ഡാലസ്: ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (‘ലാന’)യുടെ 2015ലെ ദേശിയ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്‌സില്‍ (ഓ. വി. വിജയന്‍ നഗറില്‍) വെച്ച് ഒക്ടോബര്‍ 30, 31, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതോടനുബന്ധിച്ചുള്ള ലാന സാഹിത്യ അക്കാഡമിയുടെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ചെറുകഥാസമാഹാരം, കവിതാസമാഹാരം, നോവല്‍ എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നടത്തിയ സാഹിത്യ മത്സരത്തില്‍ നിന്നാണ് അവാര്‍ഡിനര്‍ഹരായവരെ തിരഞ്ഞെടുത്തത്. ഏഴ് നോവലുകളും ഏഴ് ചെറുകഥാ സമാഹാരങ്ങളും അഞ്ച് കവിതാ സമാഹാരങ്ങളും അവാര്‍ഡു നിര്‍ണ്ണയത്തിന് പരിഗണിച്ചു.
‘ഡോ: ജോയി ടി. കുഞ്ഞാപ്പു’വിന്റെ ‘അക്ഷരത്താഴിന്റെ നഷ്ട്‌പ്പെട്ട ചാവികള്‍’ കവിതാസമാഹാര വിഭാഗത്തിലും ‘ജോണ്‍ ഇളമത’യുടെ ‘സോക്രട്ടീസ് ഒരു നോവല്‍’ എന്നത് നോവല്‍ വിഭാഗത്തിലും ‘സാംസി കൊടുമണ്‍’ന്റെ ‘ഇസ്മായെലിന്റെ സങ്കീര്‍ത്തനം’ ചെറുകഥാസമാഹാര വിഭാഗത്തിലും അവാര്‍ഡുകള്‍ കരസ്ഥമാക്കി.
ലാന സാഹിത്യ അക്കാഡമി ചെയര്‍മാന്‍ വാസുദേവ് പുളിക്കല്‍, പ്രസിഡണ്ട് ഷാജന്‍ ആനിത്തോട്ടം, സെക്രട്ടറി ജോസ് ഓച്ചാലില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്.
ഡാലസില്‍ നടക്കുന്ന ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (‘ലാന’) യുടെ 2015ലെ ദേശിയ കണ്‍വെന്‍ഷന്‍ വൈസ് ചെയര്‍മാന്‍ എബ്രഹാം തെക്കേമുറി അറിയിച്ചതാണിത്.
വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