ദുബൈ: വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റ കൊല്ലം ശക്തികുളങ്ങര സ്വദേശി ജോസ്മോന്‍ ഹെന്‍ട്രിക്ക് ഒന്നര ലക്ഷം ദിര്‍ഹവും ഒമ്പത് ശതമാനം പ്രതിഫലവും കോടതി ചെലവുകളും (ഏകദേശം 30 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ ദുബൈ കോടതി വിധിച്ചു. ഷാര്‍ജ നാഷണല്‍ പെയിന്‍റ് പ്രദേശത്ത് 2014 ഡിസംബറിലാണ് ഷാര്‍ജയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ്മോന് ബാംഗ്ളൂര്‍ സ്വദേശി സുഭാഷ് ശാന്താറാം കൃഷ്ണന്‍െറ വാഹനം ഇടിച്ച് സാരമായി പരിക്കേറ്റത്. രാത്രി റോഡ് മുറിച്ച് കടക്കുന്നതിനിടെയായിരുന്നു അപകടം. ഇരുട്ടായതിനാല്‍ റോഡ് മുറിച്ച് കടക്കുന്നയാളെ കണ്ടില്ളെന്നാണ് സുഭാഷ് കോടതിയില്‍ പറഞ്ഞത്. സുഭാഷിന് 1000 ദിര്‍ഹം പിഴചുമത്തി ഷാര്‍ജ ട്രാഫിക് കോടതി വിട്ടയച്ചു.
ഇതിനെതിരെയാണ് ജോസ്മോന്‍ അലി ഇബ്രാഹിം അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി വഴി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഒമാന്‍ ഇന്‍ഷുറന്‍സിനെതിരെ കേസ് ഫയല്‍ ചെയ്തത്. ജോസ്മോന്‍െറ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നാണ് ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ വാദിച്ചത്. എന്നാല്‍ ജോസ്മോന്‍െറ ഭാഗത്തുനിന്ന് അശ്രദ്ധയുണ്ടായിട്ടില്ളെന്നും ഇയാളുടെ ഭാവിജീവിതം, പ്രായം തുടങ്ങിയവ അടിസ്ഥാനമാക്കി നഷ്ടപരിഹാരം അനുവദിക്കണമെന്നും അഡ്വ. അലി ഇബ്രാഹിം വാദിച്ചു. തുടര്‍ന്നാണ് ദുബൈ കോടതി നഷ്ടപരിഹാരം വിധിച്ചത്.