ഉച്ച വിശ്രമ നിയമം അടുത്ത മാസം 15 മുതൽ

ബിജു കരുനാഗപ്പള്ളി 

അബൂദബി: ശക്തമായ ചൂടില്‍ നിന്ന് തൊഴിലാളികള്‍ക്ക് ആശ്വാസം നല്‍കുന്നതിന് യു.എ.ഇയില്‍ ഉച്ച വിശ്രമ നിയമം ജൂണ്‍ 15 മുതല്‍ നിലവില്‍ വരും. സെപ്റ്റംബര്‍ 15 വരെ മൂന്ന് മാസം നീളുന്ന ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നതിന് മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.  വേനല്‍ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കനത്തപിഴ ലഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത് 12ാം വര്‍ഷമാണ് യു.എ.ഇയില്‍ ഉച്ചവിശ്രമ നിയമം നടപ്പാക്കുന്നത്.
യു.എ.ഇയില്‍ മിക്കയിടങ്ങളിലും വേനല്‍ചൂട് 42 ഡിഗ്രി പിന്നിട്ട് കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് അടുത്തമാസം 15 മുതല്‍ മധ്യാഹ്നവിശ്രമനിയമം നടപ്പാക്കാന്‍ മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം തീരുമാനിച്ചത്.
ഈ കാലയളവില്‍ ഉച്ചക്ക് പന്ത്രണ്ടര മുതല്‍  മൂന്ന് മണി വരെ തൊഴിലാളികളെ തുറസായ സ്ഥലങ്ങളില്‍ വെയിലത്ത് പണിയെടുപ്പിക്കാന്‍ പാടില്ല.  നിയമം ലംഘിച്ച് തൊഴിലാളികളെ വെയിലത്ത് ജോലിക്ക് ഇറക്കിയാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍  പിഴ ലഭിക്കും. കൂടുതല്‍ തൊഴിലാളികളെ ജോലിക്കിറക്കിയാല്‍ അതനുസരിച്ച് പിഴയും കൂടും. പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.  പിഴക്ക് പുറമെ കമ്പനിയുടെ ഗ്രേഡ് താഴ്ത്തും.
താല്‍ക്കാലികമായി കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വെയിലയിത്ത് ജോലിയെടുക്കുന്ന തൊഴിലാളികള്‍ നിര്‍ജലീകരണം, സൂര്യാഘാതം എന്നിവ ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തൊഴിലാളികളുടെ ജോലി സമയം രണ്ട് ഘട്ടങ്ങളിലായി എട്ട് മണിക്കൂറായിരിക്കണം. ഉച്ച വിശ്രമ സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ സ്ഥാപനങ്ങള്‍ ഒരുക്കി നല്‍കണം.
അതേസമയം, പ്രത്യേക കേസുകളില്‍ സാങ്കേതിക കാരണങ്ങള്‍ മൂലം ഉച്ച വിശ്രമ സമയത്തും ജോലി ചെയ്യിക്കാന്‍ അനുവാദമുണ്ടെന്ന് തൊഴില്‍കാര്യ അണ്ടര്‍ സെക്രട്ടറി ഹുമൈദ് ബിന്‍ ദീമാസ് പറഞ്ഞു. ഈ സാഹചര്യങ്ങളില്‍ കമ്പനികള്‍ തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണം. പ്രഥമ ശുശ്രൂഷ സൗകര്യങ്ങളും ശീതീകരണ സംവിധാനവും സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് തടയാനുള്ള മാര്‍ഗങ്ങളും ഒരുക്കണം.
Top