ത്രി വരേദ്കര്‍ വ്യക്തമാക്കി. സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് വരും വര്‍ഷങ്ങളില്‍ അതിവേഗ വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അതിനായി എല്ലാ സഹായങ്ങളും ഗവണ്മെന്റ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തെ പ്രധാനപ്പെട്ട ഇരുപത്തി നാലോളം ഫാര്‍മ ബയോടെക് കമ്പനികള്‍ അയര്‍ലണ്ടില്‍ ഉണ്ട്. ഈ കമ്പനികള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കും തൊഴില്‍ ദാതാവായും പ്രവര്‍ത്തിച്ചു വരുന്നു.