സ്വന്തം ലേഖകൻ
ഡബ്ലിൻ: രാജ്യത്ത് വർണവിവേചനത്തിനും, അതിന്റെ പേരിലുള്ള അക്രമത്തിനും ഇരയാകുന്നവർക്കു സംരക്ഷണം ഉറപ്പാക്കുന്ന റാസിസത്തിനെതിരായ നിയമം പാസാക്കണമെന്നാവശ്യപ്പെട്ട് വലിയ ഹൃദയ വേഷധാരികളായി നിരവധി ആളുകൾ ഒത്തു കൂടി. യൂറോപ്യൻ യൂണിയന്റെ കീഴിലുള്ള മറ്റു രാജ്യങ്ങളിലെല്ലാം നടപ്പാക്കിയ സമാന രീതിയിലുള്ള നിയമം അയർൻഡിലും നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ ഒരു വിഭാഗം പ്രതിഷേധ സമരത്തിന്റെ ഭാഗമായി തെരുവിൽ ഇറങ്ങിയിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള വലിയ ഹൃദയത്തിന്റെ അടയാളം അണിഞ്ഞെത്തിയ ഇവർ സമരത്തിന്റെ ഭാഗമായി ഇതുവഴി നടന്നെത്തിയവരെയെല്ലാം കെട്ടിപ്പിടിച്ചാണ് വർണവിവേചനത്തിനെതിരായ സമരത്തിൽ പങ്കാളികളാക്കിയത്. ഹൃദയത്തിന്റെ നിറം ചുവപ്പാണെന്നും, എല്ലാവരുടെയും രക്തം ഒന്നാണെന്നുമുള്ള സന്ദേശമാണ് ഇവർ ഇതിലൂടെ പങ്കു വച്ചിരുന്നത്.
വർണത്തിന്റെയും, മതത്തിന്റെയും, ലിംഗത്തിന്റെയും വൈകല്യങ്ങളുടെയും പേരിൽ ആളുകൾ രാജ്യത്ത് അതിക്രമത്തിനിരയാകുന്നത് പതിവാണെന്ന ആരോപണമാണ് പ്രക്ഷോഭകാരികൾ ഉയർത്തിയിരിക്കുന്നത്. ഇത്തരത്തിൽ നിയമ നിർമാണം നടത്തണമെന്നു സർക്കാരിനോടു ആവശ്യപ്പെടുന്ന പ്രമേയവും സമരത്തിന്റെ ഭാഗമായി ഒപ്പു വച്ചിരുന്നു. ഇവിടെ മൂവായിരത്തോളം ആളുകളാണ് ഇത്തരത്തിൽ സമരത്തിന്റെ ഭാഗമായുള്ള അജണ്ടയിൽ ഒപ്പു വച്ചിരിക്കുന്നത്. ഇത് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി നടപ്പാക്കുന്നതാണെന്നും ഉയർന്നിട്ടുണ്ട്.
നിലവിൽ യൂറോപ്യൻ യൂണിയനിൽ അയർലൻഡ് മാത്രമാണ് ഇപ്പോൾ വർണ വിവേചനത്തിനെതിരായ നിയമം പാസാക്കാതെയുള്ളത്. ഇത് രാജ്യത്ത് അതിക്രമങ്ങൾ വർധിക്കുന്നതിനു ഇടയാക്കും. യൂറോപ്യൻ യൂണിയനിലും മറ്റു രാജ്യങ്ങളിലും ഇത്തരം ശക്തമായ നിയമങ്ങളുണ്ട്. ഇതിനെ മറികടക്കാൻ അയർലൻഡിൽ അടിയന്തര നിയമ നിർമാണം നടപ്പാക്കേണ്ടതുണ്ടെന്നു ഡയറക്ടർ ഓഫ് യൂറോപ്യൻ നെറ്റ് വർക്ക് എജസ്റ്റ് റാസിസം ഡയറക്ടർ ഷെയ്ൻ ഓ കേറി അറിയിച്ചു.