സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനകളിൽ ഒന്നായ കോട്ടയം ക്ലബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ വസന്തോത്സവം 2016 വൈവിധ്യമാർന്ന പരിപാടികൾ കൊണ്ടു ജനശ്രദ്ധ പിടിച്ചു പറ്റി വൻ വിജയമായി.
സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ ജൂൺ 25 നു നടത്തിയ പരിപാടികൾ പ്രസിഡന്റ് എസ്.കെ ചെറിയാൻ, സെക്രട്ടറി മോൻസി കുര്യാക്കോസ്, ട്രഷറർ ബാബു ഫിലിപ്പ് എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.
കോട്ടയം ക്ലബിന്റെ സജീവ പ്രവർത്തകനായിരുന്ന ജേക്കബ് ജോണി(സാബു)ന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയാണ് പരിപാടികൾ ആരംഭിച്ചത്. കോട്ടയം ക്ലബിന്റെ നാളിതുവരെയുള്ള പ്രവർത്തനങ്ങളെപ്പറ്റി പ്രസിഡന്റ് എസ്.കെ ചെറിയാൻ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ച.
തുടർന്നു കലാപരിപാടികൾ ആരംഭിച്ചു. റോഷി സി.മാലത്ത്, ലക്ഷ്മി പീറ്റർ, രാഹുൽ മാർസ്, സുഗു ഫിലിപ്പ്, രേഷ്മ തുടങ്ങിയവർ ആലപിച്ച ശ്രുതി മധുരമായ ഗാനങ്ങളും സുനന്ദ പെർഫോർമിംങ് ആർട്‌സ് ലക്ഷ്മി ഡാൻസ് അക്കാദമി, ദീപ്തി കുര്യാക്കോസ്, കീർത്തി കുര്യാക്കോസ്, ക്രിസ്റ്റിൻ ചാണ്ടി, ജസ്റ്റിൻ ചാണ്ടി, ജനി ജോർജ്, അലക്‌സി ജോയി, ആലീഷ്യ യോയാക്കി, എൽമാ അൻഡ്രൂസ്, സൂസൻ ആൻഡ്രൂസ് എന്നിവരുടെ നൃത്തങ്ങളും അരങ്ങേറി.
സുശീൽ വർക്കല, സുഗു ഫിലിപ്പ് ടീമിന്റെ മിമിക്രിയും സ്‌കിറ്റും കാണികളുടെ കയ്യടി നേടി. ദീപ്തി കുര്യാക്കോസ്, എൽമ ജേക്കബ് എന്നിവർ എംസിമാരായി പരിപാടികൾ നിയന്ത്രിച്ചു. പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്ത സുഗു ഫിലിപ്പിനെയും ആൻഡ്രൂസ് ജേക്കബിനെയും കമ്മിറ്റി പ്രത്യേകം അഭിനന്ദിച്ചു. സെക്രട്ടറി മോൻസി കുര്യാക്കോസ് നന്ദി പ്രകാശിപ്പിച്ചു. ജനപങ്കാളിത്തം കൊണ്ടും പുതുമ നിറഞ്ഞ വ്യത്യസ്ത പരിപാടികൾ കൊണ്ടും ശ്രദ്ധേയമായ വസന്തോത്സവം ഹൃദ്യവും ആസാദ്യവുമായിരുന്നു.