യൂസഫലിയെ നയിച്ച മൂന്നു ഉപദേശങ്ങൾ: പ്രവാസി ചാനലിന്റെ ‘മലയാളി ഓഫ് ദി ഇയർ’ അവാർഡ് ഏറ്റുവാങ്ങി

സ്വന്തം ലേഖകൻ

ന്യൂയോർക്ക്: ചരിത്രത്തിൽ ഒരു മലയാളിക്കും ആർജ്ജിക്കാനാവാത്ത സമ്പത്തിന്റെ ഉടമയായ പത്മശ്രീ ഡോ. എം.എ. യൂസഫലി, പ്രവാസി ചാനലിന്റെ ‘മലയാളി ഓഫ് ദി ഇയർ’ അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നടത്തിയ പ്രസംഗത്തിൽ മൂന്നു കാര്യങ്ങൾ അക്കമിട്ട് നിരത്തി. ഇന്ത്യയിലെ അതിസമ്പന്നരിൽ ഇരുപത്തിനാലാം സ്ഥാനവും, ലോകത്തിൽ ഇരുനൂറ്റി എഴുപതാം (270) സ്ഥാനവുമുള്ള യൂസഫലി ഉയർച്ചയുടെ പടവുകൾ കയറിയതിന്റെ പിന്നിലെ തത്വചിന്തയുടെ മിന്നലാട്ടവും അതിലടങ്ങിയിരിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൃശൂരിനടുത്ത നാട്ടികയുടെ പേര് ചക്രവാളസീമയ്ക്കുമപ്പുറത്ത് എത്തിച്ച യൂസഫലിയെ ചെറുപ്പത്തിൽ വളർത്തിയത് മുത്തച്ഛനായിരുന്നു. അദ്ദേഹമാണ് മൂന്നു കാര്യങ്ങൾ പറഞ്ഞു കൊടുത്തത്. എത്ര വലുതായാലും മറ്റുള്ളവർ ചെറുതാണ് എന്നു വിചാരിക്കരുത് എന്നതായിരുന്നു ആദ്യത്തേത്. അങ്ങനെ വിചാരിക്കാൻ തുടങ്ങിയാൽ അന്ന് നിന്റെ അധോഗതി ആരംഭിക്കും. ആരുടെ മുന്നിലും വിനയാന്വിതമായി നിൽക്കാൻ മടിക്കാത്ത യൂസഫലി അത് അക്ഷരംപ്രതി പാലിക്കുന്നു.

അർഹതയില്ലാതെ മറ്റുള്ളവരുടെ ഒരു രൂപ പോലും തിന്നരുത്. കബളിപ്പിച്ചോ, തട്ടിച്ചോ ഒരു രൂപ പോലും ഉണ്ടാക്കരുത്. എനിക്ക് കബറിൽ സമാധാനമായി കിടക്കാനുള്ളതാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ ഉപദേശം.

അശരണരും സഹായം അർഹിക്കുന്നവരുമായവരെ സഹായിക്കാൻ മടികാട്ടരുതെന്നായിരുന്നു മൂന്നാമത്തേത്. അങ്ങനെ ചെയ്താൽ കബറിൽ കിടക്കുമ്പോൾ തനിക്ക് സമാധാനം കിട്ടുമെന്നു പിതാമഹൻ പറഞ്ഞു.

പലപ്പോഴും തന്റെ വിജയരഹസ്യം പലരും ചോദിക്കാറുണ്ട്. ഈ ചിന്തകളാണ് താൻ പങ്കുവെയ്ക്കാറ്. അതു പോലെകഠിനാധ്വാനവും മറക്കുന്നില്ല.

