സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്തെ വിദ്യാർഥികൾ എഴുതുന്ന ജൂനിയർ സേർട്ട് പരീക്ഷയുടെ വിജയത്തിനു മാർക്ക് ഉദാരമാക്കാൻ സർക്കാർ തീരുമാനിച്ചു. അടുത്ത വർഷം മുതൽ ജൂനിയർ സേർട്ട് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കു 20 ശതമാനം മാർക്കുണ്ടെങ്കിൽ വിജയിക്കാനാവുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ന്യൂജൂനിയർ സൈക്കിൾ പ്രോഗ്രാമിൽ വരുത്തിയ മാറ്റങ്ങൾക്കു അനുസരിച്ചാണ് ഇപ്പോൾ സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.
ജൂനിയർ സേർട്ട് പരീക്ഷയുടെ എഴുത്തു പരീക്ഷയ്ക്കും, ലേണിങ് പരീക്ഷയ്ക്കുമുള്ള പ്രാധാന്യം കുറയ്ക്കുന്നതിനൊപ്പം, പരീക്ഷയെ പുതിയ രീതിയിൽ സമീപിക്കുന്ന മോഡേൺ അപ്രോച്ചിന്റെ ഭാഗമായി അസൈൻമെന്റിനും മനസിലാക്കൽ രീതിയ്ക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിനാണ് ഇപ്പോൾ എഴുത്തു പരീക്ഷയ്ക്കു 20 ശതമാനം മാർക്ക് മതി വിജയിക്കാൻ എന്നു നിശ്ചയിച്ചിരിക്കുന്നത്. പുതിയ പരീക്ഷ നടത്തിന്റെ ഭാഗമായി അധ്യാപക സംഘടനകൾക്കും വിദ്യാഭ്യാസ മേഖലയിലെ മറ്റു പ്രതിനിധികൾക്കുമായി 24 പേജുള്ള സർക്കുലറാണ് കാര്യങ്ങളെല്ലാം വിശദീകരിച്ചുകൊണ്ടു വിദ്യാഭ്യാസ വകുപ്പ് അധികൃതർ ഇപ്പോൾ വിതരണം ചെയ്തിരിക്കുന്നത്.
പരീക്ഷകൾ എത്തരത്തിൽ നടത്തണം, കുട്ടികൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് എങ്ങിനെ, പരീക്ഷയിൽ മാർക്കിടേണ്ട രീതി എങ്ങിനെ തുടങ്ങിയ വിവിധ വിഷയങ്ങൾ സംബന്ധിച്ചു വിശദമായി ഈ 24 പേജുള്ള സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. നിലവിലുള്ള എഎസ്, ബിഎസ് ഗ്രേഡുകൾക്കു പകം മെറിറ്റ് ഡിസ്റ്റിങ്ഷൻ എന്നങ്ങനെയുള്ള പദങ്ങളാവും ഇനി മുതൽ വിദ്യാഭ്യാസ മേഖലയിൽ ഉപയോഗിക്കു. ജൂനിയർ സെർട്ട് പരീക്ഷ എഴുതുന്ന കുട്ടികൾക്കു മാർക്കുകൾ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും എല്ലാം ഇതേ രീതിയിലായിരിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പുതിയ നിയമപ്രകാരം 90 നും നൂറിനും ഇടയിൽ മാർക്ക് വാങ്ങുന്ന കുട്ടിക്കു ഇനി മുതൽ ഡിസ്റ്റിക്ഷൻ ഉണ്ടാകും എന്നാവും അറിയപ്പെടുക.
75 നും 90 നും ഇടയിൽ മാർക്ക് ഹയർ ഡിസ്റ്റിക്ഷൻ എന്നും, 55 മുതൽ 75 വരെ മെറിറ്റ് എന്നും, 40 മുതൽ 55 വരെ അച്ചീവ്ഡ് എന്നും സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തും. 20 മുതൽ 40 വരെ പാർട്ഷ്യലി അച്ചീവ്ഡ് എന്നും, 20 താഴെയുള്ളതിനെ നോട്ട് ഗ്രേഡഡ് എന്നുമാവും അറിയപ്പെടുകയെന്നും പുതിയ സർക്കുലർ വ്യക്തമാക്കുന്നു.