സാമൂഹിക സേവനവും ജീവകാരുണ്യവും നിർവ്വഹിക്കുന്ന പ്രവാസി ഭാരതീയർക്കായി പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയിട്ടുള്ള ‘മഹാത്മാഗാന്ധി സമ്മാൻ’ പ്രശസ്ത പ്രവാസി ഭാരതീയനും വ്യവസായപ്രമുഖനും ജീവകാരുണ്യപ്രവർത്തകനുമായ പത്മശ്രീ എം.എ. യൂസഫലി അർഹനായി
ജീവകാരുണ്യവും തൊഴിലവസരങ്ങളും സമൂഹത്തിന് വേണ്ടി സമർപ്പിക്കുന്ന വ്യക്തികൾക്കായി പത്തനാപുരം ഗാന്ധിഭവൻ ഏർപ്പെടുത്തിയതാണീ പുരസ്‌കാരം.
രണ്ടുവർഷത്തിൽ ഒരിക്കൽ നൽകുന്ന മഹാത്മാഗാന്ധി സമ്മാൻ കഴിഞ്ഞ തവണ ലഭിച്ചത് പ്രവാസി വ്യവസായിയായ പത്മശ്രീ സി.കെ. മേനോന് ആയിരുന്നു
ഇത്തവണ പുരസ്‌കാരത്തിന് അർഹനായ എം.എ. യൂസഫലി ആഗോള വ്യവസായ രംഗത്ത് ഏറ്റവും ആദരണീയരായ ഭാരതീയരിൽ പ്രമുഖനാണ്. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് അദ്ദേഹം. ഷോപ്പിംഗ് മാളുകളുടെയും ലുലു ഹൈപ്പർ മാർക്കറ്റുകളുടെയും കണ്ണികളായ 127 ചില്ലറ വിൽപ്പനകേന്ദ്രങ്ങളുടെ ഒരു ആഗോള വ്യവസായ ശൃഖലതന്നെ ലുലു ഗ്രൂപ്പിനുണ്ട്. 37 രാജ്യങ്ങളിൽ നിന്നുള്ള 40000 ലേറെ തൊഴിലാളികൾ ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പ്രത്യേകിച്ച് കേരളീയർ ജോലിചെയ്യുന്നത് ഈ വ്യവസായ ശൃഘലയിലാണ്
2008 ൽ പത്മശ്രീയും 2005 ൽ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാരവും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു.
ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നിരവധി സാമൂഹിക ജീവകാരുണ്യ മാനവിക പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവ പങ്കാളിയാണ്. യു.എ.ഇ യിൽ ഹൈന്ദവർക്കായി ശ്മശാനങ്ങൾ ഏർപ്പെടുത്തിയതും ക്രൈസ്തവർക്ക് പള്ളികൾ നിർമ്മിക്കാൻ സൗജന്യ ഭൂമി നൽകിയതും ഗൾഫ് അധികൃതരുമായി അദ്ദേഹത്തിനുള്ള സ്വാധീനം കൊണ്ടായിരുന്നു.
ഇന്ത്യയിൽ പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായപ്പോൾ ഗൾഫിൽ നിന്ന് വൻതോതിൽ ദുരിതാശ്വാസ നടപടികൾ സംഘടിപ്പിക്കുന്നതിൽ അദ്ദേഹത്തിലെ മനുഷ്യസ്‌നേഹിയാണ് മുന്നിൽ നിന്നത്. കോഴിക്കോട് മാർക്കറ്റിലെ അഗ്‌നിബാധയിൽ ഉപജീവനം നഷ്ടപ്പെട്ട ആയിരങ്ങളെ പുനരധിവസിപ്പിക്കാൻ ആദ്യം സംഭാവന നൽകിയത് യൂസഫലി ആയിരുന്നു. പരവൂർ ക്ഷേത്ര ദുരന്തത്തിനിരയായവർക്കും ഗൾഫിൽ പൊതുമാപ്പ് പ്രഖ്യാപിച്ച ഘട്ടത്തിൽ നാട്ടിൽ പോകാൻ നിവൃത്തിയില്ലാതെ വലഞ്ഞവർക്കും സഹായം നൽകിയത് യൂസഫലി തന്നെ. ഇപ്പോൾ സൗദി അറേബ്യയിൽ തൊഴിൽ നഷ്ടമായ മലയാളികൾക്കും അദ്ദേഹം തുണയായി.
ആഗസ്റ്റ് 20 ന് ഉച്ചയ്ക്ക് 2.30 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. അവാർഡ് നിർണ്ണയ കമ്മറ്റി ചെയർമാനും മുൻ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ടി.കെ.എ. നായർ, അവാർഡു കമ്മറ്റി അംഗവും പി.ആർ.ഡി മുൻ ഡയറക്ടറുമായ പ്രൊഫ. ജി.എൻ. പണിക്കർ ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ എന്നിവർ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.