ഡബ്ലിന്‍: താലയില്‍ നിന്ന് എകെ 47 തോക്കും 3 മില്യണ്‍ യൂറോയുടെ ഹെറോയ്‌നും കൊക്കെയ്‌നും പിടികൂടി. ഡ്രഗ്‌സ് ആന്റ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയിലെ ഉദ്യോഗസ്ഥരും താല ഡ്രഗ്‌സ് യൂണിറ്റിലെ ഗാര്‍ഡയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് തോക്കുകളും മയക്കുമരുന്നും പിടികൂടിയത്. താല ഗ്രീന്‍ ഹില്‍സ് റോഡില്‍ ഇന്നലെ വൈകിട്ടാണ് ഒരു വാഹനത്തില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നുകളും കണ്ടെത്തിയത്. വിപണിയില്‍ 3 മില്യണ്‍ യൂറോ വിലവരുന്ന ഹെറോയ്‌നും കൊക്കെയ്‌നുമാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
നാലു ആയുധങ്ങളും വാഹനത്തില്‍ നിന്ന് കണ്ടെടുത്തു. എകെ 47 റൈഫിള്‍, രണ്ട് .22 റൈഫിളുകള്‍, ലോഡ് ചെയ്ത പമ്പ് ആക്ഷന്‍ ഷോട്ട്ഗണ്‍ എന്നിവയ്‌ക്കൊപ്പം സ്‌ഫോടക വസ്തുക്കളും ലഭിച്ചു. സൈലന്‍സറും ടൈലസ്‌കോപ്പിക് സൈറ്റും ഷോട്ട്ഗണ്ണിനൊപ്പം ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. 41 വയസും 31 വയസുമുള്ള ഇവരെ താലഗട്ട് സ്റ്റേഷനില്‍ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ട് കുറ്റങ്ങള്‍ ചുമത്തി കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.