എം.പിമാരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത;കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു

കുവൈത്ത് സിറ്റി: എം.പിമാരും മന്ത്രിമാരും തമ്മിലുള്ള ഭിന്നത രൂക്ഷമായതിനെ തുടര്‍ന്ന് കുവൈത്ത് പാര്‍ലമെന്റ് പിരിച്ചുവിട്ടു. എണ്ണവില വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിലാണ് ശക്തമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നത്. പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി അമീര്‍ ഷൈഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹാണ് ഉത്തരവ് പുറപ്പെടുവിച്ചത്.അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന ശേഷം ഭരണഘടനയുടെ 107ആം വകുപ്പ് പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാന്‍ പ്രധാനമന്ത്രി ഷൈഖ് ജാബര്‍ അല്‍ മുബാറക്ക് അല്‍ സബാഹ് അമീറിനോട് ആവശ്യപ്പെടുകയായിരുന്നു. പാര്‍ലമെന്റിന്റെ കാലാവധി ഒരു വര്‍ഷം ശേഷിക്കെയാണ് കാലാവധി.
പുതിയ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം രണ്ടു മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും. 2013ലാണ് കുവൈത്തില്‍ അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്.ഇന്ധനത്തിന് സര്‍ക്കാര്‍ അനുവദിച്ചിരുന്ന സബ്‌സിഡി വെട്ടിക്കുറച്ചതിനാല്‍ നിലവിലെ വിലയുടെ 80% വില വര്‍ദ്ധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാരും എംപിമാരും തമ്മില്‍ ഭിന്നത രൂക്ഷമായത്.

 

Top