ഈ രാജ്യത്ത് ജീവിക്കുമ്പോൾ ഇവിടുത്തെ നന്മയ്ക്കുവേണ്ടി പ്രവർത്തിക്കണം. ഈ രാജ്യമാണ് നമ്മുടെ ബ്രഡ്ഡും ബട്ടറും എന്നതു മറക്കരുത്. ഈ രാജ്യത്തിനു നന്മയുണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

പരസ്പരമുള്ള സൗഹൃദവും സ്‌നേഹവും കാക്കുകയും, മലയാള ഭാഷയും സംസ്‌കാരവും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള കടമയും പ്രവാസികൾക്കുണ്ടെന്നദ്ദേഹം ചൂണ്ടിക്കാട്ടി. കുട്ടികൾ കേരളത്തിലേക്ക് മടങ്ങിപ്പോകാൻ ഇഷ്ടപ്പെടുന്നില്ല. നമ്മുടെ തലമുറ കഴിഞ്ഞാൽ പിന്നെ കേരളത്തെ മറക്കുന്ന സ്ഥിതി വരരുത്. നാട്ടിൽ ഇത്രയ്ക്ക് സൗകര്യമില്ലായിരിക്കാം. പക്ഷെ ഇടയ്ക്കിടെ അവരെ കേരളത്തിൽ കൊണ്ടുവരണം. നമ്മുടെ മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും കാണിച്ചുകൊടുക്കുകയും വേണം.

കേരളത്തിന്റെ മനോഹാരിത അവർ കാണട്ടെ. ‘എവിടെ തിരിഞ്ഞു നോക്കിയാലും അവിടൊക്കെ പൂമരങ്ങൾ….’ എന്ന ചന്മ്ഗമ്പുഴയുടെ പദ്യശകലവും അദ്ദേഹം ചൊല്ലി.

കേരളത്തിൽ പോരായ്മകളുണ്ട്. എന്നാലുംഅത് നമ്മുടെ നാടാണ്. കേരളത്തിന്റെ ഉന്നമനത്തിനുവേണ്ടിയും പ്രവർത്തിക്കാൻ നമുക്ക് കടമയുണ്ട്. ഒരു പങ്ക് കേരളത്തിൽ നിക്ഷേപിക്കാൻ ശ്രമിക്കണം. അതു തിരിച്ചു കിട്ടുന്നതാണോ എന്ന് ഉറപ്പുവരുത്തുകയും വേണം അദ്ദേഹം പറഞ്ഞു.

പ്രവാസി ചാനൽ സാരഥികളായ ജോൺ ടൈറ്റസ്, വർക്കി എബ്രഹാം, ബേബി ഊരാളിൽ, സുനിൽ ട്രൈസ്റ്റാർ, ജോർജ് നെടിയകാലയിൽ, ഫൊക്കാന ഫോമ പ്രസിഡന്റുമാരുടെയും സാന്നിധ്യത്തിൽ മൻഹാട്ടനിലെ ലോക പ്രശസ്തമായ റഷ്യൻ ടീ റൂമിലെ അഭിജാത സദസിനെയുംസാക്ഷിനിർത്തി മൻഹാട്ടൻചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ കെൻ ബെവരാജ് ‘മലയാളി മാൻ ഓഫ് ദി ഇയർ’ എം.എ.യൂസഫലിക്ക് അവാർഡ് സമ്മാനിച്ചു.

ചടങ്ങിൽ വച്ച് നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് ന്യൂജേഴ്‌സിയിലെ പ്രമുഖ വ്യവസായി ദിലീപ് വെർഗീസിനു യൂസഫലി സമ്മാനിച്ചു. അസറ്റ് ഹോം ഫൗണ്ടർ സുനിൽ കുമാറിനു ‘എന്റർപ്രണർ ഓഫ് ദി ഇയർ’ അവാർഡും ചടങ്ങിൽ സമ്മാനിച്ചു.കമ്യൂണിറ്റി സർവീസിനുള്ള അവാർഡ് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ എന്നിവർക്കും, മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് ഡോ. കൃഷ്ണകിഷോറിനും (ഏഷ്യാനെറ്റ്) സമ്മാനിച്ചു.

