കോര്‍ക്ക്: ഓഗസ്റ്റ് 25 ന് അയര്‍ലന്‍ഡിലെ കോര്‍ക്കില്‍ അന്തരിച്ച ഏഴു വയസുകാരി ലിയാന ലിജു ജോസഫിന്റെ പൊതുദര്‍ശനം നാളെ. കോര്‍ക്കിലെ ക്രോവിലി ഫ്യൂണറല്‍ ഹോമില്‍ വെച്ച് വൈകിട്ട് 5 മുതല്‍ 6 വരെയാണ് പൊതുദര്‍ശനം നടക്കുക. കോര്‍ക്കിലെ എബനേസര്‍ വര്‍ഷിപ്പ് സെന്ററിന്റെ നേതൃത്വത്തിലാണ് പൊതുദര്‍ശന ശുശ്രൂഷകള്‍ നടക്കുക. മൃതദേഹം പത്തനംതിട്ട തടിയൂര്‍ കടയാര്‍ കാരുവേലില്‍ കണനില്‍ക്കുംകാലയില്‍ വീട്ടില്‍ എത്തിക്കാനായി പ്രവാസിസമൂഹവും വിവിധ ഇന്ത്യന്‍ സംഘടനകളും കൈകോര്‍ത്ത് നില്‍ക്കുകയാണ്. ലിയാനയ്ക്ക് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് മതാപിതാക്കളായ ലിജുവും ജിന്‍സിയും അറിയുന്നത് 2021 ല്‍ അയര്‍ലന്‍ഡില്‍ എത്തിയ ശേഷമായിരുന്നു.
ഡഗ്ലസ് സെന്റ് കൊളമ്പസ് ഗേള്‍സ് നാഷണല്‍ സ്‌കൂളിലെ സീനിയര്‍ ഇന്‍ഫന്റ്‌സ് വിദ്യാര്‍ത്ഥിനിയായിരുന്നു ലിയാന. നാല് വയസുകാരി ഇവാന ലിജു ജോസഫാണ് ഏക സഹോദരി. കോര്‍ക്കില്‍ എബനേസര്‍ സഭയിലെ അംഗങ്ങളാണ് ലിയാനയുടെ മാതാപിതാക്കള്‍. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായുള്ള തുടര്‍നടപടി ക്രമങ്ങള്‍ക്ക് കോര്‍ക്കിലെ വിവിധ ഇന്ത്യന്‍ സംഘടനകള്‍ സംയുക്തമായാണ് നേതൃത്വം നല്‍കുന്നത്.