സ്വന്തം ലേഖകൻ
ഡബ്ലിൻ:മോർട്ട്‌ഗേജിലെ പുതിയ നിയമങ്ങൾ നിലവിലെ ഭവനപ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതായി റിപ്പോർട്ട്. പലർക്കും പ്രത്യേകിച്ച് യുവസമൂഹത്തിന് പുതിയ നിയമങ്ങൾ കാരണം വീട് വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുതിച്ചുയരുന്ന വാടക, മോർട്ട്‌ഗേജ് ലഭിക്കാനുള്ള നൂലാമാലകൾ, കോൺട്രാക്ട് വർക്കുകളുടെ ആധിക്യം എന്നിവ ആദ്യമായി വീടു വാങ്ങുന്ന ചെറുപ്പക്കാരെ പിന്നോട്ടടിക്കുന്നു.
അതേസമയം വാടകവീടുകളെക്കാൾ നിലവിൽ വീടുകൾ വാങ്ങുന്നതു തന്നെയാണ് ലാഭം എന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വാടകയ്ക്ക് മാസാമാസം ചെലവാക്കുന്ന തുക ഒന്നിച്ച് നൽകിയാൽ ഒരു വീട് സ്വന്തമാക്കാൻ വലിയ വിഷമമുണ്ടാകില്ല.
നിലവിലെ പലിശനിരക്ക് സെൻട്രൽ ബാങ്ക് 2% വർദ്ധിപ്പിച്ചത് ചെറുപ്പക്കാരോടുള്ള പരിഹാസമാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതു കാരണം മാസം 2,388 യൂറോയോളം മോർട്ട്‌ഗേജ് നൽകേണ്ടി വരുമെന്നും വിദഗ്ദ്ധർ കണക്കുകൂട്ടുന്നു. നിലവിൽ ശരാശരി 2,097 യൂറോയാണ് മോർട്ട്‌ഗേജ്.
ഇത്തരം പുതിയ നിയമങ്ങളും നിയന്ത്രണങ്ങളും സ്വന്തമായി വീടു പോലുമില്ലാത്ത, കെട്ടുറപ്പില്ലാത്ത തലമുറയെയാണ് സൃഷ്ടിക്കുക എന്നും വിദഗ്ദ്ധർ മുന്നറിയിപ്പു നൽകുന്നു. സെൻട്രൽ ബാങ്കിന്റെ പലിശനിരക്ക് സമീപനം രാജ്യത്ത് ഉള്ളവർ, ഇല്ലാത്തവർ എന്ന അകലം വർദ്ധിക്കാനും കാരണമാകും.