പ്രവാസി ചാനൽ പ്രസിഡന്റ്‌ബേബി ഊരാളിൽ എല്ലാവരേയും സ്വാഗതം ചെയ്തു. കൂടുതൽ വലിയ സദസിനു മുന്നിൽ പരിപാടി നടത്താനിരുന്നതാണെന്നും എന്നാൽ യൂസഫലിയുടെ അസൗകര്യം മൂലം വേദി മൻഹാട്ടനിലാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ചാനലും യുണൈറ്റഡ് മീഡിയയും ചെയ്യുന്ന പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു. നാട്ടിലെ ചാനലുകളുടെ വിതരണത്തിനു പുറമെ അമേരിക്കൻ മലയാളികളുടെ സ്വന്തം ചാനലായ പ്രവാസി ചാനലിലൂടെ മലയാളികളെ പരസ്പരം ബന്ധപ്പെടുത്താനും കലയ്ക്കും സംസ്‌കാരത്തിനുംവേണ്ടി ഒന്നിക്കാനും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

കോൺസൽ ദേവദാസൻ നായർ ആശംസകൾ നേർന്നു. പ്രവാസി ചാനൽ പാർട്ട്ണർ ജോൺ ടൈറ്റസിന്റെ പ്രസംഗത്തിൽ വോട്ടു ചെയ്യേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. സിയാറ്റിലിൽ നിന്നു മത്സരിക്കുന്ന പ്രമീള ജയപാൽ മേനോൻ കോൺഗ്രസിലേക്ക് വിജയിക്കാൻ ഏറെ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.

ചാനലിന്റെ ജോലിക്കാർക്കും അതുമായി സഹകരിക്കുന്നവർക്കും ചെയർമാൻ വർക്കി ഏബ്രഹാം നന്ദി പറഞ്ഞു. പ്രവാസി ചാനൽ മാനേജിംഗ് ഡയറക്ടർ സുനിൽ ്രൈടസ്റ്റാർ അമേരിക്കൻ മലയാളി സമൂഹം നൽകുന്ന സഹകരണത്തിന് നന്ദി പറഞ്ഞു. ചാനലിന്റെ പ്രവർത്തനങ്ങൾ വിവരിക്കുകയും ചെയ്തു. ചാനലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോയി നെടിയകാലാ തുടങ്ങിയവരും പങ്കെടുത്തു.

തന്റെ സ്വദേശമായ കാഞ്ഞാണിക്കടുത്തുള്ള നാട്ടിക സ്വദേശിയായ യൂസഫലിയിൽ നിന്നും നോർത്ത് അമേരിക്കൻ മലയാളി ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു ദിലീപ് വർഗീസ് പറഞ്ഞു. അവാർഡ് സ്വീകരിക്കാൻ ക്ഷണിച്ചപ്പോൾ അമ്പരപ്പാണ് തോന്നിയത്. ഇതു മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു. ശ്രീധരൻ നായർ, അനിയൻ ജോർജ്, മിത്രാസ് രാജൻ, ജിബി തോമസ്, ആനി ലിബു തുടങ്ങിയ സുഹൃത്തുക്കളേയും അദ്ദേഹം അനുസ്മരിച്ചു.

75 പ്രൊജക്ടുകൾ പൂർത്തിയാക്കിയ അസറ്റ് ഹോംസിന്റെ ചെയർമാൻ സുനിൽകുമാർ കെൻ ബെവരാജിൽ നിന്നു അവാർഡ് ഏറ്റുവാങ്ങി. കേരളത്തിൽ വിശ്വാസ്യതയുടെ പര്യായമാണ് അസറ്റ് ഹോംസ് എന്ന് ലഭിച്ച അവാർഡുകളും സാക്ഷ്യപത്രങ്ങളും തെളിയിക്കുന്നു.

പ്രവീണ മേനോൻ ആയിരുന്നു എം.സി , ഫാൻസിമോൾ പള്ളാത്തുമഠം വർക്കി അബ്രഹാമിനെ സദസ്സിനു പരിചയപ്പെടുത്തി. ആനി ലിബു പ്രോഗ്രാമിന്റെ കോ ഓർഡിനേറ്റർ ആയിരുന്നു. അനിതാ കൃഷ്ണ ഗാനങ്ങളാലപിച്ചു.

Top