മസ്‌കറ്റ്: പെട്രോള്‍ സ്റ്റേഷനില്‍ മോഷണ ശ്രമം ചെറുത്ത മലയാളി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. പെട്രോള്‍ സ്റ്റേഷനിലെ മാനേജറായ കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പിനെയാണ് തട്ടിക്കൊണ്ടുപോയത്. ഹഫീസ് ബുറൈമിയില്‍നിന്ന് 20 കിലോമീറ്റര്‍ മാറി സുനീന പ്രദേശത്താണ് സംഭവം.
വെള്ളിയാഴ്ച രാത്രി പത്തിന് ജോലി കഴിഞ്ഞ് ഓഫീസിലേക്ക് കയറിയ ജോണിനെ അക്രമിച്ച് കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇത് ജോണ്‍ ചെറുത്തു. തുടര്‍ന്ന് ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ജോണ്‍ അക്രമിക്കപ്പട്ടതായി സംശയിക്കുന്നുവെന്നും ഇതേ കമ്പനിയുടെ മറ്റൊരു ശാഖയില്‍ ജോലി ചെയ്യുന്ന സുഹൃത്ത് പറഞ്ഞു.
ജോണ്‍ ഫിലിപ്പ് ഒറ്റക്കാണ് പമ്പില്‍ ജോലിക്കുണ്ടായിരുന്നത്. കടയില്‍ നിന്ന് മോഷണം നടന്നിട്ടുണ്ട്. സിസിടിവി അടക്കമുള്ള തെളിവുകളും അക്രമികള്‍ കൊണ്ടുപോയി.