ഡബ്ലിൻ: രാജ്യത്തെ വിദേശകാര്യമന്ത്രാലയത്തിലെ ഇരുപതിലധികം ജീവനക്കാർ കൊവിഡ് മാനദണ്ഡങ്ങളെല്ലാം കാറ്റിൽപറത്തി ആഘോഷങ്ങളിൽ പങ്കെടുത്തതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ലോക്ക് ഡൗണിനിടെയാണ് രാജ്യത്തെ പൊതുജനാരോഗ്യ മാനദണ്ഡങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇവർ ആഘോഷപരിപാടികൾ സംഘടിപ്പിച്ചതാണ് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഈ ആഘോഷത്തിന്റെ ഫോട്ടോ പുറത്ത് വന്നതോടെയാണ് ഇവർ കൊവിഡ് മാനദണ്ഡങ്ങലെല്ലാം ലംഘിച്ചാണ് ഒത്തു കൂടിയതെന്നു വ്യക്തമായിരിക്കുന്നത്.
ഒന്നിച്ച് കൂടി മദ്യപിക്കുകയും, ആഘോഷത്തിന്റെ ഭാഗമായി നൃത്തമാടുകയും ചെയ്തവർ മാസ്‌ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. അയർലൻഡിനെ യു.എൻ സെക്യൂരിറ്റി കൗൺസിലേയ്ക്കു തിരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം വന്ന 2020 ജൂൺ 17 നാണ് വിദേശകാര്യമന്ത്രാലയം കൂട്ടായ്മ സംഘടിപ്പിച്ചതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന ഏറ്റവും പുതിയ വിവരങ്ങൾ.
വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടക്കുമ്പോൾ രാജ്യം അതിരൂക്ഷമായ കൊവിഡ് പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത്തരത്തിൽ കൊവിഡ് പ്രതിസന്ധിയെ മറികടക്കാനാവാതെ രാജ്യം ശ്വാസം മുട്ടുന്ന കാലഘട്ടത്തിലാണ് ഇവർ യാതൊരു മാനദണ്ഡവുമില്ലാതെ രാജ്യത്ത് ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്നത് പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. രാജ്യത്ത് എല്ലായിടത്തും ആഘോഷക്കൂട്ടായ്മകൾക്കു കർശന നിയന്ത്രണം ഉണ്ടായിരുന്ന സമയമായിരുന്നു ഇത്. ഏഴു പേരിൽ കൂടുതൽ ഒന്നിച്ച് കൂടുന്നതിനും ഈ സമയം നിയന്ത്രണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് എസി കോൺഫറൻസ് ഹാളിൽ ഇരുപതോളം പേർ ഒന്നിച്ച് കൂടിയത്.