പി.പി ചെറിയാൻ
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്‌ലാന്റ് കൗണ്ടിയുടെ ആഭിമുഖ്യത്തിൽ കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ഫാ. ഡേവീസ് ചിറമേലിന് സിത്താർ പാലസിൽ വച്ച് വൻ സ്വീകരണവും ഫണ്ട് റൈസിംഗ് ഡിന്നറും നടത്തി.
ജീവകാരുണ്യ പ്രവർത്തനത്തിന്റെ ആൾരൂപമായി മാറിയ ഫാ. ഡേവീസ് ചിറമേലിനെ സ്വീകരിക്കുന്നതിന് മാർക്ക് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.
അദ്ധ്യക്ഷ പ്രസംഗത്തിൽ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. ‘ഐ ഫോർ ദി ബ്ലൈൻഡ് പ്രോഗ്രാമിൽ’ കൂടി നിർധനരായ അമ്പതിലധികം ആളുകൾക്ക് കാഴ്ചശക്തി നൽകുന്നതിനുള്ള സർജറി വൻ വിജയകരമായി നടത്താൻ സാധിച്ചതായി അറിയിച്ചു. കൂടാതെ ഫാ. ഡേവീസ് ചിറമേലിന്റെ കിഡ്‌നി ഫൗണ്ടേഷന് തദവസരത്തിൽ സമാഹരിച്ച തുക മാർക്കിന്റെ ട്രഷറർ റീത്താ മണലിൽ കൈമാറി.
ഫാ ഡേവീസ് ചിറമേലിന്റെ പ്രസംഗത്തിൽ മാർക്ക് ചെയ്യുന്ന ഇതുപോലുള്ള ചാരിറ്റി പ്രവർത്തനം മാതൃകാപരവും, ഇത് അസോസിയേഷന്റെ പേര് അന്വർത്ഥമാക്കുന്നതാണെന്നും പറഞ്ഞു.
അസോസിയേഷൻ സെക്രട്ടറി എൽഡി ജൂഡ് ആയിരുന്നു എം.സി. ജേക്കബ് ചൂരവടി സ്വാഗതം ആശംസിച്ചു. സണ്ണി കല്ലൂപ്പാറ ഫാ. ഡേവീസ് ചിറമേലിനെ പരിചയപ്പെടുത്തി. വൈസ് പ്രസിഡന്റ് സിബി ജോസഫ് നന്ദി പ്രകാശിപ്പിച്ചു.
കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വഴി ഇപ്പോൾ ഒട്ടേറെ കിഡ്‌നിമാറ്റ ശസ്ത്രക്രിയകൾ നടക്കുന്നു. കിഡ്‌നി എടുക്കാൻ അച്ചന്റെ വയർ കീറിയതോടെയാണ് ഫൗണ്ടേഷന് തുടക്കം! മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാനില്ലാത്ത അപൂർവ്വത.
കിഡ്‌നി പ്രവർത്തനരഹിതമാകുമ്പോൾ പലരും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു. ആവശ്യത്തിനു വെള്ളംപോലും കുടിക്കാനാവാത്ത അവസ്ഥ വരുമ്പോൾ ജീവിതം അവസാനിപ്പിക്കാനാണ് പലരും ശ്രമിക്കുക. അത്തരം ഒരാളായിരുന്നു അച്ചൻ കിഡ്‌നി നൽകിയ ഗോപിനാഥൻ.
