ഗയാനയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജനായ നന്ദ്‌ലാല്‍ മംഗളിനു (42) 245.6 മില്യന്‍ പവര്‍ ബോള്‍ സമ്മാനം. ഇത്രയും തുകക്കുള്ള ലോട്ടറി മുന്‍പ് ഒരു ഇന്ത്യന്‍ വംശജനു ലഭിച്ചതായി കേട്ടിട്ടില്ല. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ കണ്‍സ്ട്രക്ഷന്‍ തൊഴിലാളിയാണു മംഗള്‍. ലോട്ടറി തുക 100 മില്യന്‍ ആകുമ്പോഴാണു താന്‍ ടിക്കറ്റ് എടുക്കാറെന്നു മംഗള്‍ പറയുന്നു.
അങ്ങനെ ഈ ഓഗസ്റ്റ് 11-നു ആറു ഡോളറിന്റെ ക്വിക്ക് പിക്ക് ടിക്കറ്റ് ഹൈലന്‍ ബുലവാര്‍ഡിലെ സ്റ്റോപ്പ് ആന്‍ഡ് ഷോപ്പില്‍ നിന്നു വാങ്ങി. അത് കിച്ചനിലെ മേശപ്പുറത്തു വച്ചു. അതിനു ശേഷം ഒരാഴ്ച സ്ഥലത്തില്ലായിരുന്നു. തിരിച്ചു വന്ന് വെബ് സൈറ്റ് നോക്കുമ്പോള്‍ ലോട്ടറി അടിച്ചിരിക്കുന്നു. ടിക്കറ്റ് ഒരുസേഫ്ടി ഡിപ്പോസിറ്റ് ബോക്‌സില്‍ വച്ച ശേഷം ഒരാളെയെ വിളിച്ചുള്ളു. വക്കീലിനെ.
അതിനു ശേഷം പതിവു പോലെ ഏതാനും നാള്‍ കൂടി ജോലിക്കു പോയി. വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ ഒരു സംശയവുമില്ല. പക്ഷെ ന്യു യോര്‍ക്ക് നിയമം അനുസരിച്ച് വിജയി നേരിട്ട് വന്ന് തുക വാങ്ങണം. അങ്ങനെ വാങ്ങാനെത്തിയതോടെ വിവരം പരസ്യമായി. തുക ഒരു ട്രസ്റ്റിലാണു നിക്ഷേപിക്കുക. ടാക്‌സ്, മറ്റു കിഴിക്കലുകള്‍ എല്ലാം കഴിഞ്ഞു ഒറ്റ തവണയായി 100 മില്യനോളം തുകയാണു ട്രസ്റ്റില്‍ വന്നിരിക്കുന്നത്
കുറച്ചു യാത്ര ചെയ്യാന്‍ പുതിയ മില്യനര്‍ക്കു പ്ലാനുണ്ട്. ഹാവായിയില്‍ പോകണം.