മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂയോര്‍ക്ക്: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവള വികസനം താമസിപ്പിക്കരുതെന്നും ആയതിനാല്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ന്യൂയോര്‍ക്ക് മലബാര്‍ ഡവലപ്‌മെന്റ് ഫോറം നല്‍കിയ നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സമര്‍പ്പിച്ചതായി യു.എ. നസീര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കേരള ഡവലപ്‌മെന്റ് ഇനീഷ്യേറ്റീവ് (കെ.ഡി.ഐ.) ചെയര്‍മാന്‍ പത്മശ്രീ ഡോ. ആസാദ് മൂപ്പന്‍ എന്നിവര്‍ക്ക് ന്യൂയോര്‍ക്കില്‍ വെച്ചാണ് നിവേദനം നല്‍കിയത്.
പത്മശ്രീ ഡോ. ആസാദ് മൂപ്പനാണ് നിവേദനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൈമാറിയത്. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ.ഡി.ഐ. സി.ഇ.ഒ. ഗോപകുമാര്‍, നിത്യാനന്ദ് കമ്മത്ത്, ടി.സി. അഹമ്മദ് എന്നിവരെക്കൂടാതെ സര്‍ക്കാര്‍ പ്രതിനിധികളും തദവസരത്തില്‍ സന്നിഹിതരായിരുന്നു.
യു.എ. നസീര്‍, ഡോ. അബ്ദുല്‍ അസീസ്, ഹനീഫ് എരഞ്ഞിക്കല്‍, മുസ്തഫാ കമാല്‍, അബ്ദു വെട്ടിക്കത്ത്, ഷാജിദ് അലി മുഹമ്മദ്, ആരിഫ് കളപ്പാടന്‍, സുല്‍ഫിക്കര്‍ ഹബീബ്, മുഹമ്മദ് നയീഫ്, ഷാമില്‍ കാട്ടുങ്ങല്‍ എന്നിവരാണ് മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തെ പ്രതിനിധീകരിച്ച് ന്യൂയോര്‍ക്കിലെ ചര്‍ച്ചയില്‍ പങ്കെടുത്തത്.
ഈ മാസം ആരംഭിക്കാനിരുന്ന നവീകരണ പ്രവൃത്തി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന കേന്ദ്ര സര്‍ക്കാറിന്റേയും അധികൃതരുടേയും നടപടിയില്‍ പ്രതിഷേധമറിയിക്കാനും, എയര്‍പോര്‍ട്ട് വികസനത്തിന് ആവശ്യമായ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കാനുമാണ് ന്യൂയോര്‍ക്കില്‍ ചര്‍ച്ച സംഘടിപ്പിച്ചത്. വിമാനത്താവള നവീകരണം, ക്ലീന്‍ കേരള മുതലായ പദ്ധതികളുടെ പൂര്‍ണ്ണ വിവരങ്ങളടങ്ങിയ നിവേദനമാണ് ഫോറം നല്‍കിയത്.