വൈദീകൻ കിഡ്‌നി കൊടുക്കാമോ എന്നായിരുന്നു അന്നത്തെ ചർച്ച. പകരം അഞ്ചു ലക്ഷം രൂപ കൊടുക്കാൻ സന്നദ്ധനായി ഒരാൾ വന്നു. പക്ഷെ രൂപകൊണ്ട് കിഡ്‌നി ഉണ്ടാവില്ലല്ലോ? അതിനാൽ കിഡ്‌നി കൊടുക്കാൻ തന്നെ അച്ചൻ തീരുമാനിച്ചു. അന്നത്തെ അഞ്ചുലക്ഷം രൂപയിൽ നിന്നാരംഭിച്ച പ്രവർത്തനങ്ങൾ ഇന്നൊരു മഹാപ്രസ്ഥാനമായി. നാലര ലക്ഷത്തോളം പേരാണ് അവയവം ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നത്. ഒരാൾക്ക് കിഡ്‌നി നൽകുമ്പോൾ അയാളുടെ വീട്ടിലെ മറ്റൊരാൾ ഒരു കിഡ്‌നി നൽകണമെന്ന വ്യവസ്ഥ വന്നതിലൂടെ ഒരുപാട് പേർക്ക് പുതുജീവൻ കിട്ടി.
മുൻകൂട്ടി തീരുമാനിച്ച പ്രകാരമല്ല ജീവിതം നയിക്കുന്നതെന്നു അച്ചൻ പറഞ്ഞു. ഇന്ത്യയ്ക്ക് തന്നെ മാതൃകയായ ആക്‌സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട്ട് സർവീസിന്റെ (ആക്ടസ്) തുടക്കം തന്നെ ഉദാഹരണം. നാടക ട്രൂപ്പിലെ യുവാവ് പള്ളിയിൽ നിന്ന് അകലെയല്ലാതെ ആക്‌സിഡന്റിൽപ്പെട്ടു. സ്‌കൂട്ടിറിൽ പോയ അയാളെ ഏതോ വാഹനം ഇടിച്ചിട്ടു. തലയ്ക്ക് പരിക്കേറ്റ് രക്തം വാർന്നു കിടന്ന യുവാവിനെ ആരും ആശുപത്രിയിലാക്കിയില്ല. വൈകാതെ അയാൾ മരിച്ചു.
ഈ സ്ഥിതി മാറ്റാൻ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നു തോന്നി. തൃശൂർ കളക്ടറായിരുന്ന ഉത്തരേന്ത്യക്കാരൻ അൽകേഷ് കുമാർ ശർമയെ കണ്ടു. അദ്ദേഹം ആക്ടസ് രൂപവത്കരിക്കാൻ തുണയായി. തുടർന്ന് ഒരു ആംബുലൻസ് വാങ്ങി. ഇപ്പോൾ തൃശൂർ ജില്ലയിലാകെ 22 ആംബുലൻസുകൾ എമർജൻസി സർവീസുകൾ നൽകി തലങ്ങും വിലങ്ങും പായുന്നു. കളക്ടർ ചെയർമാനായ കമ്മിറ്റിയിൽ താനാണ് സെക്രട്ടറി. പ്രതിദിനം പത്തിരുപത് ആക്‌സിഡന്റുകൾ ഉണ്ടാകുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ യുവാക്കൾ സജീവമായി പ്രവർത്തിക്കുന്നു. തൃശൂർ പൂരം നടക്കുമ്പോൾ 17 ആംബുലൻസുകൾ പുറത്ത് കാവൽ കിടക്കും. ഏതത്യാഹിതത്തിനും ഏതു സമയത്തും സഹായം റെഡി. തൃശൂർ ജില്ലയിൽ വന്ന് വണ്ടിയിടിച്ച് ചോരവാർന്ന് മരിക്കുമെന്നു ആരും പേടിക്കേണ്ട.
സുപ്രീംകോടതി നിയോഗിച്ച ജസ്റ്റീസ് സ്‌കന്ദൻ കമ്മിറ്റി തൃശൂർ മോഡലിൽ എൻജിഒ ഉണ്ടായാലേ അപകട മരണങ്ങൾ കുറയ്ക്കാൻ കഴിയൂ എന്നു റിപ്പോർട്ട് നൽകി. ഇതേ തുടർന്ന് പതിനായിരം കോടിയുടെ പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തി.
