സ്വന്തം ലേഖകൻ
പെയർലാൻഡ് (ടെക്‌സാസ്) : ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോസാമ്മയുടെ തിരുന്നാൾ ഭക്തിയുടെ നിറവിൽ ജൂലൈ 24 ഞായറാഴ്ച പെയർലാൻഡ് സെന്റ് മേരീസ് ദൈവാലയത്തിൽ വെച്ചു നടത്തപ്പെട്ടു. ആഘോക്ഷമായ തിരുന്നാൾ കുർബാനയ്ക്ക് ഇടവക വികാരി വ.ഫാദർ ആന്റണി സേവ്യർ പുല്ലുകാട്ട് മുഖ്യ കാർമികത്തം വഹിച്ചു. ഫാദർ ഷിജോ കാരിക്കൂട്ടത്തിൽ സഹ കാർമികൻ ആയിരുന്നു. തുടർന്നു നടന്ന, തിരുന്നാൾ പ്രദക്ഷണത്തിനും , നേർച്ച വിതരണങ്ങൾക്കും വിശുദ്ധ അൽഫോസാമ്മയുടെ നാമധേയത്തിലുള്ള ആഷ്‌ലിപോയിന്റ് വാർഡ് നേതൃത്വം കൊടുത്തു. ചെണ്ട മേളവും മുത്തുക്കുടകളും ആഘോഷമായ പ്രദക്ഷണത്തെ കൂടുതൽ ഭക്തിനിർഭരമാക്കി. പരിശുദ്ധ കന്യാമാതാവിന്റേയും, വിശുദ്ധ യൗസേപ്പിതാവിന്റെയും, വിശുദ്ധ അൽഫോസാമ്മയുടേയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ടുള്ള പ്രദക്ഷണത്തിൽ നൂറുകണക്കിനു വിശ്വാസികൾ പങ്കെടുത്തു അനുഗ്രഹങ്ങൾ പ്രാപിച്ചു.
തിരുനാൾ കർമങ്ങൾക്ക് ഇടവക വികാരി റെവ.ഫാദർ ആന്റണി സേവ്യർ പുല്ലുകാട്ടിനോടൊപ്പം ട്രസ്ടിമാരായ ടെന്നിസൺ മാത്യു, ജിമ്മി കുമ്പാട്ട്, ജേക്കബ് തോമസ്, സിബി ചാക്കോ, അൽഫോസാ വാർഡ് പ്രതിനിധി രാജു ജോസഫ് എന്നിവർ നേതൃത്വം കൊടുത്തു.