മസ്‌ക്കറ്റ്: സലാലയില്‍ കൊലപ്പെട്ട മലയാളി നഴ്‌സിന്റെ ഘാതകര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുമ്പോളും രണ്ടാഴ്ച്ചയിലധികമായി ഭര്‍ത്താവ് ലിന്‍സണ്‍ പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. ഭര്‍ത്താവിന് കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് വ്യത്തമാക്കുമ്പോഴും പ്രതികളെ പിടികൂടാന്‍ വൈകുന്നത് ലിന്‍സന് കുരുക്കായി മാറുന്നു.
ഭാര്യയെ രക്ഷിക്കാനുള്ള വെപ്രാളത്തില്‍ ചെയ്ത കാര്യങ്ങളാണ് ലിന്‍സണെ സംശയ നിഴലില്‍ ആക്കിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വിരലടയാളങ്ങള്‍ കൊലപാതകം നടന്ന മുറിയില്‍ പതിഞ്ഞിരുന്നു. ഇതുകൊണ്ട് കൂടിയാണ് ലിന്‍സണെ ഒമാന്‍ പൊലീസ് വിട്ടയയ്ക്കാത്തത്. റോയല്‍ ഒമാന്‍ പൊലീസ് ഇന്ത്യന്‍ എംബസിയുമായി മാത്രമേ കൂടുതല്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കുകുന്നുള്ളൂ. അതില്‍ ലിന്‍സണെ കുറ്റവിമുക്തനാക്കാനുള്ള സമയമായിട്ടില്ലെന്നാണ് സൂചന. ഇതേ കേസില്‍ കസ്റ്റഡിയിലായിരുന്ന പാക്കിസ്ഥാനിയെ ഒമാന്‍ പൊലീസ് വിട്ടയച്ചിരുന്നു.
ഇത് ബന്ധുക്കളേയും ആശങ്കയിലാക്കുകയാണ്. പതിനെട്ട് ദിവസമായി ഒമാന്‍ പൊലീസിന്റെ കസ്റ്റഡിയിലാണ് ലിന്‍സണ്‍. ഇത് ഒമാനിലെ പ്രവാസികളില്‍ ആശങ്ക സജീവമാക്കിയിട്ടുണ്ട്. നയതന്ത്രനീക്കവും ഫലം കാണാത്തതാണ് ഇതിന് കാരണം.കാര്യങ്ങള്‍ ഒമാന്‍ പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെയാണ്: ഒരേ ആശുപത്രിയിലെ ജീവനക്കാരായ ചിക്കുവും ഭര്‍ത്താവ് ചങ്ങനാശേരി മാടപ്പിള്ളി വെങ്കോട്ട ആഞ്ഞിലിപ്പറമ്പില്‍ ലിന്‍സനും താമസിക്കുന്ന ഫ്‌ലാറ്റ് ആശുപത്രിയുടെ എതിര്‍വശത്താണ്. മൂന്നു നിലയുള്ള ഫ്‌ലാറ്റിലെ ഒന്നാം നിലയിലാണ് ഇവരുടെ താമസം. രാത്രി 10 മണിക്ക് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു ആശുപത്രിയില്‍ എത്താതിരുന്നതിനെത്തുടര്‍ന്ന് ആശുപത്രിയില്‍നിന്നുഃ ലിന്‍സണ്‍ ഫ്‌ലാറ്റില്‍ അന്വേഷിച്ചു ചെന്നു. സാധാരണ 9.55ന് ആശുപത്രിയിലെത്തി പഞ്ച് ചെയ്യേണ്ടതുണ്ട്. ഫ്‌ലാറ്റിന്റെ വാതില്‍ പൂട്ടിയിരിക്കുകയായിരുന്നു. ചിക്കുവിന്റെയും ലിന്‍സന്റെയും കയ്യില്‍ ഓരോ താക്കോല്‍ വീതം സൂക്ഷിച്ചിട്ടുണ്ട്. ലിന്‍സണ്‍ താക്കോലിട്ട് വാതില്‍ തുറന്നു. ബെഡ്‌റൂമിന്റെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. കട്ടിലില്‍ പുതപ്പിട്ട് മൂടിയ നിലയിലായിരുന്നു ചിക്കു.
ചിക്കു റോബര്‍ട്ടിന്റെ മൃതേദഹം കൊണ്ടു പോകുന്നതിനോടൊപ്പം നാട്ടിലേക്ക് പോകാന്‍ ലിന്‍സന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അനുമതി ലഭിക്കാത്തതിനാല്‍ ലിന്‍സന് പോകാന്‍ സാധിച്ചിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസ്സമായത്. ഈ മാസം ഒന്നിനാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അടിവയറ്റിലും കുത്തേറ്റ നിലയിലായിരുന്നു ചിക്കുവിന്റെ മൃതദേഹം കണ്ടെത്തിയത്. അതിനാല്‍ മോഷണത്തിന് അപ്പുറമുള്ള കൊലപാതകമായി ഇതിനെ ഒമാന്‍ പൊലീസ് വിലയിരുത്തുന്നു. ഇതാണ് ലിന്‍സണെ വിട്ടയയ്ക്കാത്തതിന് കാരണം.
ചിക്കുവിന്റെ ദേഹത്തുണ്ടായിരുന്ന 12 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. കാതുകള്‍ അറുത്തെടുത്ത നിലയിലാണ് കാണപ്പെട്ടത്. ദേഹമാസകലം കുത്തേറ്റിട്ടുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. കൊലയാളിയുടെ കുത്ത് തടുത്തതുപോലെയുള്ള പാടുകള്‍ ഇരുകൈകളിലുമുണ്ട്. കിടപ്പുമുറിയുടെ ജനല്‍ തുറന്നുകിടക്കുകയായിരുന്നു. മുറിക്കുള്ളില്‍ കടക്കാവുന്ന വിധത്തില്‍ വിസ്താരമുള്ള ജനലുകളാണ്. പരിശോധനയ്‌ക്കെത്തിയ നായ ജനലിന് ഉള്ളിലൂടെ പുറത്തേക്കു ചാടി സമീപത്തെ മതില്‍ വരെ ഓടി. ചിക്കു ഉപയോഗിച്ചിരുന്ന താക്കോല്‍ കിടപ്പുമുറിയില്‍ നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊലപാതകത്തിനു ശേഷം അക്രമി ചിക്കു കിടന്ന മുറിയുടെ വാതിലും വീടും പുറത്തുനിന്നും പൂട്ടിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഭര്‍ത്താവ് ലിന്‍സണ്‍ വന്നപോള്‍ അടച്ചു പൂട്ടിയ മുറിയാണ് കണ്ടത്. കഴിഞ്ഞ 20 നാണ് കറുകുറ്റി തെക്കേല്‍ അയിരൂക്കാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു (27) നെ താമസസ്ഥലത്തുകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതായാണ് വിവരം. ദിവസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ എയര്‍വേയ്‌സ് വിമാനത്തിലാണ് മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചത്. സംസ്‌കാരവും നടന്നു.