പല സാഹചര്യങ്ങളിൽ വിഷമാവസ്ഥയിൽ കഴിയുന്നവരെ കണ്ടില്ലെന്നു നാം നടിക്കരുത്. കൊടുക്കുന്നതാണ് നമ്മുടെ സന്തോഷമായി നിലനിൽക്കുന്നത്. നാം നമ്മളായി തന്നെ ജീവിച്ചാൽ ഒരു പ്രശ്‌നവുമില്ല. നമ്മൾ മറ്റൊരാളാണെന്ന രീതിയിൽ പ്രവർത്തിക്കുമ്പോഴാണ് വേണ്ടാത്ത ടെൻഷനും പ്രശ്‌നങ്ങളുമുണ്ടാകുന്നത്.
ഈ സെപ്റ്റംബറിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നാലാമത്തെ പദയാത്ര നടത്തുന്നുണ്ട്. കഴിയുന്നത്ര വീടുകൾ സന്ദർശിക്കും. വെള്ളം ടെസ്റ്റ് ചെയ്യും. പ്രകൃതിദത്തമായി ജീവിക്കാനുള്ള സന്ദേശം നൽകും.
വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ കല്ലറയിൽ ഒന്നു തൊടണമെന്നത് തന്റെ വളരെകാലത്തെ മോഹമായിരുന്നു. അതു സാധിച്ച് ഒരുമാസം കഴിഞ്ഞപ്പോഴാണ് കിഡ്‌നി നൽകാനുള്ള നിയോഗമുണ്ടായത്.
നല്ല വാക്കുകൾ വലിയ മാറ്റം വരുത്തും. ആത്മാവിൽ ദൈവത്തിന്റെ ശബ്ദം കേൾക്കാൻ നമുക്കാകണം. വേദനിക്കുന്നവർ ധാരാളമുണ്ട്. അവരെ സഹായിക്കുന്നത് സൗമനസ്യമല്ല. മറിച്ച് തിരിച്ചു കൊടുക്കലാണ്. മരണാനന്തരം തന്റെ ശരീരം മെഡിക്കൽ കോളജിനു നല്കാൻ എഴുതിവെച്ചിട്ടുണ്ട്. വൈദീകർക്ക് അങ്ങനെ ചെയ്യാമോ എന്ന ചോദ്യം വന്നു. ഒടുവിൽ രൂപത തെറ്റില്ലെന്നു വിധിയെഴുതി.
ഒരുപാട് പേർക്ക് കിഡ്‌നി നഷ്ടമാകുന്ന സ്ഥിതിയുണ്ട്. പ്രമേഹവും ഹൈപ്പർടെൻഷനുമാണ് പ്രധാന കാരണം. ഭക്ഷണത്തിലെ കൃത്രിമത്വം, വിഷവസ്തുക്കൾ, വ്യായാമമില്ലായ്മ എല്ലാം ദുരന്തം വിളിച്ചുവരുത്തുന്നു.
അമേരിക്കൻ മലയാളി ഒരു ഡോളർ ഒരു ദിവസം നൽകിയാൽ ഒരാൾക്ക് ഡയാലിസിസ് നടത്താനാകും. ഈ പദ്ധതിയിൽ ഇതിനകം അമേരിക്കയിൽ നിന്നു അഞ്ഞൂറോളം പേർ അംഗങ്ങളായിട്ടുണ്ട്.
ഒരു വൃക്ക നൽകിയതുകൊണ്ട് ജീവിതത്തിൽ ഒരു പ്രശ്‌നവും വരില്ലെന്ന് അച്ചൻ ഉറപ്പു പറഞ്ഞു. അനുജന്റെ വൃക്ക സ്വീകരിച്ച് ആരോഗ്യത്തിലേക്ക് മടങ്ങിവന്ന ഫാ. ബിജു നാറാണത്തും വൃക്കദാനത്തിന്റെ മഹത്വം ചൂണ്ടിക്കാട്ടി.