സ്പാല്‍ഡിംഗിലെ അമ്മയെയും മകളെയും കുത്തിക്കൊന്ന കേസില്‍ പിടിയിലായ 14 വയസുള്ള കാമുകീകാകുകന്മാരെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. എലിസബത്ത് എഡ്വാര്‍ഡ്‌സ്(49) അവരുടെ 13കാരിയായ മകള്‍ കാത്തിയുമാണ് കൊല്ലപ്പെട്ടത്. അവരുടെ വീട്ടില്‍ വച്ചാണ് ഇവര്‍ കുത്തേറ്റ് മരിച്ചത്. കൗമാരക്കാര്‍ ചെയ്ത ഈ പാതകത്തില്‍ വിശ്വസിക്കാനാവാതെ ബ്രിട്ടന്‍ പകച്ച് നില്‍ക്കുകയാണ്.
ലിന്‍കോളിന്‍ യൂത്ത് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയിരിക്കുന്നത്. കൊലപാതകക്കുറ്റം ചുമത്തപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ജോഡികളിലൊന്നാണിവര്‍. ശനിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ച സ്പാല്‍ഡിംഗിലെ എലിസബത്തിന്റെ വീട്ടില്‍ നിന്നും വാഗ്വാദങ്ങളും ഗ്ലാസുകള്‍ എറിഞ്ഞ് പൊട്ടിക്കുന്ന ശബ്ദവും കേട്ടിരുന്നുവെന്നാണ് അയല്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയിരുന്നത്.കൊലപാതകികളായ കാമുകീകാമുകന്മാരെ വെള്ളിയാഴ്ച തന്നെ കണ്ടെത്തിയിരുന്നുവെങ്കിലും മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിലൂടെ സ്ഥിരീകരിക്കപ്പെടുന്നത് വരെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നില്ല.
എപ്പോഴും സന്തോഷത്തോടെയും ചിരിയോടെയും എല്ലാവരോടും പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നു കൊല്ലപ്പെട്ട എലിസബത്ത്. ഒരു പ്രൈമറി സ്‌കൂളിലാണിവര്‍ ജോലി ചെയ്യുന്നത്. കാത്തിക്ക് പുറമെ കിം, മേരി കോട്ടിങ്ഹാം എന്നീ പെണ്‍മക്കളും ഇവര്‍ക്കുണ്ട്. ഇതില്‍ 27കാരിയായ മേരി ഭര്‍ത്താവിനൊപ്പമാണ് കഴിയുന്നത്.കാത്തിയുടെ പിതാവായ പീറ്റര്‍ എഡ്വാര്‍ഡ്‌സ് എന്ന 43കാരന്‍ ഇവരില്‍ നിന്ന് വേര്‍പെട്ടാണ് കഴിയുന്നത്.
കൊല ചെയ്യപ്പെട്ട അമ്മയ്ക്കും മകള്‍ക്കു ആദരാജ്ഞലി അര്‍പ്പിച്ച് കൊണ്ട് ഡസന്‍ കണക്കിന് ബൊക്കെകളും ടെഡിബീയറുകളും ഇവരുടെ വീടിന്റെ പുല്‍ത്തകിടിയില്‍ ശനിയാഴ്ച സമര്‍പ്പിക്കപ്പെട്ടിരുന്നു. സെന്റ് പോള്‍സ് പാരിഷ് ചര്‍ച്ചില്‍ എലിസബത്ത് ഡ്രാമ, കൊയര്‍ ക്ലാസുകള്‍ നടത്തിയിരുന്നു. എലിസബത്ത് വളരെ ബുദ്ധിമതിയായിരുന്നുവെന്നാണ് അവിടുത്തെ പുരോഹിതനായ റവറന്റ് മൈക്ക് ചെഷെര്‍ ഓര്‍ക്കുന്നത്. അവരില്ലാതെ ഇനി എങ്ങനെ ക്ലാസുകള്‍ മുന്നോട്ട് കൊണ്ടു പോകുമെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം വേദനയോടെ പറയുന്നു.
എലിസബത്തിന്റെ പാര്‍ട്ട്ണറായ ഗ്രഹാം ഗ്രീന്‍ ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇദ്ദേഹം ഇവരൊടൊപ്പമല്ല കഴിയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ അത്യന്തം അസാധാരണമാണെന്നാണ് ലിന്‍കോളന്‍ ഷെയര്‍ പൊലീസിലെ സൂപ്രണട്ായ പോല്‍ തിമിന്‍സ് പറയുന്നത്. ഇത് തീര്‍ത്തും ഒറ്റപ്പെട്ട സംഭവമാണെന്നും അദ്ദേഹം പറയുന്നു. സംഭവത്തെക്കുറിച്ച് എല്ലാതുറകളിലുമുള്ള അന്വേഷണം സജീവമായി നടത്തുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.