രണ്ട് വര്‍ഷം മുമ്പാണ് ആഫ്രിക്കന്‍ വംശജനായ മേയ്ഗ് എന്ന യുവാവ് കാനഡയിലേക്ക് കുടിയേറി പാര്‍ക്കുന്നത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ കാനഡയില്‍ നിന്നുമെടുത്ത രണ്ട് ലോട്ടറിയിലും ഭാഗ്യം ഇദ്ദേഹത്തെ തുണച്ചു. ഭാഗ്യദേവത തുടര്‍ച്ചയായി കടാക്ഷിച്ചപ്പോള്‍ മേയ്ഗിന് കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് ലഭിച്ചത് 3.5 മില്യണ്‍ കനേഡഡിയന്‍ ഡോളര്‍. അതായത് ഏകദേശം പത്തൊന്‍പത് കോടി രൂപ.
ലോട്ടറി ലഭിച്ച തുക കൊണ്ട് എന്ത് ചെയ്യാനാണ് ഉദ്ദേശമെന്ന് ചോദിച്ച വെസ്‌റ്റേണ്‍ കാനഡ ലോട്ടറി കോര്‍പ്പറേഷനോട് മേയ്ഗ് പറഞ്ഞത് ഇങ്ങനെ. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാന്‍ പഠിക്കണം, ഒപ്പം മരപ്പണി പോലെ ഉപയോഗപ്രദമായ ഒരു തൊഴിലും പഠിക്കണം.
പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും രണ്ട് വര്‍ഷം മുമ്പാണ് മേയ്ഗ് കാനഡയിലേക്ക് കുടിയേറിയത്. ഏപ്രില്‍ മാസത്തില്‍ മെയ്ഗ് ആദ്യമായി വാങ്ങിയ ടിക്കറ്റിന് 1.5 മില്യണ്‍ ഡോളര്‍ സമ്മാനമായി ലഭിച്ചിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മാസമാണ് രണ്ടാമതായി ഒരു ടിക്കറ്റ് കൂടി വാങ്ങുന്നത്. ഈ ടിക്കറ്റിന് വീണ്ടും രണ്ട് മില്യണ്‍ ഡോളര്‍ കൂടി സമ്മാനം ലഭിച്ചു.
ആദ്യത്തെ സമ്മാനതുകയായി ലഭിച്ച പണം ഉപയോഗിച്ച് ഭാര്യക്കും മക്കള്‍ക്കുമായി പുതിയ വീട് വാങ്ങി. രണ്ടാം ലോട്ടറി സമ്മാനമായ തുക ഉപയോഗിച്ച് പുതിയ ബിസിനസ് തുടങ്ങാനുള്ള ഉദ്ദേശത്തിലാണ് മെയ്ഗ്. ലോട്ടറി അടിച്ച രണ്ട് തവണയും മെയ്ഗിന് ലോട്ടറി അടിക്കാനുള്ള സാധ്യത വളരെ കുറവായിരുന്നുവെന്നും ചെറിയ കാലയളവിനുള്ളില്‍ രണ്ട് തവണ ലോട്ടറി ലഭിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് വരികയാണെന്നും കാനഡ ലോട്ടറി കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.